ആക്രികൊണ്ട് ആയിരം കോടിയുടെ തട്ടിപ്പ് ; സംസ്ഥാനത്ത് ജി എസ് ടി വകുപ്പിന്റെ മിന്നല്‍ പരിശോധന 

തിരുവനന്തപുരം: ആയിരം കോടി രൂപയുടെ നികുതി വെട്ടിച്ച കേസില്‍ ജി എസ് ടി വകുപ്പിന്റെ മിന്നല്‍ പരിശോധന തുടരുന്നു. ഇരുമ്പുരുക്ക് വ്യവസായവും ആക്രിക്കച്ചവടവുമായി ബന്ധപ്പെട്ട മേഖലകളിലെ കമ്പനികളിലാണ് റെയ്‌ഡ്‌. സംസ്ഥാന വ്യാപകമായി 101 കേന്ദ്രങ്ങളില്‍ റെയ്‌ഡ്‌ നടക്കുകയാണ്. 350 ലധികം ഉദ്യോഗസ്ഥർ റെയ്‌ഡില്‍ പങ്കെടുക്കുന്നുണ്ട്. കോഴിക്കോട്, പാലക്കാട്, മലപ്പുറം, എറണാകുളം, ജില്ലകളിലാണ് പരിശോധന നടക്കുന്നത്. സ്ക്രാപ്പ് ഗോഡൗണുകള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും പരിശോധന. പാലക്കാട് ജില്ലയില്‍ നിന്ന് മാത്രം 700 കോടി രൂപയുടെ വെട്ടിപ്പ് കണ്ടെത്തിയതായാണ് സൂചന. ഷെല്‍ കമ്പനികള്‍ വഴി ഇൻപുട് ക്രെഡിറ്റ് നേടിയാണ് കോടികളുടെ വെട്ടിപ്പ് നടത്തിയതെന്ന് ജി എസ് ടി വകുപ്പ് പറയുന്നു. തട്ടിപ്പുകാരില്‍ ചിലർ കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്.

Advertisements

കേരളത്തിലെ ഇരുമ്പ് ഉരുക്ക് വ്യവസായ മേഖലയിലെ നികുതി വെട്ടിപ്പ് കുപ്രസിദ്ധി നേടിയതാണ്. സംഘടിതമായ ശ്രമങ്ങള്‍ ഈ തട്ടിപ്പിന് പിന്നിലുണ്ടെന്ന് പലതവണ വ്യക്തമായതാണ്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2022 ഏപ്രിലില്‍ കോടിക്കണക്കിന് രൂപയുടെ നികുതി വെട്ടിപ്പിന്റെ പിന്നിലെ സൂത്രധാരനായ കൈരളി സ്റ്റീല്‍ ഉടമ ഹുമയൂണ്‍ കള്ളിയത്ത് അറസ്റ്റിലായിരുന്നു. 2023 നവമ്പറില്‍ അനധികൃത ഇടപാടുകള്‍ നടത്തിയതിന് വിവിധ കമ്പനികളില്‍ നിന്ന് 12850 കിലോ ഉരുക്ക് ജി എസ് ടി വകുപ്പ് പിടിച്ചെടുത്ത് ലേലം ചെയ്‌തിരുന്നു. ആക്രി ഗോഡൗണുകള്‍ കേന്ദ്രീകരിച്ച്‌ ഷെല്‍ കമ്പനികള്‍ രൂപീകരിച്ച്‌ വ്യാജ രേഖകള്‍ നിർമ്മിച്ച്‌ ഇൻപുട്ട് ടാക്സ് നേടിയാണ് കോടികളുടെ നികുതി വെട്ടിക്കുന്നത്. വർഷങ്ങള്‍ നീണ്ട നടപടിക്ക് ശേഷവും കേരളത്തിലെ സ്റ്റീല്‍ മേഖലയിലെ നികുതി വെട്ടിപ്പിന് ഒരു കുറവുമുണ്ടായില്ലെന്ന സൂചനയാണ് പുതിയ പരിശോധന സൂചിപ്പിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ട് നട്ടം തിരിയുന്ന സംസ്ഥാനത്തിന് താങ്ങാനാവുന്ന ഒന്നല്ല ഈ നികുതി ചോർച്ചയെന്നും ഇത്തരം തട്ടിപ്പുകള്‍ അവസാനിപ്പിക്കാൻ നിയമ നിർമ്മാണം അടക്കമുള്ള സാദ്ധ്യതകള്‍ പരിശോധിക്കണമെന്നും ഈ രംഗത്തെ വിദഗ്ദ്ധർ ആവശ്യം ഉന്നയിക്കുന്നുണ്ട്.

Hot Topics

Related Articles