പരുമല: മലങ്കര ഓർത്തഡക്സ് സുറിയാനി സഭയുടെ പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായി കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപൻ ഡോ. മാത്യൂസ് മാർ സേവേറിയോസിനെ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ ഐകകണ്ഠ്യേന തെരഞ്ഞെടുത്തു.
ഡോ. മാത്യൂസ് മാർ സേവേറിയോസ് ഐകകണ്ഠ്യേന തെരഞ്ഞെടുക്കപ്പെട്ടതായി സീനിയർ മെത്രാപ്പോലീത്താ കുറിയാക്കോസ് മാർ ക്ലീമീസ് പ്രഖ്യാപിച്ചത് അസോസിയേഷൻ അംഗങ്ങൾ എഴുന്നേറ്റ് നിന്ന് കൈയ്യടിച്ച് അംഗീകരിച്ചു. ഈ സമയം ആചാരവെടി മുഴക്കുകയും ചെയ്തു. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ കാലംചെയ്തതിനെ തുടർന്നുണ്ടായ ഒഴിവിൽ മലങ്കര മെത്രാപ്പോലീത്താ സ്ഥാനം തൽസമയം തന്നെ ഡോ. മാത്യൂസ് മാർ സേവേറിയോസ് ഏറ്റെടുക്കുന്നതായി സീനിയർ മെത്രാപ്പോലീത്താ കുറിയാക്കോസ് മാർ ക്ലീമീസ് പ്രഖ്യാപിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദീയസ്‌കോറോസ്, വൈദിക ട്രസ്റ്റി ഫാ.ഡോ. എം.ഒ. ജോൺ, അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ എന്നിവർ ചേർന്ന് അഭിനവ മലങ്കര മെത്രാപ്പോലീത്തായെ പ്രസിഡന്റു തിരുമേനിയുടെ ഇരിപ്പിടത്തിനു സമീപത്തേക്ക് ആനയിച്ചു. കുറിയാക്കോസ് മാർക്ലീമീസ്, സഖറിയാ മാർ അന്തോണിയോസ്, യൂഹാനോൻ മാർ മിലിത്തോസ്, ഡോ. യൂഹാനോൻ മാർ ദീയസ്‌കോറോസ്, ഡോ. സഖറിയാസ് മാർ അപ്രേം മലങ്കര മെത്രാപ്പോലീത്തായുടെ സ്ഥാന ചിഹ്നങ്ങൾ ഓരോന്നായി ധരിപ്പിച്ചു. മലങ്കര മെത്രാപ്പോലീത്തായുടെ സ്ഥാന ചിഹ്നങ്ങളുടെ പ്രാധാന്യത്തെ സംബന്ധിച്ച് ഫാ.ഡോ. എം.ഒ. ജോൺ വിശദീകരിച്ചു. അംശവസ്ത്രങ്ങൾ ധരിച്ച മലങ്കര മെത്രാപ്പോലീത്താ അംശവടിയും സ്ലീബായും കൈകളിലേന്തി അസോസിയേഷൻ പ്രതിനിധികളെ വാഴ്വ് നൽകി അനുഗ്രഹിച്ചു.
കുറിയാക്കോസ് മാർ ക്ലീമീസ്, സഖറിയാ മാർ അന്തോണിയോസ്, വൈദിക ട്രസ്റ്റി ഫാ.ഡോ. എം.ഒ. ജോൺ, അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ എന്നിവർ പുഷ്പഹാരം അണിയിച്ച് ആദരിച്ചു.
മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ നടത്തിപ്പുമായി ബന്ധപ്പെട്ട് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ യുടെയും അദ്ദേഹത്തിന്റെ വിയോഗത്തിന് ശേഷം കുറിയാക്കോസ് മാർ ക്ലീമ്മിസ് തിരുമേനിയും സ്വീകരിച്ച എല്ലാ നടപടികളും അംഗീകരിച്ചു കൊണ്ടുള്ള പ്രമേയവും പൗരസ്ത്യ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും പിൻഗാമിയായി തെരഞ്ഞെടുത്ത ഡോ. മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്തായോടുള്ള ഭക്തിയാദരവുകൾ പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രമേയവും കോവിഡ് 19 മഹാമാരി മൂലം അസോസിയേഷൻ യോഗ ക്രമീകരണങ്ങൾ ലോകത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ അനുയോജ്യമായ സാങ്കേതിക സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി നടത്തിയത് സംബന്ധിച്ച പ്രമേയവും അസോസിയേഷൻ സെക്രട്ടറി അവതരിപ്പിക്കുകയും യോഗം അത് ഐക്യകണ്ഠ്യേന അംഗീകരിക്കുകയും ചെയ്തു.
പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ, തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്താ, സഖറിയാസ് മാർ തേയോഫിലോസ് മെത്രാപ്പോലീത്താ, ഫാ. വർഗീസ് പുന്നകൊമ്പിൽ കോർഎപ്പിസ്‌ക്കോപ്പാ, അത്മായ ട്രസ്റ്റി ആയിരുന്ന ജോർജ്ജ് പോൾ, എം. ജി. ജോർജ് മുത്തൂറ്റ്, മുൻ അസോസിയേഷൻ സെക്രട്ടറി എം. റ്റി. പോൾ, മാനേജിംഗ് കമ്മറ്റി അംഗം ജേക്കബ് ഉമ്മൻ എന്നിവരുടെ നിര്യാണത്തിലുള്ള അനുശോചനം യോഗം രേഖപ്പെടുത്തി.
ഫാ. ഡോ. എം. പി. ജോർജ്ജ് പ്രാർത്ഥനാ ഗാനം ആലപിച്ചു. ഫാ. ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്‌ക്കോപ്പാ വേദവായന നടത്തി.
മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ തെരഞ്ഞെടുപ്പ് അംഗീകരിച്ച് എത്രയും വേഗം കാതോലിക്കാ സ്ഥാനാരോഹണം നടത്തണമെന്ന് പരിശുദ്ധ എപ്പിസ്‌കോപ്പൽ സുന്നഹദോസിനോട് യോഗം അഭ്യർത്ഥിച്ചു. സുന്നഹദോസ് അംഗീകരിക്കുന്ന മുറയ്ക്ക് കാതോലിക്കാ സ്ഥാനാരോഹണം നടത്തുന്നതാണെന്നും കുറിയാക്കോസ് മാർ ക്ലീമീസ് യോഗത്തെ അറിയിച്ചു.
57-ാമത് മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ യോഗമാണ് പരുമലയിൽ നടന്നത് സഭാ മാനേജിംഗ് കമ്മറ്റിയുടെ ഏക നാമനിർദ്ദേശമായ കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപൻ ഡോ. മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്തായെ 22-ാമത് മലങ്കര മെത്രാപ്പോലിത്തായായും 9-ാമത് കാതോലിക്കായുമായിട്ടാണ് അസോസിയേഷൻ യോഗം ഐകകണ്ഠ്യേന തെരഞ്ഞെടുത്തത്. സഭയുടെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനായ പരുമല തിരുമേനിയുടെ കബറിടം സ്ഥിതി ചെയ്യുന്ന വിശുദ്ധ ഭൂമിയിൽ നടന്ന 11-ാമത് അസോസിയേഷൻ യോഗമാണ് ഇന്നു നടന്നത്.
1876-ൽ മുളന്തുരുത്തി സുന്നഹദോസിൽ രൂപീകരിച്ച മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ, ലോക ക്രൈസ്തവ സഭകളിലെ ഏറ്റവും വിപുലമായ ജനാധിപത്യ പൊതുയോഗമാണ്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ, എല്ലാ പള്ളി പ്രതിപുരുഷന്മാർക്കും ഒരേ സ്ഥലത്ത് ഒരേ സമയം ഒത്തുചേരാൻ കഴിയാത്ത സാഹചര്യം കണക്കിലെടുത്ത്, മെത്രാസന അടിസ്ഥാനത്തിൽ ആഗോള തലത്തിൽ വിവര സാങ്കേതികവിദ്യയുടെ സഹായത്തോടെ ഒരുക്കിയ വിവിധ കേന്ദ്രങ്ങളിലായി നാലായിരത്തിൽ അധികം പ്രതിനിധികൾ 30 മെത്രാസനങ്ങളെയും, 1590 ഇടകകളെയും പ്രതിനിധീകരിച്ച് 3091 അംഗങ്ങൾ ഹാജർ രേഖപ്പെടുത്തി അസോസിയേഷനിൽ പങ്കെടുത്തു.
