ഫലസ്തീനികളുടെ ജീവിതം കൂടുതല്‍ ദുരിതത്തിലാക്കി ഇസ്രയേല്‍ ആക്രമണം. ഒരുലക്ഷത്തിലധികം പേരാണ് ബോംബിങ് കടുത്തതോടെ പലായനം ചെയ്തത്. ഈജിപ്തില്‍നിന്നുള്ള റഫാ അതിർത്തി ഇസ്രയേല്‍ സൈന്യം പിടിച്ചെടുത്തതോടെ കഴിഞ്ഞ മൂന്ന് ദിവസമായി ഗാസയിലേക്കുള്ള സഹായ വിതരണങ്ങള്‍ തടസപ്പെട്ടിരുന്നു. മാനുഷിക പ്രവർത്തനങ്ങളെ പൂർണമായും വികലമാക്കുന്ന നടപടികളാണ് ഇസ്രയേലിന്റേതെന്ന് ഐക്യരാഷ്ട്ര സഭ അഭിപ്രായപ്പെട്ടിരുന്നു. പുതുതായി കുടിയിറക്കപ്പെട്ട മനുഷ്യർക്ക് അടിസ്ഥാന സൗകര്യങ്ങള്‍ പോലും ലഭിക്കാതെ വലയുകയാന്നെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്. റഫായിലെ അഭയാർഥി ക്യാമ്ബുകളില്‍നിന്ന് കുടിയിറക്കപ്പെടുന്നവർ, ഇസ്രയേല്‍ ആക്രമണത്തില്‍ തകർന്ന് തരിപ്പണമായ അവശിഷ്ടങ്ങള്‍ക്കിടയിലേക്കാണ് തിരികെ പോകുന്നത്. റഫാ ഉപേക്ഷിക്കാന്‍ നിർബന്ധിതരാകുന്നവരുടെ എണ്ണം ഇനിയും വർധിക്കാനാണ് സാധ്യത. റഫായിലെ പൂർണ്ണ തോതിലുള്ള ആക്രമണത്തില്‍നിന്ന് പിന്മാറിയില്ലെങ്കില് ആയുധങ്ങള്‍ നല്‍കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞിരുന്നു.
900 കിലോഗ്രാം ബോംബുകളുടെ 1,800 എണ്ണവും 225 കിലോഗ്രാമിന്റെ 1,700 ബോംബുകളുമാണ് അമേരിക്ക ഇസ്രയേലിന് കൈമാറാൻ തീരുമാനിച്ചിരുന്നത്. എന്നാല്‍ റഫാ ആക്രമണമാണ് ഷിപ്മെന്റ് തടയാൻ കാരണമായത്. അതേസമയം, റഫായിലെ കര ആക്രമണത്തിന് ആവശ്യമായ എല്ലാ ആയുധങ്ങളും തങ്ങളുടെ പക്കലുണ്ടെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു.വെടിനിർത്തലിന് വേണ്ടി ഈജിപ്തില്‍ നടന്ന ചർച്ചകളുടെ ഏറ്റവും പുതിയ റൗണ്ട് അവസാനിച്ചതായും റഫായിലും ഗാസയിലെ മറ്റ് ഭാഗങ്ങളിലും ആസൂത്രണം ചെയ്തതുപോലെ ഇസ്രയേല്‍ അതിൻ്റെ പ്രവർത്തനവുമായി മുന്നോട്ട് പോകാനുമാണ് തീരുമാനം. റഫായിലേക്കുള്ള സഹായവിതരണം ഇസ്രയേല്‍ തടയുന്നതാണ് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുന്നത്. ഏകദേശം 13 ലക്ഷത്തോളം മനുഷ്യരാണ് അഭയാർഥികളായി റഫായില്‍ കഴിയുന്നത്. ഗാസയുടെ പല മേഖലകളില്‍ നടത്തിയ ഇസ്രയേല്‍ ആക്രമണത്തില്‍ നാടും വീടും നഷ്ടപ്പെട്ടവരാണ് ഇവർ. നിലവില്‍ ആക്രമണം ഏഴുമാസം പിന്നിടുമ്ബോള്‍ സഹായ ശേഖരങ്ങളൊന്നുമില്ല അവസ്ഥയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഡസൻ കണക്കിന് വ്യോമാക്രമണങ്ങളും ടാങ്കുകള്‍ ഉപയോഗിച്ച് ആവർത്തിച്ചുള്ള