ന്യൂഡൽഹി: കൊവിഡ് ചികിത്സയ്ക്കുള്ള ഗുളികയായ മോള്‍നുപിറവിറിന് രാജ്യത്ത് നിയന്ത്രിത ഉപയോഗത്തിനുള്ള അനുമതി ലഭിച്ചിരിക്കുകയാണ്.അടിയന്തര ഘട്ടങ്ങളില്‍ മെര്‍ക്ക് കമ്പനിയുടെ ഗുളിക മുതിര്‍ന്നവര്‍ക്ക് ഉപയോഗിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. മന്‍സുക് മാണ്ഡവ്യ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ ബ്രിട്ടനും യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും ഗുളികയ്ക്ക് അനുമതി നല്‍കിയിരുന്നു. ഇതേ ആവശ്യത്തിന് ഉപയോഗിക്കുന്ന ഫൈസര്‍ കമ്പനിയുടെ ഗുളികയ്ക്കും യുഎസ് അംഗീകാരം നല്‍കിയിരുന്നു. ഇരു രാജ്യങ്ങളിലും നടത്തിയ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ മരുന്ന് മികച്ച ഫലം സൃഷ്ടിക്കുന്നതാണെന്നാണ് വ്യക്തമാക്കുന്നത്.
മോല്‍നുപിറാവിര്‍ പ്രവര്‍ത്തിക്കുന്നത് എങ്ങനെ?
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആന്റിവൈറല്‍ ചികിത്സക്ക് ഉപയോഗിക്കുന്ന പരീക്ഷണാത്മക ഗുളികയാണ് മോല്‍നുപിറാവിര്‍. വൈറസിന്റെ ജനിതക കോഡിലെ പിശകുകള്‍ വഴി രോഗം വര്‍ധിക്കുന്നത് തടയുകയാണ് ചെയ്യുക.
എത്രമാത്രം ഫലപ്രദം?
രോഗം ബാധിച്ച് ആശുപത്രിയിലാകേണ്ടി വരുന്നതും മരണപ്പെടുന്നതും ഗുളിക കഴിക്കുന്നത് വഴി ഇല്ലാതാകുമെന്നാണ് നിര്‍മാതാക്കളായ മെര്‍ക്ക് കമ്പനി പറയുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ മൂന്നാം ക്ലിനിക്കല്‍ ട്രെയലിന് ശേഷം മെര്‍ക്കും പങ്കാളികളായ റിഡ്ജ്ബാക്ക് ബയോതെറാപ്യൂട്ടിക്സും ചേര്‍ന്ന് പുറത്തിറക്കിയ പ്രസ്താവനലില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
ഗുളിക രോഗം വരാതിരിക്കാന്‍ സഹായിക്കുമോ?
ഇല്ല, പ്രതിരോധ മരുന്നല്ലിത്. കോവിഡ് ബാധിതരുടെ രോഗം തീവ്രമാകാതിരിക്കാനാണിത് സഹായിക്കുക.
ഗുളികയെത്തി, ഇനി വാക്സിന് വേണ്ടേ?
ഒരിക്കലുമല്ല, ഗുളികയോ മറ്റെന്തെങ്കിലും മരുന്നോ വാക്സിന് പകരമാകില്ല. ഇന്ത്യയില്‍ അടിയന്തര സാഹചര്യത്തില്‍ മാത്രം ഗുളിക ഉപയോഗിക്കാനാണ് അനുമതിയുള്ളത്. അതും മധ്യമ നിലയില്‍ രോഗമുള്ളവരും ഓക്സിജന്‍ സാച്ചറേഷന്‍ 93 ശതമാനത്തില്‍ കുറവുള്ളവരുമായ ഇതരരോഗബാധതരും മരണപ്പെടാന്‍ സാധ്യത ഉള്ളവരുമായ ആളുകള്‍ക്കാണ് ഗുളിക ഉപയോഗിക്കാനാവുക.
കോവിഡ് ഉണ്ടെങ്കില്‍ എപ്പോഴാണ് ഗുളിക കഴിക്കുക?
കോവിഡ് രോഗ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി അഞ്ചു ദിവസത്തിനകം മോല്‍നുപിറാവിര്‍ ഗുളിക കഴിക്കണം.
ഏത് തോതിലാണ് ഗുളിക കഴിക്കേണ്ടത്?
ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന പ്രകാരം നാലു 200 മില്ലിഗ്രാം ക്യാപ്സൂളുകള് ദിവസം രണ്ടു തവണയാണ് കഴിക്കേണ്ടത്. 12 മണിക്കൂര്‍ ഇടവിട്ടാണ് ഇവ കഴിക്കേണ്ടത്. ഗുളിക തുടര്‍ച്ചയായി അഞ്ചു ദിവസത്തിലേറെ കഴിക്കാനും പാടില്ല.
