കോട്ടയം : നിരവധി ക്രിമിനൽ ക്കേസുകളിൽ പ്രതിയായ കുടമാളൂർ സ്വദേശിയെ കാപ്പ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി. കോട്ടയം,കുടമാളൂർ ചിറ്റക്കാട്ട് കോളനി ഭാഗത്ത് പുളിക്കപ്പറമ്പിൽ വീട്ടിൽ ലോജി കുട്ടൻ എന്ന് വിളിക്കുന്ന ലോജി ജെയിംസ്(29) എന്നയാളെയാണ് കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ഒന്‍പതുമാസക്കാലത്തേക്ക് നാടുകടത്തിയത്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾ കോട്ടയം വെസ്റ്റ്, പാലാ, മേലുകാവ് എന്നീ സ്റ്റേഷനുകളിൽ കൊലപാതകം, കൊലപാതകശ്രമം, അടിപിടി, മോഷണം തുടങ്ങിയ കേസുകളില്‍ പ്രതിയാണ്. ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്ന നിരന്തര കുറ്റവാളികൾക്കെതിരെ ശക്തമായ നിയമനടപടികളാണ് ജില്ലാ പോലീസ് സ്വീകരിച്ചു വരുന്നത്. തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പാ പോലുള്ള ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.