ബോംബാക്രമണങ്ങളും വ്യാഴാഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒപ്പം ഇസ്രയേലി സൈനികർക്ക് നേരെ ഹമാസ് നിരവധി റോക്കറ്റ് ആക്രമണങ്ങളും നടത്തുന്നുണ്ട്. തിങ്കളാഴ്ച ഇസ്രയേല്‍ സൈന്യം മുന്നറിയിപ്പ് നല്കി ഒഴിപ്പിച്ച റഫായുടെ കിഴക്കൻ സമീപപ്രദേശങ്ങളിലാണ് പ്രധാനമായും ആക്രമണം കേന്ദ്രീകരിച്ചിരിക്കുന്നത്. എന്നാല്‍ പല ബോംബാക്രമണങ്ങളും ജനങ്ങള്‍ തിങ്ങിപ്പാർക്കുന്ന അഭയാർത്ഥി ക്യാമ്ബുകള്‍ക്ക് നേരെയും ഉണ്ടാകുന്നുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 60 മരണങ്ങളെങ്കിലും ഗാസയിലെ ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കിഴക്കൻ റഫായിലെ താമസക്കാരെ ഒഴിപ്പിക്കാൻ ഇസ്രയേല്‍ ഉത്തരവിട്ട തിങ്കളാഴ്ച മുതല്‍, പ്രതിദിന റിപ്പോർട്ട് ചെയ്യപ്പെട്ട മരണസംഖ്യ 50ന് മുകളിലാണ്. ഒക്ടോബർ ഏഴുമുതല്‍ ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ കുറഞ്ഞത് 34,904 പേർ കൊല്ലപ്പെടുകയും 78,514 പേർക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
റഫ ആക്രമണത്തില്‍ ഇസ്രായേലിനെതിരെ അമേരിക്ക രംഗത്ത് എത്തിയിട്ടുണ്ട്. ഇസ്രായേലിലേക്കുള്ള ആയുധകൈമാറ്റം തടഞ്ഞതായി അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ അറിയിച്ചു. അവശേഷിച്ച ആയുധ ആയുധകൈമാറ്റങ്ങളുടെ കാര്യത്തില്‍ അന്തിമ തീരുമാനമായില്ലെന്നും ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞു. റഫയ്ക്കു നേരെയുള്ള വ്യാപക ആക്രമണത്തെ ചെറുക്കുമെന്നും സൈനിക നടപടിയില്‍ സിവിലിയൻ സുരക്ഷയ്ക്ക് മുൻഗണന വേണമന്നാണ് അമേരിക്കൻ നിലപാടെന്നും ഓസ്റ്റിൻ വ്യക്തമാക്കി. ഇസ്രായേല്‍ – ഹമാസ് വെടിനിർത്തല്‍ ചർച്ചയില്‍ പുരോഗതി പ്രതീക്ഷിക്കുന്നതായി വൈറ്റ്ഹൗസും അറിയിച്ചു.
അതേസമയം ഗസയില്‍ സമാധാനം പുനസ്ഥാപിക്കാൻ മധ്യസ്ഥ രാജ്യങ്ങള്‍ മുന്നോട്ടുവെച്ച വെടിനിർത്തല്‍ നിർദേശം ഹമാസ് അംഗീകരിച്ചിരുന്നു. വെടിനിർത്തലുമായി ബന്ധപ്പെട്ട തുടർ നടപടികള്‍ സ്വീകരിക്കണമെന്നും ഖത്തറിനെയും ഈജിപ്തിനെയും ഹമാസിന്റെ രാഷ്ട്രീയകാര്യ മേധാവി ഇസ്മാഈല്‍ ഹനിയ്യയാണ് അറിയിച്ചിരുന്നു. രണ്ടു ദിവസത്തിലധികം നീണ്ട കെയ്റോ വെടിനിർത്തല്‍ ചർച്ചയെ തുടർന്ന് ഖത്തറില്‍ തിരിച്ചെത്തിയ ഹമാസ് സംഘമാണ് മുതിർന്നനേതാക്കളുമായുള്ള കൂടിയാലോചനയെ തുടർന്ന് ഔദ്യോഗിക അംഗീകാരം അറിയിച്ചത്.