തിരുവനന്തപുരം : രാമ ക്ഷേത്ര ഉദ്ഘാടനചടങ്ങ് വിവാദത്തില്‍ പ്രതികരണവുമായി ശശി തരൂര്‍ എം പി. രാമക്ഷേത്ര ഉദ്ഘാടനത്തിലേക്ക് ചില വ്യക്തികളെയാണ് ക്ഷണിച്ചിരിക്കുന്നതെന്നും പോകണോ വേണ്ടയോ എന്നത് ക്ഷണിച്ച നേതാക്കള്‍ വ്യക്തിപരമായി തീരുമാനമെടുക്കുമെന്നും ശശി തരൂര്‍ പറഞ്ഞു. കോണ്‍ഗ്രസിന് നാല് നേതാക്കള്‍ക്ക് ക്ഷണമുണ്ട്. ഇവര്‍ ചടങ്ങിള്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസ് ഇതുവരെ ഒരു നിലപാടും എടുത്തിട്ടില്ലെന്നും ശശി തരൂര്‍ പറഞ്ഞു.രാമക്ഷേത്രത്തെ രാഷ്ട്രീയമായി കാണുന്നതിനോട് തനിക്ക് വിയോജിപ്പുണ്ടെന്നാണ് ശശി തരൂരിന്റെ പക്ഷം. ജനങ്ങള്‍ക്ക് ഇതിനെ ഒരു ഭക്തിയുടേയും വിശ്വാസത്തിന്റേയും വിഷയമായി കണ്ട് ചടങ്ങില്‍ പങ്കെടുക്കാന്‍ തോന്നിയാല്‍ ആരും അതിനെ തെറ്റായി കാണുന്നില്ലെന്നും ശശി തരൂര്‍ അഭിപ്രായപ്പെട്ടു. ചടങ്ങില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച കോണ്‍ഗ്രസിന്റെ ഔദ്യോഗിക നിലപാട് അറിയാന്‍ അല്പം കൂടി കാത്തിരിക്കേണ്ടിവരുമെന്നും ശശി തരൂര്‍ പറഞ്ഞു.
പിന്നോട്ടില്ലെന്ന് ഉറച്ച് യൂത്ത് കോൺഗ്രസ്രാമക്ഷേത്ര ഉദ്ഘാടനത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രഖ്യാപിച്ചതിന് പിന്നാലെ നിലപാട് പറയാത്ത കോണ്‍ഗ്രസിനെതിരെ വിമര്‍ശനം ശക്തമാകുന്നതിനിടെയാണ് ശശി തരൂരിന്റെ പ്രതികരണം. നിലപാട് പറയാനാകാതെ കോണ്‍ഗ്രസ് വെട്ടിലാകുകയാണെന്ന് പരക്കെ നിരീക്ഷണമുണ്ട്. കൃത്യമായി നിലപാടെടുക്കാന്‍ ആര്‍ജവം കാണിക്കുന്ന സീതാറാം യെച്ചൂരിയെ സോണിയാ ഗാന്ധി കണ്ടുപഠിക്കണമെന്ന് സമസ്ത തങ്ങളുടെ മുഖപത്രത്തിലെ മുഖപ്രസംഗത്തിലൂടെ വിമര്‍ശിച്ചിരുന്നു.