ബാംഗളൂരു: ബംഗളൂരു നഗരത്തില്‍ വ്യാജനമ്പര്‍ പ്ലേറ്റുകൾ ഉപയോഗിക്കുന്നത് കൂടിവരുന്ന സാഹചര്യത്തില്‍ വാഹനപരിശോധന ഊര്‍ജിതമാക്കി ട്രാഫിക് പോലീസ്. രജിസ്ട്രേഷൻ നമ്പര്‍ പ്ലേറ്റുകളില്ലാതെയും വ്യക്തതയില്ലാത്ത നമ്പര്‍ പ്ലേറ്റുകളുമായും നിരത്തിലിറങ്ങിയ ഇരുചക്ര വാഹനങ്ങളെയും കാറുകളെയുമാണ് പിടികൂടുന്നത്. റോഡിലെ സി.സി.ടി.വി. ക്യാമറകളില്‍നിന്നും പോലീസ് ഉദ്യോഗസ്ഥരില്‍നിന്നും രക്ഷപ്പെടാൻ നമ്പര്‍ പ്ലേറ്റുകള്‍ മറച്ചുവെച്ച് വാഹനമോടിച്ചവര്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ട്.
കഴിഞ്ഞ മൂന്നുമാസത്തിനിടെ നമ്പര്‍ പ്ലേറ്റുകളില്ലാതെ വാഹനമോടിച്ചതിന് 1,535 കേസുകളും വ്യക്തതയില്ലാത്ത നമ്പര്‍ പ്ലേറ്റുകളുമായി വാഹനമോടിച്ചതിന് 1,13,517 കേസുകളും നമ്പര്‍ പ്ലേറ്റുകള്‍ മറച്ചുവെച്ച് വാഹനമോടിച്ചതിന് 22 ക്രിമിനല്‍ കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നമ്പര്‍ പ്ലേറ്റുകള്‍ മനഃപൂര്‍വം മറയ്ക്കുകയും കൃത്രിമം കാട്ടുകയും ചെയ്യുന്നവര്‍ക്കെതിരെ കേസെടുക്കുന്നത് തുടരുമെന്ന് ട്രാഫിക് പോലീസ് ജോയിന്റ് കമ്മിഷണര്‍ എം.എൻ. അനുചേത് പറഞ്ഞു. 2022 ജൂലായ് മുതലാണ് നഗരത്തില്‍ നിര്‍മിത ബുദ്ധി അധിഷ്ഠിതമായ ക്യാമറകള്‍ ട്രാഫിക് പോലീസ് സ്ഥാപിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാല്‍, ക്യാമറകളില്‍ പതിയാതിരിക്കാൻ ചിലര്‍ വ്യാജനമ്പര്‍ പ്ലേറ്റുകള്‍ ഉപയോഗിക്കുന്നതും വ്യക്തതയില്ലാത്ത നമ്പര്‍ പ്ലേറ്റുകള്‍ ഉപയോഗിക്കുന്നതും കൂടിയതിനെ തുടര്‍ന്ന് പോലീസ് പരിശോധന ശക്തമാക്കുകയായിരുന്നു. 2023 ഒക്ടോബര്‍ മുതലാണ് പരിശോധനകള്‍ ആരംഭിച്ചത്. സാമൂഹിക മാധ്യമ അക്കൗണ്ടില്‍ പരാതി ലഭിച്ചതിനെത്തുടര്‍ന്ന് പ്രത്യേക സംഘങ്ങളെ നിയോഗിച്ചായിരുന്നു പരിശോധന. വരും ദിവസങ്ങളിലും പരിശോധന തുടരാനാണ് തീരുമാനം.