തിരുവനന്തപുരം: തിരുവല്ലത്തെ ഷഹാനയുടെ ആത്മഹത്യ കേസില്‍ ഗാര്‍ഹിക പീഡന വകുപ്പ് ചേര്‍ത്ത് പൊലീസ്. നൗഫലും മാതാവും രക്ഷപ്പെട്ട വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു.ഇരുവരുടെയും ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. ഷഹാനയുടെ മരണത്തിന് പിന്നാലെ ഇരുവരും ഒളിവില്‍ പോയിരുന്നു. ഷഹാനയുടെ ആത്മഹത്യാ വിവരം അറിഞ്ഞ ഉടനെ ഒന്നര വയസ്സുള്ള കുഞ്ഞിനെ തിരിച്ച് ഏല്‍പ്പിക്കാൻ ഏര്‍പ്പാട് ചെയ്ത് ഒളിവില്‍ പോകുകയായിരുന്നു നൗഫലും മാതാവും. കാട്ടാക്കടയിലെ വീട്ടില്‍ നിന്ന് കടയ്ക്കലിലെ ബന്ധുവീട്ടിലേക്കാണ് ഇരുവരും പോയത്. അവിടെ വാഹനവും ഫോണും ഉപേക്ഷിച്ച് പൊലീസ് എത്തും മുൻപ് കടന്നുകളയുകയായിരുന്നു. ഉപക്ഷിച്ച കാറും ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം കടക്കലുള്ള നൗഫലിന്റെ സഹോദരൻറെ ഭാര്യയുടെ വീട്ടില്‍ നിന്നാണ് വാഹനവും ഫോണും കണ്ടെടുത്തത്.
നൗഫലിന്റെ സഹോദരൻറെ ഭാര്യയുടെ കുടുംബമാണ് ഒളിവില്‍ പോകാൻ സഹായം ചെയ്തതെന്നാണ് പൊലീസിന്റെ നിഗമനം. ഇവരില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കും. ഫോണുകള്‍ ശാസ്ത്രീയമായ പരിശോധനയ്ക്ക് വിധേയമാക്കും. അന്വേഷണത്തിന്റെ ഭാഗമായി കൂടുതല്‍ പേരെ ചോദ്യം ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി. ചൊവ്വാഴ്ച വൈകിട്ടാണ് ഷഹാനയെ സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഭര്‍തൃവീട്ടിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് മൂന്ന് മാസമായി ഷഹാന സ്വന്തം വീട്ടില്‍ കഴിയുകയായിരുന്നു. ചൊവ്വാഴ്ച സഹോദരപുത്രന്റെ ജന്മദിനാഘോഷത്തിന് കൂട്ടിക്കൊണ്ടുപോകാനായി ഭര്‍ത്താവ് ഷഹാനയുടെ വീട്ടിലെത്തിയിരുന്നു. എന്നാല്‍, നേരിട്ട് ക്ഷണിക്കാത്തതിനാല്‍ ഷഹാന പോകാന്‍ തയ്യാറായില്ല. തുടര്‍ന്ന് കുഞ്ഞിനെയുമെടുത്ത് ഭര്‍ത്താവ് വീട്ടില്‍നിന്ന് പോയി. ഇതോടെ മുറിക്കുള്ളില്‍ കയറി വാതിലടച്ച ഷഹാനയെ പിന്നീട് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.