റോഡ് പുനരുദ്ധാരണ ഫണ്ട് രണ്ടു വർഷമായി വെട്ടിക്കുറച്ചത് രണ്ടരക്കോടി രൂപ . പനച്ചിക്കാട് ഗ്രാമ പഞ്ചായത്തിലെ ഗ്രാമീണ റോഡുകളെല്ലാം കുളമാക്കിയതിൻ്റെ ഉത്തരവാദി സർക്കാരും വാട്ടർ അതോറിറ്റിയും

പനച്ചിക്കാട് : പൊട്ടിപ്പൊളിഞ്ഞ റോഡുകൾ നന്നാക്കാത്തതിന് പഞ്ചായത്തിനെയോ പഞ്ചായത്തംഗങ്ങളെയോ കുറ്റപ്പെടുത്തരുതെന്ന് പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആനിമാമ്മനും വൈസ് പ്രസിഡൻ്റ് റോയി മാത്യുവും അഭ്യർത്ഥിച്ചു . സർക്കാർ , ഫണ്ടനുവദിച്ചെങ്കിൽ മാത്രമെ റോഡുകളുടെ പുനരുദ്ധാരണം നടത്താൻ കഴിയൂ . അനുവദിക്കുന്നില്ലെന്നു മാത്രമല്ല , റോഡ് പുനരുദ്ധാരണ ഫണ്ട് സംസ്ഥാന ബജറ്റിൽ അനുവദിച്ചതുകയിൽ നിന്നും കഴിഞ്ഞ രണ്ടു വർഷമായി രണ്ടരക്കോടി രൂപയാണ് സർക്കാർ വെട്ടിക്കുറച്ചത് . യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് ബജറ്റിലൂടെ അനുവദിക്കുന്ന തുകയ്ക്കു പുറമെ മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ്റെ ഇടപെടലിലൂടെ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് 5 കോടി രൂപ ലഭിച്ച നാടാണിതെന്ന് കുറ്റപ്പെടുത്തുന്നവർ മറക്കരുതെന്നും ഇരുവരും ഓർമിപ്പിച്ചു . എൽ ഡി എഫ് സർക്കാരിൻ്റെ കഴിഞ്ഞ 8 വർഷത്തെ ഭരണകാലത്ത് പനച്ചിക്കാട് ഗ്രാമ പഞ്ചായത്തിൻ്റെ 23 വാർഡിലെ ഒരു ഗ്രാമീണ റോഡിനും ഒരു രൂപ പോലും അനുവദിച്ചിട്ടില്ലെന്നതും എല്ലാവരും ഓർക്കണമെന്നും കൊല്ലാട് കൊല്ലംകവല – തൃക്കോവിൽ ക്ഷേത്രം റോഡിൻ്റെ പുനരുദ്ധാരണത്തിന് എംഎൽഎ ഫണ്ടിൽ നിന്നും ഇപ്പോൾ 30 ലക്ഷം രൂപ അനുവദിച്ചത് തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്ന ജനപ്രതിനിധിയുടെ ജനങ്ങളോടുള്ള പ്രതിബദ്ധതയുടെ തെളിവാണെന്നും പ്രസിഡൻ്റും വൈസ് പ്രസിഡൻ്റും പറഞ്ഞു .
കൂടാതെ റോഡുകൾ പൊട്ടിപ്പൊളിഞ്ഞു കിടക്കുവാനുള്ള മറ്റൊരു കാരണം പഞ്ചായത്തിൻ്റെ
എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കുവാൻ ഏറ്റെടുത്ത ജൽ ജീവൻ മിഷൻ പദ്ധതിയുടെ താളം തെറ്റലാണ് . 71 കോടി രൂപയുടെ കരാർ ഏറ്റെടുത്ത കരാർ കമ്പനി കഴിഞ്ഞ ആറുമാസമായി പദ്ധതിയുടെ പ്രവർത്തനങ്ങൾ നിർത്തിവച്ചിരിക്കുകയാണ് . ഇതിന് പൂർണ ഉത്തരവാദി സർക്കാരും വാട്ടർ അതോറിറ്റിയുമാണ് . പഞ്ചായത്ത് ഭരണസമിതി ഒന്നടങ്കം സമരപരമ്പരകൾ തന്നെ നടത്തിയിട്ടും കഴിഞ്ഞ ആറുമാസമായി ഒരിഞ്ചുപോലും പദ്ധതിചലിപ്പിക്കുവാൻ വാട്ടർ അതോറിറ്റിക്കു കഴിഞ്ഞിട്ടില്ലെന്നും ആനിമാമ്മനും റോയി മാത്യുവും ആരോപിച്ചു .

Advertisements

Hot Topics

Related Articles