ഗവ.കരാറുകാര്‍ സമരത്തിലേക്ക്; മാര്‍ച്ച് നാലിന് സൂചനാ പണിമുടക്ക്

കോട്ടയം: നിര്‍മാണമേഖല നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടികളെടുക്കണമെന്നാവശ്യപ്പെട്ടു സംസ്ഥാനത്തെ ഗവ.കരാറുകാര്‍ സമരത്തിലേക്ക്. മാര്‍ച്ച് നാലിനു പണികള്‍ നിര്‍ത്തിവച്ചു സൂചനാ പണിമുടക്ക് നടത്തുമെന്ന് ഓള്‍ കേരള ഗവ.കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. അന്നു സംസ്ഥാനത്തെ മുഴുവന്‍ താലൂക്ക് കേന്ദ്രങ്ങളിലും പണിമുടക്കി പ്രതിഷേധ സമരവും സംഘടിപ്പിക്കും. നിര്‍മാണമേഖല നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍, ഉദ്യോഗസ്ഥ തലങ്ങളില്‍ യാതൊരു ഇടപെടലുമില്ല. ധനകാര്യ, പൊതുമരാമത്ത്, തദ്ദേശ വകുപ്പ് മന്ത്രിമാര്‍ക്കു പലതവണ നിവേദനങ്ങള്‍ നല്‍കിയിരുന്നു. പൊതുമരാമത്ത് മന്ത്രിയുമായി നടത്തിയ ചര്‍ച്ചകളില്‍ പലകാര്യങ്ങളിലും അഭിപ്രായ സമന്വയം ഉണ്ടായെങ്കിലും ധനകാര്യവകുപ്പിലെ ഉദ്യോഗസ്ഥര്‍ പലതിനും തടസം നില്‍ക്കുകയാണ്.

