കുമരകത്ത് നിന്നും
ജാഗ്രതാ ന്യൂസ്
പ്രാദേശിക ലേഖകൻ
കോട്ടയം : കുമരകത്ത് പൊലീസ് ഉദ്യോഗസ്ഥന്റെ വീട് തല്ലിത്തകർത്ത ‘മിന്നൽ മുരളി’ പൊലീസിന്റെ വലയിൽ. മിന്നൽ മുരളി എന്ന് വീട്ടിൽ എഴുതി വച്ച യുവാവിനെ തിരിച്ചറിഞ്ഞ പൊലീസ് കസ്റ്റഡിൽ എടുത്തു. സംഭവ സ്ഥലത്ത് നിന്നും ഇയാളുടെ ഒരു ജോഡി ചെരുപ്പ് പൊലീസിന് ലഭിച്ചിരുന്നു. ഈ ചെരുപ്പ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേയ്ക്ക് എത്തിയത്. ഇയാളുടെ മൊബൈൽ ടവർ ലൊക്കേഷൻ എടുത്ത ശേഷം പ്രതിയെ വിശദമായി ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്താൻ ഒരുങ്ങുകയാണ് പൊലീസ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പുതുവത്സരത്തലേന്നാണ് കുമരകത്ത് പൊലീസ് ഉദ്യോഗസ്ഥന്റെ ആൾ താമസമില്ലാത്ത വീടിന്റെ ജനൽചില്ല് സാമൂഹ്യ വിരുദ്ധ സംഘം തല്ലിത്തകർത്ത ശേഷം മിന്നൽ മുരളി എന്ന് ഭിത്തിയിൽ എഴുതി വച്ചത്. വെച്ചൂരിൽ കുടുംബ സമേതം താമസിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ചെമ്പിത്തറ വീട്ടിൽ ഷാജിയുടെ അടിച്ചിട്ടിരിക്കുന്ന വീടിന്റെ ജനൽ ചില്ലാണ് കഴിഞ്ഞ ദിവസം അക്രമി സംഘം അടിച്ചു തകർത്തത്. ഭിത്തിയിൽ മിന്നൽ മുരളി എന്ന് ഏഴുതി വയ്ക്കുക കൂടി ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞതും വൈറലായി മാറിയതും.
കുമരകം എം.ആർ.എഫ് ട്രെയിനിങ് സെന്ററിലേയ്ക്കുള്ള വഴിയിലെ വീടിന്റെ ജനലാണ് അക്രമി സംഘം അടിച്ചു തകർത്തത്. വെച്ചൂർ പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനായ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്. നാളുകളായി ഈ വീട് പൂട്ടിയിട്ട ശേഷം ഷാജിയും കുടുംബവും വെച്ചൂരിലാണ് താമസിക്കുന്നത്.
നാട്ടുകാർ വിവരം അറിയിച്ചതോടെയാണ് ആക്രമണ വിവരം ഷാജി അറിഞ്ഞത്. വീടിന്റെ ജനൽ ചില്ലുകളും വാതിലും അടിച്ചു തകർക്കുകയും വീടിന്റെ ചുമരിൽ മിന്നൽ മുരളി എന്ന് എഴുതിയും വച്ചിട്ടുണ്ട്.വീടിന്റെ വാതുക്കൽ മല വിസർജനവും നടത്തുകയും ടോയ്‌ലറ്റ് അടിച്ചു തകർത്തും വീടിന്റെ വാതിൽ സമീപത്തെ തോട്ടിൽ എറിയുകളും ചെയ്തു.
ഷാജിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ സംഭവ ദിവസം ബൈക്കിൽ നാലു യുവാക്കൾ സ്ഥലത്ത് എത്തിയിരുന്നതായി കണ്ടെത്തിയിരുന്നു. ഈ ബൈക്കിലെത്തിയ യുവാക്കളെ പൊലീസ് പെട്രോളിംങ് സംഘം കണ്ടിരുന്നു. തുടർന്ന് ഈ ബൈക്കിലെത്തിയ യുവാക്കളെ സ്റ്റേഷനിലേയ്ക്ക് വിളിച്ച് വരുത്തുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ ചോദ്യം ചെയ്യലിൽ ബൈക്ക് ഉടമകളിൽ ഒരാളെ ചോദ്യം ചെയ്തതോടെ, തന്റെ ബൈക്ക് സംഭവ ദിവസം എടുത്ത സുഹൃത്തിന്റെ പേര് പറയുകയായിരുന്നു.
ഈ യുവാവിന്റെ ചെരുപ്പ് പൊലീസ് വീട്ടിൽ നിന്നു കണ്ടെത്തിയിട്ടുണ്ട്. ഈ യുവാവിന്റെ മൊബൈൽ ടവർ ലൊക്കേഷൻ പൊലീസ് ശേഖരിക്കുന്നുണ്ട്. ഇതിന് ശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും. രാവിലെ കുമരകം പൊലീസ് സ്റ്റേഷനിൽ എത്താൻ യുവാവിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഡി വൈ എസ്.പി ജെ.സന്തോഷ് കുമാർ ജാഗ്രതാ ന്യൂസ് ലൈവിനോട് പറഞ്ഞു.