ഗുളികക്കൊപ്പം രണ്ടു പുതിയ വാക്സിനുകള്‍ക്ക് കൂടി അനുമതി
മോല്‍നുപിറാവിര്‍ ഗുളികക്കൊപ്പം സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവോവാക്സിനും കോര്‍ബെവാക്സിനും കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. നിബന്ധനകളോടെ അടിയന്തര ഉപയോഗ അനുമതി നല്കാന് സെന്‍ട്രല്‍ ഡ്രഗ് അതോറിറ്റിയുടെ വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. എല്ലാ ശുപാര്‍ശകളും അന്തിമ അനുമതിക്കായി ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യയ്ക്ക് (ഡിസിജിഐ) അയച്ചിരിക്കുകയാണ്. ഡിസിജിഐയുടെ അംഗീകാരം ലഭിച്ചാല്‍ അടിയന്തര ഉപയോഗാനുമതി ലഭിച്ച വാക്സിനുകളുടെ എണ്ണം എട്ടായി ഉയരും. രണ്ടുവാക്സിനുകള്‍ക്ക് കൂടി അനുമതി ലഭിച്ചതില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. മന്‍സുക് മാണ്ഡവ്യ ട്വിറ്ററില്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു.
ആരോഗ്യ പ്രശ്നങ്ങളുള്ള അറുപത് വയസിനു മുകളിലുള്ളവര്‍ക്കും കോവിഡ് മുന്നണി പോരാളികള്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കുമെന്ന് ഡിസംബര്‍ 25ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു. പതിനഞ്ച് മുതല്‍ പതിനെട്ട് വയസ് വരെയുള്ളവര്‍ക്ക് കോവിഡ് വാക്സിന് നല്കാന് അനുമതി നല്‍കിയതായും പ്രധാനമന്ത്രി അറിയിച്ചു. കുട്ടികളുടെ വാക്സിന് ജനുവരി മൂന്ന് മുതലും ബൂസ്റ്റര്‍ വാക്സിന് ജനുവരി ജനുവരി പത്തുമുതലുമാണ് വിതരണം ചെയ്യുകയെന്നും വ്യക്തമാക്കി.
മോല്‍നുപിറാവിറിന് ആദ്യ അനുമതി ബ്രിട്ടനില്‍
കോവിഡ് ചികിത്സക്ക് ഉപയോഗിക്കുന്ന ഗുളികയ്ക്ക് നവംബര്‍ നാലിന് ബ്രിട്ടന് ആദ്യമായി അംഗീകാരം നല്‍കിയിരുന്നു. ‘മോല്‍നുപിറാവിര്‍’ എന്ന ആന്‍ഡി വൈറല്‍ ഗുളികയ്ക്കാണ് ദി മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത്കെയര്‍ പ്രൊഡക്ട്സ് റഗുലേറ്ററി അതോറിറ്റി (എം.എച്ച്.ആര്.എ) അംഗീകാരം നല്‍കിയിരുന്നത്. ഉയര്‍ന്ന അപകട സാധ്യതയുള്ള രോഗികള്‍ക്കും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വരുന്ന മരണസാധ്യതയുള്ളവര്‍ക്കും മെര്‍ക്ക് ആന്‍ഡ് റിഡ്ജേബാക്ക് ബയോ തെറാപ്യൂട്ടിക്സ് വികസിപ്പിച്ച ഗുളിക ഫലപ്രദമാണെന്ന് നീണ്ട ക്ലിനിക്കല്‍ പരിശോധനയില്‍ കണ്ടെത്തി. അത്തരം സാധ്യതകളെ ഗുളിക പകുതിയായി കുറയ്ക്കുമെന്നും കണ്ടെത്തി. അതുകൊണ്ട് കോവിഡ് ചികിത്സയില്‍ വലിയ മുന്നേറ്റമായി മാറാന്‍ സാധ്യതയുള്ള കണ്ടെത്തലാണിതെന്നും വിലയിരുത്തപ്പെട്ടു.
