പൊന്‍കുന്നം: വൈദ്യുതി കുടിശിക വരുത്തിയയാളുടെ വീട്ടില്‍ കണക്ഷന് വിച്ഛേദിക്കാന്‍ പോയ ലൈന്‍മാനെ വീട്ടിലെ വളര്‍ത്തു നായ കടിച്ചു. പൊന്‍കുന്നം കെ.എസ്.ഇ.ബി. ഓഫീസിലെ ലൈന്മാന് ശ്രീകാന്തി(38)നാണ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ആറു കടിയേറ്റു. ബുധനാഴ്ച രാവിലെ 10.30നാണ് സംഭവം. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് 36 കുത്തിവയ്പ്പെടുത്തു. നായക്ക് പേവിഷ പ്രതിരോധകുത്തിവയ്പ്പ് എടുത്തിരുന്നില്ല. സംഭവം സംബന്ധിച്ച് പൊന്‍കുന്നം വീട്ടുവേലില്‍ ശ്രീകുമാറിനെതിരെ കെ.എസ്.ഇ.ബി. അസി.എന്‍ജിനീയര്‍ പൊന്‍കുന്നം പോലീസില്‍ പരാതി നല്കി.
ഈ മാസം 15ന് ഇയാളുടെ ഓട്ടോറിക്ഷ ഇടിച്ച് വൈദ്യുതിത്തൂണ് തകര്‍ന്ന സംഭവമുണ്ടായിരുന്നു. അതിന്റെ പിഴ ഇനിയും അടയ്ക്കാനുണ്ട്. കൂടാതെ കണക്ഷന് വിച്ഛേദിക്കാനെത്തുമെന്ന് വിളിച്ചറിയിച്ചിട്ടും നായയെ കൂട്ടിലടയ്ക്കാത്തത് മനഃപൂര്‍വമാണെന്നാണ് പരാതി.