ലഖ്നൗ : പ്രശസ്ത നടിയും സമാജ്വാദി പാര്‍ട്ടിയുടെ രാജ്യസഭാ സ്ഥാനാര്‍ഥിയുമായ ജയാ ബച്ചന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.ഉത്തര്‍പ്രദേശില്‍ നിന്നാണ് താരം മത്സരിക്കുന്നത്. 2004 മുതല്‍ സമാജ്വാദി പാര്‍ട്ടി (എസ്.പി) അംഗമാണ് എഴുപത്തിയഞ്ചുകാരിയും പത്മശ്രീ ജേതാവുമായ ജയാ ബച്ചന്. നാമനിര്‍ദേശപത്രിക പ്രകാരം ജയാ ബച്ചനും ഭര്‍ത്താവ് അമിതാഭ് ബച്ചനും 1578 കോടി രൂപ മൂല്യമുള്ള സ്വത്താണുള്ളത്. 2022-23 സാമ്ബത്തികവര്‍ഷത്തില്‍ ജയാ ബച്ചന് മാത്രം 1,63,56,190 രൂപയുടെ സ്വത്തും അമിതാഭിന് 273,74,96,590 രൂപയുടെ സ്വത്തുമാണുള്ളത്. ജയാ ബച്ചന് 10,11,33,172 രൂപയും അമിതാഭ് ബച്ചന് 120,45,62,083 രൂപയുമാണ് ബാങ്ക് ബാലന്‍സ്.
40.97 കോടി രൂപയുടെ ആഭരണങ്ങളാണ് ജയാ ബച്ചന് സ്വന്തമായുള്ളത്. അമിതാഭ് ബച്ചന്റെ കൈവശം 54.77 കോടി രൂപയുടെ ആഭരണങ്ങളാണുള്ളത്. ജയാ ബച്ചന് 9.82 ലക്ഷം രൂപയുടെ കാറാണ് ഉള്ളതെങ്കില്‍ ഭര്‍ത്താവിന് രണ്ട് മേഴ്സിഡസും റെയ്ഞ്ച് റോവറും ഉള്‍പ്പെടെ 17.66 കോടി രൂപ മൂല്യമുള്ള 16 വാഹനങ്ങളാണ് സ്വന്തമായുള്ളത്.ഫെബ്രുവരി 27-നാണ് രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കുക. 15 സംസ്ഥാനങ്ങളില്‍ നിന്നായി 56 സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ്. 403 അംഗങ്ങളുള്ള ഉത്തര്‍പ്രദേശ് നിയമസഭയില്‍ എസ്.പിയ്ക്ക് 108 സീറ്റുകളുണ്ട്. ഭരണകക്ഷിയായ ബി.ജെ.പിക്ക് 252 സീറ്റുകളാണുള്ളത്. ജയാ ബച്ചന് പുറമെ മുന്‍ എം.പി. രാംജിലാല്‍ സുമന്, മുന്‍ ഐ.എ.എസ്. ഉദ്യോഗസ്ഥന് അലോക് രഞ്ജന്‍ എന്നിവരാണ് എസ്.പിയുടെ മറ്റ് സ്ഥാനാര്‍ഥികള്‍.