ന്യൂസ് ഡെസ്ക് : ലോകം മുഴുവനുമുള്ള പ്രണയിതാക്കള്‍ പ്രണയ ദിനം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. എന്നാല്‍ യുവാക്കളില്‍ ഭൂരിഭാഗം പേരും പ്രണയദിനം ആഘോഷിക്കാനായി പണം ചെലവാക്കാൻ ആഗ്രഹിക്കാത്തവരാണ് എന്നാണ് പുതിയ സർവേഫലം സൂചിപ്പിക്കുന്നത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഹഞ്ച് ആപ്പ് (Hunch app) നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്തമായത്. പ്രണയം ആഘോഷിക്കുന്നതിനും പ്രകടിപ്പിക്കുന്നതിനുമായി കൂടുതല്‍ പ്രായോഗികവും ആഴമേറിയതുമായ മാർഗങ്ങള്‍ സ്വീകരിക്കാനാണ് ഇക്കൂട്ടർക്ക് താത്പര്യമെന്നും സർവേ വ്യക്തമാക്കുന്നു.
7,929 പേരാണ് സർവേയില്‍ പങ്കെടുത്തത്. അതില്‍ ഭൂരിഭാഗവും (ഏകദേശം 63.0 ശതമാനം) വാലൻ്റൈൻസ് ദിനത്തില്‍ പണം ചെലവഴിക്കാൻ താല്പര്യം കാണിക്കാത്തവരാണ്. ഇത് തങ്ങളെ സംബന്ധിച്ചിടത്തോളം മുൻഗണനാ വിഷയമേ അല്ലെന്നാണ് ഇവർ പ്രതികരിച്ചത്. കാര്യങ്ങള്‍ ലളിതമായി കാണാനാണ് തങ്ങള്‍ക്ക് താത്പര്യമെന്നും അമിത ചെലവുകള്‍ ഒഴിവാക്കാനാണ് ഇഷ്ടം എന്നും ഇവർ പ്രതികരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സർവേയില്‍ പങ്കെടുത്ത ഏകദേശം 18.4 ശതമാനം പേരാണ് വാലൻ്റൈൻസ് ദിനം ആഘോഷിക്കാൻ താത്പര്യം ഉണ്ടെന്ന് പ്രതികരിച്ചത്. 18.6 ശതമാനം പേർ കൂടുതല്‍ യാഥാസ്ഥിതികമായ നിലപാടാണ് സ്വീകരിച്ചത്. തങ്ങള്‍ മുൻകൂട്ടി നിശ്ചയിച്ച ബജറ്റില്‍ നിന്നും ഒരു രൂപ പോലും ചെലവഴിക്കാൻ താത്പര്യമേ ഇല്ലെന്ന് ഇക്കൂട്ടർ പ്രതികരിച്ചു.ഏതായാലും യുവാക്കള്‍ക്കിടയിലെ വ്യത്യസ്ത ചിന്തകളും മനോഭാവങ്ങളുമാണ് ഈ പ്രതികരണങ്ങളില്‍ നിന്നെല്ലാം വ്യക്തമായതെന്ന് സർവേ നടത്തിയവർ പറയുന്നു.