ജി.വിശ്വനാഥൻ
ജാഗ്രതാ ന്യൂസ്
ഡെസ്‌ക് കോട്ടയം
കോട്ടയം: സി.പി.എം ജില്ലാ സെക്രട്ടറിയേറ്റിലും ജില്ലാ കമ്മിറ്റിയിലും വൻ അഴിച്ചു പണി വരുന്നു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും മന്ത്രിയുമായ വി.എൻ വാസവൻ ജില്ലാ സെക്രട്ടറിയേറ്റിൽ നിന്നും ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാകും. ജില്ലാ സെക്രട്ടറിയേറ്റിൽ നിന്നും വാസവൻ അടക്കം മൂന്നു പേർ ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാകുമെന്നാണ് റിപ്പോർട്ട്. ജില്ലാ കമ്മിറ്റിയുടെയും സെക്രട്ടറിയേറ്റിന്റെയും അംഗബലം ഒന്നു വീതം ഉയർത്തുന്നതിനും തത്വത്തിൽ ധാരണയായിട്ടുണ്ട്. കെ.സി മാമ്മൻമാപ്പിള ഹാളിൽ നടക്കുന്ന ജില്ലാ സമ്മേളനത്തിലാണ് ഇതു സംബന്ധിച്ചുള്ള ചർച്ചകൾ ഉണ്ടാകുക.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിലവിൽ ഒൻപത് അംഗ ജില്ലാ സെക്രട്ടറിയേറ്റാണ് സി.പി.എമ്മിനു കോട്ടയം ജില്ലയിൽ ഉള്ളത്. ഈ അംഗസംഖ്യ പത്താക്കുന്നതിനാണ് തത്വത്തിൽ ധാരണയായിരിക്കുന്നത്. ജില്ലാ സെക്രട്ടറിയേറ്റിൽ നിന്നും സംസ്ഥാന കമ്മിറ്റി അംഗമായ വി.എൻ വാസവൻ ഒഴിവാകും. എം.പി ജോസഫും വാസവനൊപ്പം ഒഴിവാകുമെന്നാണ് സൂചന. പ്രായത്തിന്റെ കടുംപിടുത്തം പാർട്ടി തുടർന്നാൽ എഴുപത് കടന്ന സി.ജെ ജോസഫിനും സെക്രട്ടറിയേറ്റിൽ നിന്നും ഒഴിവാകേണ്ടി വരും. ഇതോടെ മൂന്ന് ഒഴിണ് ജില്ലാ സെക്രട്ടറിയേറ്റിൽ ഉണ്ടാകുക. സെക്രട്ടറിയേറ്റിന്റെ അംഗ സംഖ്യ ഒന്ന് വർദ്ധിപ്പിച്ച് പത്താക്കുന്നതോടെ അധികമായി ഒരാളെ കൂടി കമ്മിറ്റിയിൽ ഉൾപ്പെടുത്താൻ സാധിക്കും.
നിർബന്ധമായും ജില്ലാ സെക്രട്ടറിയേറ്റിൽ ഒരു വനിതയുണ്ടാവണമെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ നിർദേശം. ഈ സാഹചര്യത്തിൽ കൃഷ്ണ കുമാരി രാജശേഖരനെയും, രമാ മോഹനെയുമാണ് സെക്രട്ടറിയേറ്റിലേയ്ക്കു പരിഗണിക്കുന്നത്. കെ.അനിൽകുമാറിന്റെ പേരും, റെജി സഖറിയയുടെ പേരിനും പരിഗണന നൽകുന്നുണ്ട്. എന്നാൽ, സംസ്ഥാന കമ്മിറ്റിയുടെ കൂടി അഭിപ്രായം പരിഗണിച്ച ശേഷമാകും അന്തിമ തീരുമാനം ഉണ്ടാകുക.
നിലവിലുള്ള 38 അംഗ ജില്ലാ കമ്മിറ്റിയിൽ നിന്നും വി.എൻ വാസവൻ, പി.എൻ പ്രഭാകരൻ, പി.എൻ തങ്കപ്പൻ എന്നിവർ ഒഴിവാകും. 38 അംഗ ജില്ലാ കമ്മിറ്റിയുടെ അംഗബലം 39 ആയി വർദ്ധിപ്പിക്കുന്നതു സംബന്ധിച്ചും ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. വാസവൻ അടക്കമുള്ളവർ ഒഴിയുന്ന ഒഴിവിലേയ്ക്കു
ഡിവൈ.എഫ്.ഐ ജില്ലാ സെക്രട്ടറി സജേഷ് ശശി, ജില്ലാ പഞ്ചായത്തംഗം കെ.വി ബിന്ദു, തലയോലപ്പറമ്പ് ഏരിയ സെക്രട്ടറി ശെൽവൻ, പൂഞ്ഞാർ ഏരിയ സെക്രട്ടറി കുര്യാക്കോസ് , പുതുപ്പള്ളി ഏരിയ സെക്രട്ടറി സുഭാഷ് പി.വർഗീസ് എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്.
ഇത് കൂടാതെ സമ്മേളനത്തിൽ പങ്കെടുക്കുന്ന സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ അഭിപ്രായം കൂടി പരിഗണിച്ചാവും ജില്ലാ കമ്മിറ്റി, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളുടെ കാര്യത്തിൽ തീരുമാനം ഉണ്ടാകുക.