കോട്ടയം : ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി രൂപീകരിച്ച ഫ്ളയിംഗ് സ്ക്വാഡുകളുടെ പ്രവർത്തനം നിരീക്ഷിക്കാൻ ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും കൺട്രോൾ റൂമുകൾ. ജി.പി.എസ് സംവിധാനമുള്ള ലൈവ് വെബ് സ്ട്രീമിങ്ങ് ക്യാമറകൾ ഘടിപ്പിച്ച വാഹനങ്ങളാണ് ഫ്ളയിംഗ് സ്ക്വാഡുകൾക്കായി ഉപയോഗിക്കുന്നത്. ഇത് വഴി ജില്ലാ തലത്തിലും സംസ്ഥാനതലത്തിലും സജ്ജീകരിച്ചിരിക്കുന്ന കൺട്രോൾ റൂമുകളിലിരുന്ന് ഇവരുടെ പ്രവർത്തനം നിരീക്ഷിക്കാം. ജില്ലയിൽ കളകട്രേറ്റിന് സമീപമുള്ള രജിസ്ട്രേഷൻ കോംപ്ലക്സിലാണ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. മൂന്ന് ഷിഫ്റ്റുകളിലായാണ് സ്ക്വാഡുകളുടെ പ്രവർത്തനം. ഒരു നിയോജക മണ്ഡലത്തിൽ രണ്ട് സ്ക്വാഡുകൾ വച്ച് ഒൻപത് നിയോജക മണ്ഡലങ്ങളിലായി ഒരു ഷിഫ്റ്റിൽ 18 ഫ്ളയിംഗ് സ്ക്വാഡുകളാണ് പ്രവർത്തിക്കുന്നത്. വാഹന പരിശോധനയും സീ വിജിൽ ആപ്ലിക്കേഷിലൂടെ ലഭിക്കുന്ന പരാതികളുമായി ബന്ധപ്പെട്ട പരിശോധനകളുമാണ് പ്രധാനമായും നടത്തുക. അനധികൃതമായി കൈവശം വച്ചിട്ടുള്ള മദ്യം, പണം എന്നിവ പിടികൂടുന്നതിനാണ് വാഹനപരിശോധന. മതിയായ രേഖകളില്ലാതെ വാഹനങ്ങളിൽ കണ്ടെത്തുന്ന അൻപതിനായിരം രൂപയ്ക്ക് മുകളിലുള്ള തുകയും അനുവദനീയമായ അളവിൽ കൂടുതലുള്ള മദ്യവും സ്ക്വാഡ് പിടിച്ചെടുക്കും. ഇവ കണ്ടെത്തുന്ന വാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്കും വാഹന ഉടമകൾക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്യും. ഒരു ടീം ലീഡറും രണ്ട് പോലീസ് ഓഫീസർമാരും ഒരു വീഡിയോ ഗ്രാഫറുമാണ് സ്ക്വാഡിലുള്ളത്.