കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കോട്ടയം സ്വദേശിയും തിരുനക്കരയിലെ ഹോട്ടൽ ഉടമയുമായ പ്രവാസി വ്യവസായി മെഹബൂബ് അബ്ദുള്ളയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും.
ഇയാളുടെ ശബ്ദ സാമ്പിൾ ശേഖരിക്കാനായി ക്രൈംബ്രാഞ്ച് കോടതിയിൽ അപേക്ഷ നൽകും. ശബ്ദസാമ്പിൾ പരിശോധിച്ച ശേഷമായിരിക്കും മെഹബൂബിനെ പ്രതിയാക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുക. കാവ്യാ മാധവനും ദിലീപും അടക്കം ഏഴ് പേരുടെ ശബ്ദ സാമ്പിൾ ശേഖരിച്ച് പരിശോധിക്കും.
കേസിൽ ദിലീപിനെ സഹായിച്ച വിഐപി താനല്ലെന്നും, അടുത്തകാലത്തൊന്നും നടന്റെ വീട്ടിൽ പോയിട്ടില്ലെന്നും മെഹബൂബ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.നാർകോ അനാലിസിസ് പരിശോധനയ്ക്കുൾപ്പടെ താൻ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നടിയെ അക്രമിച്ച ദൃശ്യങ്ങൾ ദിലീപിനെ ഏൽപ്പിച്ചത് കേസിലെ വിഐപി ആണെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ മൊഴി നൽകിയിരുന്നു.പൊലീസ് ഉദ്യോഗസ്ഥരെയും കേസിലെ മുഖ്യപ്രതിയായ പൾസർ സുനിയെയും ആക്രമിക്കാൻ ഇതേ വിഐപി പദ്ധതിയിട്ടിരുന്നതായും ബാലചന്ദ്രകുമാർ ആരോപിച്ചിരുന്നു.
അതേസമയം കേസിൽ വിചാരണക്കോടതി നടപടികൾ ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച അപ്പീലിൽ ഹൈക്കോടതി നാളെ വിധി പറയും. കേസിലെ എട്ട് സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം വിചാരണക്കോടതി തള്ളിയതിനെതിരെയാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. ദിലീപിന്റെ മുൻകൂർ ജാമ്യഹർജി കോടതി ചൊവ്വാഴ്ചയാണ് പരിഗണിക്കുക.