കൊച്ചി: മോണ്‍സണ്‍ മാവുങ്കലിനെതിരായ കള്ളപ്പണക്കേസില്‍ സിനിമ-സീരിയല്‍ താരം ശ്രുതി ലക്ഷ്മിയെ ഇഡി ചോദ്യം ചെയ്യുന്നു. മോണ്‍സണ്‍ മാവുങ്കലുമായുള്ള സമ്പത്തിക ഇടപാടിലാണ് അന്വേഷണം. മോന്‍സന്റെ വീട്ടില്‍ നടന്ന പിറന്നാള്‍ നൃത്ത പരിപാടിയില്‍ ശ്രുതി സജീവമായിരുന്നു. മുടി കൊഴിച്ചലിന് മോന്‍സന്‍ ചികിത്സ നടത്തിയതായും ശ്രുതി വ്യക്തമാക്കിയിരുന്നു.
അതേസമയം, മോണ്‍സണ്‍ മാവുങ്കലിനെതിരായ കള്ളപ്പണ കേസില്‍ ക്രൈംബ്രാഞ്ചിനെതിരെ ഇഡി ഹൈക്കോടതിയില്‍. ഇഡി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും കേസ് രേഖകള്‍ കൈമാറുന്നില്ലെന്നാണ് കേന്ദ്രം കോടതിയെ അറിയിച്ചത്. രേഖകള്‍ എത്രയും പെട്ടന്ന് കൈമാറണമെന്ന് നിര്‍ദ്ദേശിച്ച കോടതി, കേസില്‍ കൃത്യമായ അന്വേഷണം നടക്കണമെന്ന് മാത്രമാണ് കോടതിയുടെ താല്‍പ്പര്യമുള്ളതെന്ന് പറഞ്ഞു. മോന്‍സനെതിരെ അന്വേഷണം പുരോഗമിക്കുകയാണെന്നും മൂന്ന് കുറ്റപത്രം തയ്യാറായെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.അതിനിടെ, മോന്‍സന്‍ കേസില്‍ ഹൈക്കോടതിയെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ട മുന്‍ മജിസ്‌ട്രേറ്റ് എസ് സുദീപിനെതിരെ നിയമാനുസൃത നടപടി സ്വീകരിക്കാന്‍ കോടതി ഇടക്കാല ഉത്തരവില്‍ റജിസ്ട്രാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ചീഫ് ജസ്റ്റിസിന്റെ അനുമതിയോടെ വേണം നടപടിയെന്നും കോടതി വ്യക്തമാക്കി.