കൊച്ചി: കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ (സിഐഐ) 2021-ലെ സ്റ്റാര്‍ ചാമ്പ്യന്‍, ജ്യൂറി ചലഞ്ചര്‍ അവാര്‍ഡുകള്‍ രാജ്യത്തെ പ്രമുഖ ജലാറ്റിന്‍ നിര്‍മാതാവായ നിറ്റാ ജലാറ്റിന്‍ ഇന്ത്യ കരസ്ഥമാക്കി. വിവധ വിഭാഗങ്ങളായി നടന്ന ദേശീയ മത്സരത്തില്‍ ടാറ്റാ പവര്‍, ടൈറ്റന്, മാന്‍കൈന്‍ഡ് ഫാര്‍മ, ഐടിസി, മുരുഗപ്പ ഗ്രൂപ്പ്, ഗോദ്റെജ്, മാരിക്കോ, എല്‍&ടി തുടങ്ങി 220-ലേറെ കമ്പനികള്‍ പങ്കെടുത്തു.
പ്ലാന്റുകളില്‍ സൗരോര്‍ജ ഉപയോഗത്തിനാണ് നിറ്റാ ജലാറ്റിനെ സ്റ്റാര്‍ ചാമ്പ്യന്‍ അവാര്‍ഡിന് അര്‍ഹമാക്കിയത്. ഉത്പാദനസമയം കുറച്ച് ഉത്പാദനം വര്‍ധിപ്പിച്ചതിനാണ് ജ്യൂറി ചലഞ്ചര്‍ അവാര്‍ഡ്. ജീവനക്കാരുടെ പ്രവര്‍ത്തനമികവ് വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കമ്പനി സ്വീകരിച്ചുവരുന്ന നടപടികളുടെ പ്രതിഫലനമാണ് ഈ അംഗീകാരങ്ങളെന്ന് നിറ്റാ ജലാറ്റിന്‍ ബിസിനസ് എക്സലന്‍സ് മേധാവി പ്രകാശ് ചന്ദ്ര പറഞ്ഞു. മഹാമരിയുടെ സമയത്ത് പോലും പ്രവര്‍ത്തന മികവ് വര്‍ധിപ്പിക്കുന്നതിനുള്ള പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതില്‍ കമ്പനി പ്രത്യേക ശ്രദ്ധ പുലര്‍ത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രവര്‍ത്തനമികവ് വര്‍ധിപ്പിക്കാനായി കമ്പനി സ്വീകരിക്കുന്ന നടപടികള്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരമാണ് ഇത്തരം മത്സരങ്ങള്‍ നല്‍കുന്നതെന്നും പ്രകാശ് ചന്ദ്ര വ്യക്തമാക്കി.