അസോസിയേഷൻ അംഗങ്ങളായ മെത്രാപ്പോലീത്താമാരും, സഭാ മാനേജിംഗ് കമ്മറ്റി അംഗങ്ങളും മാത്രമാണ് പരുമലയിൽ സമ്മേളിച്ചതെന്ന് അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ അറിയിച്ചു.
രാവിലെ 9 മണി മുതൽ 12 വരെ സഭാ മാനേജിംഗ് കമ്മറ്റി അംഗങ്ങളായ അസോസിയേഷൻ പ്രതിനിധികളുടെ രജിസ്ട്രേഷൻ പരുമലയിലും, മറ്റ് പ്രതിനിധികളുടെ രജിസ്ട്രേഷൻ അതേ സമയത്തുതന്നെ ഭദ്രാസന അടിസ്ഥാനത്തിൽ ക്രമീകരിച്ച വിവിധ കേന്ദ്രങ്ങളിലും നടന്നു. പ്രാർത്ഥനയ്ക്കും കബറിങ്കലെ ധൂപപ്രാർത്ഥനയ്ക്കു ശേഷം നടന്ന ഘോഷയാത്രയുടെ ഏറ്റവും മുമ്പിലായി കാതോലിക്കേറ്റ് പതാക ഏന്തിയ മാനേജിംഗ് കമ്മറ്റി അംഗങ്ങൾ തുടർന്ന് അസോസിയേഷൻ സെക്രട്ടറി, വൈദിക ട്രസ്റ്റി, മെത്രാപ്പോലീത്തൻമാർ എന്ന ക്രമത്തിൽ സമ്മേളന നഗറിൽ പ്രവേശിച്ചു.
സീനിയർ മെത്രാപ്പോലീത്തായും അഡ്മിനിസ്ട്രേറ്റീവ് കൗൺസിൽ പ്രസിഡന്റുമായ കുറിയാക്കോസ് മാർ ക്ലീമീസ് മെത്രാപ്പോലീത്താ മലങ്കര അസോസിയേഷന് അദ്ധ്യക്ഷത വഹിച്ചു. ഫാ. അലക്സാണ്ടർ ജെ. കുര്യൻ മുഖ്യ വരണാധികാരിയായി പ്രവർത്തിച്ചു. മെത്രാപ്പോലീത്താമാരായ ഡോ. തോമസ് മാർ അത്താനാസിയോസ്, യൂഹാനോൻ മാർ മിലിത്തോസ്, സഖറിയാ മാർ അന്തോണിയോസ്, ഗീവർഗീസ് മാർ കൂറിലോസ്, സഖറിയാ മാർ നിക്കോളാവോസ്, ഡോ. യാക്കോബ് മാർ ഐറേനിയോസ്, ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ്, യൂഹാനോൻ മാർ പോളികാർപ്പോസ്, മാത്യൂസ് മാർ തേവോദോസ്യോസ്, ഡോ. ജോസഫ് മാർ ദിവന്നാസിയോസ്, എബ്രഹാം മാർ എപ്പിഫാനിയോസ്, ഡോ. മാത്യൂസ് മാർ തിമോത്തിയോസ്, അലക്സിയോസ് മാർ യൗസേബിയോസ്, ഡോ. യൂഹാനോൻ മാർ ദീയസ്‌കോറോസ്, ഡോ. യൂഹാനോൻ മാർ ദിമെത്രയോസ്, ഡോ. യൂഹാനോൻ മാർ തേവോദോറോസ്, യാക്കോബ് മാർ ഏലിയാസ്, ഡോ. ജോഷ്വാ മാർ നിക്കോദിമോസ്, ഡോ. സഖറിയാസ് മാർ അപ്രേം, ഡോ. ഗീവർഗീസ് മാർ യൂലിയോസ്, ഡോ. ഏബ്രഹാം മാർ സെറാഫിം, വൈദിക ട്രസ്റ്റി ഫാ.ഡോ. എം.ഒ. ജോൺ, അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ എന്നിവർ സംബന്ധിച്ചു.
