കോട്ടയം : മൂലേടം മേൽപ്പാലത്തിലെ ടോൾ ബൂത്ത് നീക്കം ചെയ്ത് അധികൃതർ. എട്ട് വർഷത്തിലേറെയായി മൂലേടം – മണിപ്പുഴ റോഡിൽ നിന്നിരുന്ന മേൽപ്പാലമാണ് റോഡ്സ് ആന്റ് ബ്രിഡ്ജസ് കോർപ്പറേഷൻ അധികൃതർ നീക്കം ചെയ്തത്. ശനിയാഴ്ച രാത്രിയിൽ ടോൾ ബൂത്ത് നീക്കം ചെയ്ത ശേഷം , റോഡ് കോൺക്രീറ്റിങ്ങ് ജോലികൾ പുരോഗമിക്കുകയാണ്. ഞായറാഴ്ച പുലർച്ചെയോടെ നിർമ്മാണ ജോലികൾ പൂർത്തിയാകും.
മൂലേടം മേൽപ്പാലം നിർമ്മാണം പൂർത്തിയായ സമയത്താണ് ഇവിടെ ടോൾ പിരിക്കുന്നതിനായി ബൂത്ത് സ്ഥാപിച്ചത്. എന്നാൽ , നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ടോൾ പിരിക്കാനുള്ള തീരുമാനത്തിൽ നിന്ന് റോഡ്സ് ആന്റ് ബ്രിഡ്ജസ് കോർപ്പറേഷൻ പിൻതിരിയുകയായിരുന്നു. അന്ന് വാർഡ് കൗൺസിലറായിരുന്ന അഡ്വ.ഷീജ അനിലിന്റെ നേതൃത്വത്തിൽ സി.പി.എം പ്രവർത്തകരാണ് പ്രതിഷേധവുമായി എത്തിയത്. മൂലവട്ടം പ്രദേശത്തെ ബി.ജെ.പി പ്രവർത്തകരും പ്രതിഷേധത്തിന്റെ ഭാഗമായി എത്തിയിരുന്നു. നാട്ടുകാർ ഒന്നിച്ച് പ്രതിഷേധവുമായി എത്തിയതോടെയാണ് ടോൾ പിരിവ് വേണ്ടെന്നു വയ്ക്കാൻ അധികൃതർ നിർബന്ധിതരായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതേ തുടർന്ന് മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഇടപെട്ട് ടോൾ പിരിക്കാനുള്ള തീരുമാനം പിൻവലിക്കുകയായിരുന്നു. എന്നാൽ , ഇവിടെ സ്ഥാപിച്ച ടോൾ ബൂത്ത് നീക്കം ചെയ്തിരുന്നില്ല. ഇതിനിടെ ടോൾ ബൂത്ത് ഒരു തവണ ലോറി ഇടിച്ച് റോഡിൽ വീഴുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് ടോൾ ബൂത്ത് നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമായത്. ടോൾ ബൂത്ത് ഗതാഗത തടസം ഉണ്ടാക്കുന്നതായി നാട്ടുകാർ ആരോപിച്ചിരുന്നു. ഇതേ തുടർന്നാണ് ഇപ്പോൾ ടോൾ ബൂത്ത് നീക്കം ചെയ്യാൻ നടപടി ആരംഭിച്ചത്.