ഹൈദരാബാദ്: കൈക്കൂലി വാങ്ങുന്നതിനിടെ സര്‍ക്കാരുദ്യോഗസ്ഥയെ ആന്റി കറപ്ക്ഷന്‍ ബ്യൂറോ കൈയ്യോടെ പിടികൂടി. തെലങ്കാനയിലാണ് സംഭവം നടന്നത്. തെലങ്കാന ട്രൈബല്‍ വെല്‍ഫെയര്‍ എന്‍ജീനിയറിംഗ് ഡിപ്പാര്‍ട്ട്‌മെന്റിലെ എക്‌സിക്യൂട്ടീവ് എന്‍ജീനിയറായ കെ. ജഗ ജ്യോതിയെയാണ് 84000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടികൂടിയത്. ജഗ ജ്യോതി കൈക്കൂലി ആവശ്യപ്പെട്ടുവെന്ന പരാതിയുമായി ഒരാള്‍ ആന്റി കറപ്ക്ഷന് ബ്യൂറോയെ സമീപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ ഓപ്പറേഷനിലാണ് ഇവരെ കൈയ്യോടെ പിടികൂടിയത്. ഇവരുടെ വീട്ടിലും പോലീസ് പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയില്‍ 65 ലക്ഷം രൂപയും 4 കിലോ സ്വര്‍ണ്ണവും കണ്ടെത്തി. രണ്ട് കോടിയിലധികം മൂല്യം വരും ഇവയ്ക്ക്. നിയമവിരുദ്ധമായാണ് ഇവര്‍ ഇത്രയധികം സ്വത്ത് സമ്ബാദിച്ചതെന്നും പോലീസ് പറഞ്ഞു.
അറസ്റ്റിലായതിന് പിന്നാലെ ക്യാമറയ്ക്ക് മുന്നിലിരുന്ന് കരയുന്ന ജഗ ജ്യോതിയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഫിനോഫ്തലീന്‍ ലായനി പരിശോധനയിലൂടെയാണ് ജഗ ജ്യോതി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്. കെ. ജഗ ജ്യോതി അനര്‍ഹമായ പണം നേടാന്‍ ഔദ്യോഗിക പദവിയിലിരുന്ന് സത്യസന്ധതയില്ലാതെ പ്രവര്‍ത്തിച്ചുവെന്നും ആന്റി കറപ്ക്ഷന്‍ ബ്യൂറോ പറഞ്ഞു. അറസ്റ്റിന് ശേഷം ഇവരുടെ പക്കല്‍ നിന്നും കൈക്കൂലിപ്പണമായ 84000 രൂപ കണ്ടെടുക്കുകയും ചെയ്തു. നിലവില്‍ പോലീസ് കസ്റ്റഡിയിലുള്ള ജഗ ജ്യോതിയെ ഉടന്‍ തന്നെ കോടതിയില്‍ ഹാജരാക്കുമെന്നാണ് റിപ്പോര്‍ട്ട്.