പോര്‍ട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം എകദിനത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. എട്ട് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വെറും 211 റണ്‍സിന് ഓള് ഔട്ടായി. ഇന്ത്യ ഉയര്‍ത്തിയ ലക്ഷ്യം മറികടക്കാൻ ദക്ഷിണാഫ്രിക്കയ്ക്ക് 42.3 ഓവര്‍ മതിയായിരുന്നു. മത്സരത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബൗളിംഗ് തിരഞ്ഞെടുത്തു. ആദ്യ പന്തില്‍ ബൗണ്ടറി നേടിയ ഓപ്പണര്‍ റുതുരാജ് ഗെയ്ക്ക്വാദ് രണ്ടാം പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങി പുറത്തായി. പിന്നാലെ വന്ന തിലക് വര്‍മ്മ അമിത സമ്മര്‍ദ്ദത്തിലായിരുന്നു. 30 പന്തില്‍ 10 റണ്‍സ് മാത്രമാണ് തിലക് നേടിയത്. സായി സുദര്‍ശന്റെയും കെ എല്‍ രാഹുലിന്റെയും അര്‍ദ്ധ സെഞ്ചുറികള്‍ മാത്രമാണ് ഇന്ത്യൻ ഇന്നിംഗ്സ് ഭേദപ്പെട്ട നിലയിലേക്ക് നയിച്ചത്. സുദര്ശൻ 62ഉം രാഹുല്‍ 56ഉം റണ്‍സ് നേടി പുറത്തായി. മലയാളി താരം സഞ്ജു സാംസണ് വീണ്ടും നിരാശപ്പെടുത്തി. വെറും 12 റണ്‍സെടുത്ത് സഞ്ജു പുറത്തായി. അരങ്ങേറ്റ ഏകദിനത്തില്‍ റിങ്കു സിംഗിന് 17 റണ്‍സെടുക്കാൻ മാത്രമാണ് സാധിച്ചത്. അര്‍ഷ്ദീപ് സിംഗ് 18 റണ്‍സെടുത്ത് പുറത്തായി. ദക്ഷിണാഫ്രിക്കയ്ക്കായി നാന്ദ്രെ ബര്‍ഗര്‍ 10 ഓവറില്‍ 30 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. ബിയറൻ ഹെൻറിക്ക്സ്, കേശവ് മഹാരാജ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്ക അനായാസം ലക്ഷ്യത്തിലേക്ക് നീങ്ങി. ടോണി സോര്‍സിയും റീസ ഹെൻറിക്സും ആദ്യ വിക്കറ്റില്‍ 130 റണ്‍സെടുത്തു. അര്‍ഷ്ദീപിനെ പുള്‍ ചെയ്യുന്നതിനിടെ ഹെൻറിക്സിന്റെ ടൈമിംഗ് തെറ്റി. ഡീപ് ബാക്ക്വേര്‍ഡ് സ്ക്വയര്‍ ലെഗില്‍ മുകേഷ് കുമാറിന് ക്യാച്ച്. കെ എല്‍ രാഹുല്‍ ബൗളര്‍മാരെ മാറി മാറി പരിക്ഷിച്ചപ്പോള്‍ വാൻഡര്‍ ഡസ്സൻ വീണു. 36 റണ്‍സെടുത്ത വാൻഡര്‍ ഡസ്സന്റെ വിക്കറ്റ് റിങ്കു സിംഗിനാണ്. 119 റണ്‍സെടുത്ത ടോണി സോര്‍സിയും രണ്ട് റണ്‍സെടുത്ത എയ്ഡാൻ മാക്രവും പുറത്താകാതെ നിന്നു. ജയത്തോടെ പരമ്ബര 1-1ന് സമനിലയാക്കാനും ദക്ഷിണാഫ്രിക്കയ്ക്ക് കഴിഞ്ഞു.