ജയ്പൂർ : കോണ്‍ഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി രാജ്യസഭയിലേക്ക് മത്സരിക്കുന്നതിന് നാമനിർദേശ പത്രിക നല്കി. രാജസ്ഥാനില്‍ നിന്നാണ് അവർ രാജ്യസഭയിലേക്ക് മത്സരിക്കുന്നത്. ഇന്ന് രാവിലെ ജയ്പൂരിലെത്തിയ സോണിയ രാജസ്ഥാൻ നിയമസഭയിലെത്തി പത്രിക നല്കി. കാല്‍നൂറ്റാണ്ടു കാലത്തെ ലോക്സഭാ അംഗത്വത്തിന് വിരാമമിട്ടുകൊണ്ടാണ് സോണിയ രാജ്യസഭയിലേക്ക് മത്സരിക്കുന്നത്. ഉത്തർപ്രദേശിലെ റായ്ബറേലിയില്‍ നിന്നുള്ള നിലവിലെ ലോക്സഭാംഗം കൂടിയാണ് സോണിയ. 1999 മുതല്‍ അവർ റായ്ബറേലിയെ പ്രതിനിധീകരിക്കുന്നുണ്ട്. ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സോണിയയ്ക്ക് പകരം റായ്ബറേലിയില്‍ പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കും. രാഹുല്‍ ഗാന്ധിയുടെ പേരും ഉയർന്നുകേള്‍ക്കുന്നുണ്ട്.
രാജസ്ഥാനില്‍ ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളില്‍ ഒരു സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസിന് വിജയമുറപ്പുള്ളത്. ആ സീറ്റിലാണ് സോണിയ മത്സരിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കളായ അശോക് ഗഹ്ലോത്, സച്ചിൻ പൈലറ്റ്, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി ,സംസ്ഥാനത്തെ പാർട്ടിയുടെ മറ്റു മുതിർന്ന നേതാക്കള്‍, എംഎല്‍എമാർ തുടങ്ങിയവരെല്ലാം സോണിയയുടെ പത്രിക സമർപ്പണത്തിന്റെ ഭാഗമായി രാജസ്ഥാൻ നിയമസഭയിലെത്തിയിരുന്നു. ബിഹാർ,ഹിമാചല്‍ പ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കും കോണ്‍ഗ്രസ് സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിച്ചു. ഹിമാചലില്‍ മനു അഭിഷേക് സിങ്വിയും ബിഹാറില്‍ അഖിലേഷ് പ്രസാദ് സിങും, മഹാരാഷ്ട്രയില്‍ ചന്ദ്രകാന്ത് ഹാൻഡോറും രാജ്യസഭയിലേക്ക് പത്രിക നല്‍കും. ഫെബ്രുവരി 27-ന് നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിന്റെ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള സമയപരിധി നാളെ അവസാനിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിനിടെ രാജ്യസഭയിലേക്കുള്ള സ്ഥാനാർഥികളുടെ ബിജെപിയുടെ രണ്ടാം ലിസ്റ്റ് പുറത്ത് വന്നു. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഒഡീഷയില്‍ നിന്ന് നാമനിർദേശ പത്രിക നല്‍കും. ഒഡീഷയിലെ ഭരണകക്ഷിയായ ബിജെഡിയും അശ്വിനി വൈഷ്ണവിനെ പിന്തുണ പ്രഖ്യാപിച്ച് പ്രസ്താവന ഇറക്കിയിട്ടുണ്ട്. 2019-ലും ബിജെഡിയുടെ പിന്തുണയോടെയാണ് അശ്വിനി വൈഷ്ണവ് രാജ്യസഭയിലേക്കെത്തിയത്. ഒഡീഷയില്‍ രാജ്യസഭയിലേക്ക് ഒരു സ്ഥാനാർഥിയെ ഒറ്റയ്ക്ക് നിർത്തി ജയിപ്പിക്കാനുള്ള അംഗബലം ബിജെപിക്കില്ല. മൂന്ന് സീറ്റുകളാണ് സംസ്ഥാനത്ത് ഒഴിവുള്ളത്. ഇതില്‍ മൂന്നിലും ജയിക്കാൻ ബിജെഡിക്ക് കരുത്തുണ്ടെങ്കിലും രണ്ട് സ്ഥാനാർഥികളെ മാത്രമാണ് അവർ പ്രഖ്യാപിച്ചിരുന്നത്. മൂന്നാമത്തെ സീറ്റിലാണ് അശ്വിനി വൈഷ്ണവിന് പിന്തുണ നല്‍കിയിരിക്കുന്നത്. രാജസ്ഥാൻ സ്വദേശിയായ അശ്വിനി വൈഷ്ണവ് രാഷ്ട്രീയത്തിലിറങ്ങുമുമ്പ് 2010 വരെ ഒഡീഷയിലാണ് സിവില്‍ സർവീസിലുണ്ടായിരുന്നത്. മറ്റൊരു കേന്ദ്ര മന്ത്രി എല്‍.മുരുഗൻ മധ്യപ്രദേശില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കും.