മണർകാട് : മണർകാട് സെൻ്റ് മേരിസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ അമ്മ അറിവ് മേരിവിജ്ഞാനീയ സംസ്കാര പഠനകേന്ദ്രവും റഫറൻസ് ലൈബ്രറിയും വായനശാലയും ഞായറാഴ്ച പ്രവർത്തനം ആരംഭിക്കും. ദൈവമാതാവായ മറിയാമിനെകുറിച്ചുള്ള മേരിവിജ്ഞാനീയ പഠനങ്ങളും ക്രിസ്‌തുമത വിശ്വാസത്തിലെയും ചരിത്രത്തിലെയും സാഹിത്യത്തിലെയും ഒട്ടനവധി ഗ്രന്ഥങ്ങളും നൂതനവും ഈ പഠന കേന്ദ്രത്തിൽ വായനക്ക് ലഭ്യമാവും. സാഹിത്യം, കല, ചരിത്രം, പരിസ്ഥിതി, സ്ത്രീ, വിശുദ്ധ ജീവിതങ്ങൾ, സാംസ്കാര പഠനം, മതങ്ങൾ, കീഴാളജീവിതം, കുടിയേറ്റങ്ങൾ, സ്പോർട്സ്, സെൽഫ് ഹെൽപ്പ്, പേരൻ്റിംഗ്, ആരോഗ്യം, ജീവിതശൈലി രോഗങ്ങൾപോലെ വിഷയങ്ങളിലെയും വൈജ്ഞാനിക സാഹിത്യം, ജീവചരിത്രം (ഓർമ്മ), നോവൽ, ചെറുകഥ, നാടകം, കവിതപോലെ സാഹിത്യ രൂപങ്ങളിലെയും ഗ്രന്ഥങ്ങളും ഇവിടെ ഉണ്ടാവും.
മണർകാട് പള്ളി ചരിത്രം, ആചാരങ്ങൾ, നേർച്ച കാഴചകൾ, എട്ടുനോമ്പ് പെരുന്നാൾ തുടങ്ങി ഒട്ടനവധി വിവരങ്ങളും ഇവിടെ ലഭ്യമാകുന്നതാണ് . ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽനിന്നും എത്തുന്ന മരിയൻ ഭക്തർക്കും ഗവേഷകർക്കും മാതാവിനെയും മറ്റുമതങ്ങളെയും സമൂഹത്തേയും മനസ്സിലാക്കാൻ ഗ്രന്ഥാലയ ശാസ്ത്ര അടിസ്ഥാനത്തിൽ സജ്ജമാക്കിയിരിക്കുന്ന പൂർണ്ണമായും കമ്പ്യൂട്ടർവൽക്കരിച്ച പുസ്തക സംബന്ധമായ ഡേറ്റാബേസ് സഹായിക്കും. ഡിജിറ്റൽ/വിവര സാങ്കേതിക വിദ്യയിലെ നൂതന സങ്കേതങ്ങളിലുടെ ലോകത്തെവിടെ നിന്നുമുള്ള ഓപ്പൺ ആക്‌സസ് സേവനങ്ങളോടെയാവും പൂർണ്ണമായും ശീതീകരിച്ച ഈ ഡിജിറ്റൽ ലൈബ്രറിയുടെ ഭാവി രൂപഘടന. രാവിലെ 8.30 മുതൽ രാത്രി 9.30 വരെയാണ് ഈ റഫറൻസ് ലൈബ്രറിയുടെ പ്രവർത്തന സമയം. അംഗത്വമെടുത്ത് പുസ്തകങ്ങൾ വീടുകളിൽ കൊണ്ടുപോയി വായിക്കാനുള്ള സേവനം ഇവിടെ ലഭ്യമല്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പുണ്യശ്ലോകനായ പെരുമ്പള്ളി ഗീവറുഗീസ് മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ ഇരുപത്തിയഞ്ചാം ദുഃഖറോനോയോട് അനുബന്ധമായി സ്ഥാപിക്കുന്ന ഈ പഠന കേന്ദ്രത്തിൻ്റെ ഉദ്ഘാടനം പള്ളിയങ്കണത്തിൽ കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത ഡോ തോമസ് മോർ തിമോത്തിയോസിന്റെ അധ്യക്ഷതയിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ ഡോ ഗീവർഗീസ് മോർ കൂറിലോസ് മെത്രാപ്പോലീത്ത നിർവഹിക്കും. സിംഹാസന പള്ളികളുടെ മെത്രാപ്പോലീത്ത കുറിയാക്കോസ് മോർ ദീയസ്കോറസ്, ഡോ റോസി തമ്പി എന്നിവർ പ്രഭാഷണം നടത്തും.
വികാരി ഇ ടി കുറിയാക്കോസ് കോർ എപ്പിസ്കോപ്പാ, പ്രോഗ്രാം കോർഡിനേറ്റർ ആൻഡ്രൂസ് ചിരവത്തറ കോർ എപ്പിസ്കോപ്പാ, ട്രസ്റ്റിമാരായ പി എ ഏബ്രഹാം പഴയിടത്തുവയലിൽ, വർഗീസ് ഐപ്പ് മുതലുപടി, ഡോ ജിതിൻ കുര്യൻ ആൻഡ്രൂസ് ചിരവത്തറ, സെക്രട്ടറി വി ജെ ജേക്കബ് വാഴത്തറ, എം ജി സർവ്വകലാശാലാ പ്രസിദ്ധീകരണ വിഭാഗം മുൻ മേധാവി കുര്യൻ കെ തോമസ് കരിമ്പനത്തറയിൽ എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.