തിരുവനന്തപുരം: അയോധ്യ പ്രതിഷ്ഠാ ദിനത്തിൽ എല്ലാവരും വീടുകളിൽ വിളക്ക് തെളിയിക്കണമെന്ന കെ.എസ്. ചിത്രയുടെ വീഡിയോയിൽ വിവാദം പുകയുന്നു. കെഎസ് ചിത്രയുടെ ആഹ്വാനത്തിന് പിന്നാലെ സാമൂഹ മാധ്യമങ്ങളിൽ ചർച്ചകൾ നിറയുന്നതിനിടെ ചിത്രയെ പിന്തുണച്ച ഗായകൻ ജി. വേണു ഗോപാലിനെതിരെയും സൈബറിടത്തിൽ വിമർശനം ഉയർന്നു. ജി വേണുഗോപാൽ പറയുന്നത്ര നിഷ്കളങ്കമല്ല കാര്യങ്ങളെന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന വിമർശനം.
ചിത്രയെ അനുകൂലിച്ചും നിരവധി പേർ രംഗത്തെത്തുന്നുണ്ട്. അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠദിനത്തിൽ രാമമന്ത്രം ജപിക്കണമെന്നും വീടുകളിൽ വിളക്ക് തെളിയിക്കണമെന്നുമായിരുന്നു കെ.എസ്.ചിത്ര ആവശ്യപ്പെട്ടത്. ഈ വീഡിയോ പുറത്തുവന്നതോടെയാണ് വിവാദങ്ങളുടെ തുടക്കം. അയോധ്യയിൽ നിന്നുള്ള അക്ഷതം ചിത്ര ഏറ്റുവാങ്ങുന്ന ഫോട്ടോയും പുറത്തുവന്നിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിന് പിന്നാലെ ചിത്രയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനം ഉയർന്നു. ചിത്രയെന്ന വിഗ്രഹവും ഉടഞ്ഞെന്നും ചരിത്രം മനസിലാക്കാതെയാണ് ഗായിക സംസാരിക്കുന്നതെന്നായിരുന്നു വിമർശനങ്ങൾ. ഇടത് പ്രൊഫൈലുകളിൽ നിന്നടക്കം രൂക്ഷ വിമർശനമുയർന്നു. ചിത്രയെ അനുകൂലിച്ചും നിരവധി പേർ രംഗത്തെത്തി. ചർച്ചകൾ കടുത്തതോടെയാണ് ഗായകൻ ജി.വേണുഗോപാൽ ചിത്രയെ പിന്തുണച്ച് ഫേസ്ബുക്ക് പോസ്റ്റുമായി എത്തിയത്.
വായനയോ, എഴുത്തോ, രാഷ്ട്രീയാഭിമുഖ്യമോ ചിത്രയ്ക്കില്ലെന്നും ഈ വിഷയത്തിൽ, ഭക്തി മാത്രമാണ് പ്രതിഫലിച്ചത് എന്നുമായിരുന്നു വേണുഗോപാലിന്റെ പോസ്റ്റ്. ഇത്രയും ഗാനങ്ങൾ പാടിത്തന്ന ചിത്ര പറഞ്ഞതിനോട് അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ ഒരു പ്രാവശ്യം ക്ഷമിച്ചുകൂടെയെന്നും വേണുഗോപാൽ ചോദിച്ചു. പിന്നാലെയാണ്, അത്ര നിഷ്ങ്കളങ്കമായി കാര്യങ്ങൾ നിസ്സാരവത്കരിക്കരുതെന്ന മറുവിമർശനവുമായി വേണുഗോപാലിനെതിരെയും ചർച്ച മുറുകിയത്.
നേരത്തെ പ്രധാനമന്ത്രിയുടെ പരിപാടിയിൽ പങ്കെടുത്ത നടി ശോഭനയ്ക്കെതിരെ വിമർശനങ്ങളുയർന്നിരിന്നു. ഇടത് സൈബർ പ്രൊഫൈലുകൾ ഒന്നടങ്കം ശോഭനയ്ക്കെതിരെ രംഗത്ത് എത്തിയെങ്കിലും, ശോഭനയെ ബിജെപിയുടെ അറയിലാക്കാൻ
ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പ്രതികരണം. ശോഭനയ്ക്കെതിരായ ചർച്ചകൾ കെട്ടടങ്ങും മുമ്പേയാണ് കെ.എസ്.ചിത്രയും വിമർശനങ്ങളിൽ നിറയുന്നത്.