കോട്ടയം : ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിൽ സ്റ്റാറ്റിക് സർവയലൻസ് ടീമിന്റെ പ്രവർത്തനം വ്യാഴാഴ്ച ആരംഭിക്കും. തെരഞ്ഞെടുപ്പു കാലത്ത് അനധികൃത പണമിടപാടുകളും ലഹരിപദാർഥങ്ങളും ആയുധങ്ങളും മണ്ഡലത്തിലേക്കെത്തുന്നതു തടയുന്നതിന്റെ ഭാഗമായാണ് സ്റ്റാറ്റിക് സർവയലൻസ് ടീമിനെ നിയോഗിച്ചിട്ടുള്ളത്. ജില്ലാ അതിർത്തിയിലെ 28 പോയിന്റുകളിലായാണ് ടീമിന്റെ പ്രവർത്തനം. 84 ടീമുകളാണുള്ളത്. ഒരു ടീം ലീഡർ, രണ്ടുപോലീസ് ഉദ്യോഗസ്ഥർ, ഒരു വീഡിയോ ഗ്രാഫർ എന്നിവരാണ് ഒരു ടീമിൽ. മൂന്ന് ഷിഫ്റ്റുകളായാണ് പ്രവർത്തനം. ഇലവീഴാ പൂഞ്ചിറ ടോപ്പ്, കാഞ്ഞിരം കവല, നീർപാറ, പ്ലാച്ചേരി, ഇടകടത്തി, വഴിക്കടവ്, പൂത്തോട്ട, തണ്ണീർമുക്കം ബണ്ട്, ളായിക്കാട്, മുക്കൂട്ടുതറ, കല്ലേൽപ്പാലം, നെല്ലപ്പാറ, ചെറുകരപ്പാലം, ഏന്തയാർപ്പാലം, പായിപ്പാട്, പുളിക്കൻപാറ, തോപ്പിൽക്കടവ്, പുതുവേലി, ടി.ആർ.ആൻഡ് ടീ എസ്റ്റേറ്റ്, കൊമ്പുകുത്തി, ഇളംകാട് പാലം, കറുകച്ചാൽ, വഞ്ചികപ്പാറ, പെരുംകുറ്റി, അഴുതയാർ പാലം, കൂട്ടിക്കൽ ചപ്പാത്ത്, കണമലപ്പാലം,കുളമാവുംകുഴി എന്നിവിടങ്ങളിലാണ് സ്റ്റാറ്റിക് സർവയലൻസ് ടീം പ്രവർത്തിക്കുക. മതിയായ രേഖകളില്ലാതെ അൻപതിനായിരം രൂപയിൽ കൂടുതൽ കൈവശം വച്ച് യാത്ര ചെയ്യുന്നവർക്കെതിരെയും മയക്കുമരുന്ന്, പുകയില ഉൽപന്നങ്ങൾ, നിയമാനുസൃതമല്ലാത്ത മദ്യം എന്നിവയുമായി യാത്ര ചെയ്യുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കും. പണം പിടിച്ചെടുത്തത് സംബന്ധിച്ച് പരാതിയുള്ളവർക്ക് കളക്ട്രേറ്റിലെ അപ്പീൽ കമ്മിറ്റി മുൻപാകെ അപ്പീൽ ഫയൽ ചെയ്യാം.