അസുഖം ബാധിച്ചയുടന്‍ ഗുളിക കഴിക്കുന്നത് കൂടുതല്‍ ഫലപ്രദമാണെന്നാണ് ഗവേഷണത്തില്‍ തെളിഞ്ഞത്. കോവിഡ് ബാധിച്ച് ലക്ഷണങ്ങള്‍ തെളിഞ്ഞാല്‍ അഞ്ചു ദിവസത്തിനകം മരുന്ന് നല്‍കണമെന്നാണ് ബ്രിട്ടീഷ് ഏജന്‍സി നിര്‍ദേശം നല്‍കിയിരുന്നത്. വളരെ കര്‍ശനമായ അവലോകനത്തിന് ശേഷമാണ് ബ്രിട്ടന് മരുന്നിന് അംഗീകാരം നല്‍കിയതെന്നാണ് മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊഡക്ട്സ് റഗുലേറ്ററി ഏജന്‍സിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അറിയിച്ചിരുന്നത്. ഗുളികയുടെ സുരക്ഷിതത്വം, ഗുണമേന്മ, ഫലപ്രാപ്തി എന്നിവയെല്ലാം പരിശോധിക്കപ്പെട്ടുവെന്നും അവര്‍ വ്യക്തമാക്കി. കോവിഡ് ബാധിച്ചതോടൊപ്പം ഗുരുതര രോഗവുമുള്ള വാക്സിന് സ്വീകരിച്ചവര്‍ക്കും അല്ലാത്തവര്‍ക്കും ബ്രിട്ടന് ഗുളിക നല്‍കുന്നത് അംഗീകരിച്ചിട്ടുണ്ട്. ക്ലിനിക്കല്‍ പരിശോധനയില്‍ അമിത വണ്ണമോ പ്രമേഹമോയുള്ള 60 വയസ്സിന് മുകളിലുള്ളവരിലാണ് കൂടുതല്‍ പ്രശ്നങ്ങള്‍ കണ്ടത്.
ശാസ്ത്രജ്ഞരും ക്ലിനിക് പരിശോധകരും ഗുളികയുടെ ഫലപ്രാപ്തിയില്‍ സന്തുഷ്ടരാണെന്നും കോവിഡ് തീവ്രമായി വരുന്നവര്‍ക്ക് മരുന്ന് ഫലപ്രദമാണെന്നും പരിശോധന നടത്തിയ ഏജന്‍സി മേധാവിയായ ഡോ. ജ്യൂനെ റയ്നി പറഞ്ഞു. കോവിഡ് പ്രതിരോധത്തിലേക്കെത്തിയ പുതിയ ആയുധമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ് പ്രതിരോധ ഗുളികയ്ക്ക് അംഗീകാരം നല്കിയ ദിവസം ചരിത്രദിനമാണെന്ന് ബ്രിട്ടീഷ് ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു. ഇത് കോവിഡ് ബാധിതര്‍ക്ക് ഏറ്റവും പെട്ടെന്ന് ലഭ്യമാകുന്ന മികച്ച ചികിത്സയാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മരുന്നിന് കൂടുതല്‍ അംഗീകാരം ലഭിക്കുന്നതിന് മുമ്പ് തന്നെ സമ്പന്ന രാജ്യങ്ങള്‍ ഇവ വാങ്ങുന്നതിനുള്ള ഇടപാടുകള്‍ക്കായി നെട്ടോട്ടമോടുകയാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. മരുന്ന് നിര്‍മാതാക്കളായ മെര്‍ക്ക് ആന്‍ഡ് റിഡ്ജേബാക്ക് ബയോ തെറാപ്യൂട്ടിക്സിനോട് മൂന്നു മില്ല്യണ്‍ കോഴ്സുകള്‍ ആവശ്യപ്പെട്ട് ഒമ്ബതു കരാറുകളാണ് വിവിധ രാജ്യങ്ങള്‍ ഒപ്പുവെച്ചത്. എന്നാല്‍ ദരിദ്ര- ഇടത്തരം വരുമാനമുള്ള 105 രാജ്യങ്ങള്‍ക്ക് മരുന്ന് നിര്‍മിക്കാന്‍ സൗജന്യ ലൈസന്‍സ് നല്‍കുന്നതിന് കമ്പനി യു.എന്‍ മെഡിസിന് പാറ്റന്റ് പൂളുമായി കരാറിലേര്‍പ്പെട്ടിരുന്നു. ഇന്ത്യയിലുള്ള നിരവധി മരുന്നു നിര്‍മാതാക്കള്‍ക്കും കമ്പനി അനുമതി നല്‍കിയിട്ടുണ്ട്. ഈ വര്‍ഷം അവസാനത്തോടെ കമ്പനി 10 മില്ല്യണ്‍ കോഴ്സ് മരുന്ന് നിര്‍മിക്കുമെന്ന് അറിയിച്ചിരിക്കുകയാണ്. 2022 ല്‍ 20 മില്ല്യണ്‍ സെറ്റ് ഗുളിക ഉത്പാദിപ്പിക്കും.