Advertisements

പൊതുമരാമത്ത് മാന്വല്‍ പരിഷ്‌കരിക്കുക, ബില്‍ ഡിസ്‌കൗണ്ടിന്റെ പലിശ സര്‍ക്കാര്‍ വഹിക്കുക, ഗവ.കരാറുകാരുടെ ലൈസന്‍സ് പുതുക്കുമ്പോള്‍ കേപ്പബിലിറ്റി സര്‍ട്ടിഫിക്കറ്റ് വേണമെന്ന വ്യവസ്ഥ ഒഴിവാക്കുക, പൂര്‍ത്തിയാക്കിയ ബില്ലുകള്‍ക്ക് പണം യഥാസമയം നല്‍കണം എന്നീ ആവശ്യങ്ങളും സര്‍ക്കാരിനു മുന്നില്‍ അസോസിയേഷന്‍ ഉന്നയിച്ചിട്ടുണ്ട്. ഗവ.കരാറുകാര്‍ നിര്‍മാണ പ്രവൃത്തികള്‍ക്കായി എഗ്രിമെന്റ് വയ്ക്കുമ്പോള്‍ ഏറ്റെടുക്കുന്ന വര്‍ക്കിന്റെ 0.1 ശതമാനം തുകയുടെ മുദ്രപത്രമാണ് ഉപയോഗിക്കുന്നത്. എന്നാല്‍ എഗ്രിമെന്റു വച്ച തുകയ്ക്കുള്ളില്‍ നിന്നുകൊണ്ടുതന്നെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യുകയാണെങ്കില്‍ പോലും അങ്ങനെ മാറ്റം വരുത്തുന്ന തുകയുടെ 0.1 ശതമാനത്തിന് വീണ്ടും കരാറുകാരന്‍ മുദ്രപത്രം വാങ്ങുന്നത് ഒഴിവാക്കണം. പിഡബ്ല്യുഡി ലൈസന്‍സ് പുതുക്കുന്നതിന് ലൈസന്‍സ് ഫീസും, സെക്യൂരിറ്റിയും മൂന്നിരട്ടിയായി വര്‍ധിപ്പിച്ചത് പിന്‍വലിക്കണം. 2018ലെ ഡിഎസ്ആര്‍ നിരക്കില്‍ നിന്നുകൊണ്ടാണ് സര്‍ക്കാര്‍ ഇപ്പോഴും ടെണ്ടര്‍ ചെയ്യുന്നത്. 2022ലെ ഡല്‍ഹി ഷെഡ്യൂള്‍ ഓഫ് റേറ്റ്‌സില്‍ പുതിയ വര്‍ക്കുകള്‍ ടെണ്ടര്‍ ചെയ്യണം. ടെണ്ടര്‍ നടന്ന് എഗ്രിമെന്റ് വച്ചതിനു ശേഷം വരുന്ന വിലവര്‍ധന തടയാന്‍ എഗ്രിമെന്റില്‍ വിലവ്യതിയാന വ്യവസ്ഥ ഉള്‍പ്പെടുത്തണം തുടങ്ങിയ ആവശ്യങ്ങളും പലതവണ മന്ത്രിമാര്‍ക്കും, ചീഫ്എഞ്ചിനീയര്‍മാര്‍ക്കും നിവേദനമായി നല്‍കിയിട്ടും ചര്‍ച്ചകളില്‍ ഉന്നയിച്ചിട്ടും നാളിതുവരെ യാതൊരു പരിഹാരവുമുണ്ടായിട്ടില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെടുന്ന സര്‍ക്കാര്‍, ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റികള്‍ക്ക് 10 ശതമാനം ടെണ്ടര്‍ വേരിയേഷന്‍ നല്‍കുന്നതിലൂടെ പ്രതിവര്‍ഷം കോടിക്കണക്കിനു രൂപയാണ് അധികചിലവ് വരുത്തുന്നത്. വര്‍ക്കുകള്‍ പൂര്‍ത്തീകരിച്ച ത്രിതല പഞ്ചായത്തിലെ കരാറുകാര്‍ക്ക് യഥാസമയം പണം നല്‍കുന്നില്ല. ബില്‍ ഡിസ്‌കൗണ്ടിംഗ് സിസ്റ്റം വഴി പണം ലഭിക്കാത്ത അവസ്ഥയുണ്ട്. പല ബാങ്കുകളിലും ബിഡിഎസ് നല്‍കാന്‍ തയാറാകുന്നില്ല. ഇക്കാര്യത്തില്‍ ധനകാര്യ വകുപ്പും- തദ്ദേശ സ്വയംഭരണ വകുപ്പും യാതൊരു ഇടപെടലും നടത്തുന്നില്ല. ചെറുകിട കരാറുകാര്‍ വലിയ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്.
മാര്‍ച്ച് നാലിലെ സൂചനാ പണിമുടക്കിനു ശേഷവും സര്‍ക്കാര്‍ ചര്‍ച്ചയിലൂടെ വിഷയങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ ടെണ്ടറുകള്‍ ബഹിഷ്‌ക്കരിച്ചും, പണികള്‍ നിര്‍ത്തിവച്ചും സമരം ചെയ്യാന്‍ കേരളത്തിലെ ഗവ.കരാറുകാര്‍ നിര്‍ബന്ധിതരാകുമെന്ന് ജില്ലാ പ്രസിഡന്റ് അനില്‍ കെ കുര്യന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് സോണി മാത്യു, സംസ്ഥാന സെക്രട്ടറി ജോഷി ചാണ്ടി, ജില്ലാ ട്രഷറാര്‍ എം.എൻ പ്രഭാകരന്‍ നായര്‍, സംസ്ഥാന കമ്മറ്റി അംഗം പി. എം ജേക്കബ്, ചങ്ങനാശ്ശേരി താലൂക്ക് സെക്രട്ടറി അജി ജോസെഫ്, ജില്ലാ എക്സിക്യൂട്ടിവ് കമ്മറ്റിയങ്കം പി.എസ് രഞ്ജന്‍, പാലാ ഒആർജി സെക്രട്ടറി ജോർജ് ജോസഫ് എന്നിവര്‍ അറിയിച്ചു.

Hot Topics

Related Articles