ദില്ലി : ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഹർജിയില്‍ ഇഡിക്ക് സുപ്രീം കോടതി നോട്ടീസ് നല്കി. ഈ മാസം 29നകം മറുപടി നല്‍കണമെന്ന് നോട്ടീസില്‍ നിർദ്ദേശിച്ചിട്ടുണ്ട്. ഇഡിയുടെ മറുപടിക്ക് ശേഷം കേസില്‍ വാദം കേള്‍ക്കാമെന്നും സുപ്രീം കോടതി പറഞ്ഞു. ഇന്നാണ് കെജ്രിവാളിന്റെ ഹർജി സുപ്രീം കോടതി പരിഗണിച്ചത്.
മദ്യനയ അഴിമതിക്കേസിലെ ഇഡി നടപടി രാഷ്ട്രീയ പ്രേരിത മാണെന്നും ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇഡി നിയമവിരുദ്ധ നടപടിയാണ് സ്വീകരിച്ചതെന്നുമാണ് ഹർജിയില്‍ പറയുന്നത്. ഇതേ ആവശ്യമുന്നയിച്ച് നല്കിയ ഹർജി നേരത്തെ ദില്ലി ഹൈക്കോടതി തള്ളിയിരുന്നു. നേരത്തെ കെജ്രിവാളിൻ്റെ ഹർജി തള്ളിക്കളഞ്ഞ ഹൈക്കോടതി മദ്യനയ അഴിമതിയില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന ഇഡിയുടെ വാദം ശരിവെച്ചിരുന്നു.