സഭയുടെ പരമാദ്ധ്യക്ഷനായി അസോസിയേഷൻ യോഗത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപൻ ഡോ. മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്താ സമാനതകളില്ലാത്ത സാമൂഹ്യ സേവനത്തിന്റെയും കാരുണ്യത്തിന്റെയും വറ്റാത്ത ഉറവയും ദൈവശാസ്ത്ര പണ്ഡിതനുമാണ്. 1949 ഫെബ്രുവരി 12-ന് കോട്ടയം വാഴൂർ മറ്റത്തിൽ ചെറിയാൻ അന്ത്രയോസിന്റെയും മറിയാമ്മയുടെയും മകനായി ജനിച്ച അദ്ദേഹം ജന്മദേശത്തെ വിദ്യാലയങ്ങളിൽ നിന്നായി പ്രാഥമിക വിദ്യാഭ്യാസവും കോട്ടയം സി.എം.എസ്. കോളേജിൽ നിന്ന് ബിരുദവും പൂർത്തിയാക്കിയാണ് 1973-ൽ വൈദിക വിദ്യാഭ്യാസത്തിനായി കോട്ടയം പഴയ സെമിനാരിയിൽ എത്തുന്നത്. റഷ്യയിലെ ലെനിൻഗ്രാഡ് തിയോളജിക്കൽ സെമിനാരിയിൽ നിന്നും സെഞ്ച്വറി ബൈസ്റ്റാൻഡ് ഓർത്തഡോക്സ് തിയോളജിക്കലിൽ പി.ജി. ഡിപ്ലോമായും ലഭിച്ചു.
റോമിലെ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സുറിയാനി പാരമ്പര്യത്തിൽ മാമ്പൂഗിലെ മാർ പീലക്സീനോസിന്റെ ക്രിസ്തു ശാസ്ത്ര ദർശനങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ഗവേഷണത്തിന് ഡോക്ടറേറ്റ് ലഭിച്ചു. 1978-ൽ വൈദീകനായ അദ്ദേഹം 1991-ൽ പരുമലയിൽ വച്ച് എപ്പിസ്‌കോപ്പായായി അഭിഷിക്തനായി. 1993 മുതൽ കണ്ടനാട് ഭദ്രാസന മെത്രാപ്പോലീത്തായാണ്. പരിശുദ്ധ എപ്പിസ്‌കോപ്പൽ സുന്നഹദോസ് സെക്രട്ടറി, വൈദീക സംഘം പ്രസിഡന്റ്, ബസ്‌ക്യാമ്മ അസോസിയേഷൻ പ്രസിഡന്റ്, സ്ലീബാദാസ സമൂഹം പ്രസിഡന്റ് തുടങ്ങിയ നിലകളിലും, പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ അസിസ്റ്റന്റായും പ്രവർത്തിച്ചു. നിലവിൽ കോട്ടയം പഴയ സെമിനാരിയുടെ വൈസ് പ്രസിഡന്റും, ദിവ്യബോധനം പ്രസിഡന്റും, ഇടുക്കി, മലബാർ ഭദ്രാസനങ്ങളുടെ സഹായ മെത്രാപ്പോലീത്തായായും പ്രവർത്തിക്കുന്നു. ജാതി-മത ഭേതമന്യേ സാധുജനങ്ങൾക്ക് നിസ്വാർത്ഥ സഹായം നല്കുന്ന 16 പ്രസ്ഥാനങ്ങളുടെ സ്ഥാപകനുമാണ് ഡോ. മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്താ.