മാനസിക ആരോഗ്യമേഘലയെ കുറിച്ചുള്ള അനേകം ‘സ്റ്റിഗ്മകൾ’ ക്രമേണ ഇല്ലാതാവട്ടെ. ഡോ. സണ്ണിയുടെ ബാധയിൽ നിന്ന് മലയാള സിനിമ മോചിക്കപ്പെടട്ടെ.; ‘ഭൂതകാലത്തിലെ’ കാഴ്ചകൾ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് അനിൽ കുമാർ. കെ എഴുതുന്നു

ഭൂതകാലം

Advertisements
അനിൽ കുമാർ. കെ
ക്ലിനിക്കൽ സൈക്കോളജിസ്റ്റ്

അത്ര സുഖകരമല്ലാത്ത തൻറെ ജീവിത സാഹചര്യങ്ങളിൽ നിന്നും പുറത്ത് കടക്കാൻ വെമ്പുന്ന, എന്നാൽ അതിന് സാധിക്കാത്ത,
വെല്ലുവിളികൾക്ക് മുന്നിൽ പതറിപ്പോകുന്ന
‘വൾണറബിൾ’ ആയ ചെറുപ്പക്കാരനാണ് ഷെയിനിൻറെ ‘വിനു’
വിഷാദ രോഗിയായ അമ്മ (രേവതി)
മകൻ എപ്പോഴും കൂടെയുണ്ടാകണമെന്ന ആഗ്രഹത്താൽ അവനെ ഒരു തൊഴിലിനും ദൂരേക്ക് അയക്കില്ലെന്ന നിർബന്ധബുദ്ധിക്കാരിയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വളരെ നേരത്തെ ഭർത്താവ് നഷ്ടപ്പെട്ട,
മകനെ തനിച്ച് വളർത്തിയ അവർ
പ്രായമായ അമ്മയുംകൂടി മരണപ്പെട്ടതോടെ
ഇനി മകനുംകൂടി ദൂരേക്ക് പോയാൽ തനിക്കുപിന്നെ ആരാണുള്ളതെന്ന ചിന്ത
അവനെ തളച്ചിടാൻ പ്രേരിപ്പിക്കുന്നു.
ഒറ്റപ്പെട്ടു പോകുമോയെന്ന ഭയം.
താൻ ചെയ്യുന്നതെല്ലാം മകനോടുള്ള സ്‌നേഹം കൊണ്ടാണെന്ന ധാരണയിൽ അതൊക്കെ അവനിൽ ഉണ്ടാക്കുന്ന ക്ലേശങ്ങളെ അവർ കാണാതെ പോകുന്നു.

അമ്മ, സുഹൃത്ത്, കാമുകി,
അങ്ങിനെ പ്രിയപ്പെട്ടവരാരിൽ നിന്നും
അവൻ പ്രതീക്ഷിക്കുന്ന തരത്തിലുള്ള ഒരു പിന്തുണ ലഭിക്കുന്നില്ല.
ആരും തന്നെ മനസിലാക്കുന്നില്ലെന്ന ചിന്ത അവനെ നിരാശനാക്കുകയും,
വല്ലാത്ത മാനസിക സംഘർഷത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്നു.
ഒറ്റപ്പെടീൽ അവനെ ഭയചകിതനാക്കുന്നു.
മാനസിക സംഘർഷം താങ്ങാനാവാതെ പലപ്പോഴും ലഹരിയെ ആശ്രയിക്കേണ്ടി വരുന്നു.
ഉറക്കം നഷ്ടപ്പെടുന്നു.
ഇരുൾ വീഴുമ്പോൾ പേടിപ്പെടുത്തുന്ന ഭ്രമാത്മക കാഴ്ചകൾ കണ്ട് അലറിവിളിക്കുന്നു.

അപ്പോഴും ആരുംതന്നെ അവൻറെ പ്രശ്‌നങ്ങളെ മനസിലാക്കുന്നില്ല.
കുറ്റങ്ങളും കുറവുകളും മാത്രം കാണുന്നു.
പലരും ”ഭ്രാന്തിന് ഭ്രാതാശുപത്രി തന്നെയാണ് നല്ലതെന്ന” തരത്തിലുള്ള ലേബലിംഗ് നടത്തുന്നു.
എല്ലാവരും അവനിലെ ‘അബ്‌നോർമാലിറ്റി’ മാത്രം കാണുന്നു.
അവൻ അത്രമേൽ നിസഹായനായി പോകുന്നു.
മകൻ തകർച്ചയിലേക്ക് കൂപ്പുകുത്തുന്നുവെന്ന് മനസിലാക്കുന്ന അമ്മ അവനോടൊപ്പമുള്ള മരണമാണ് അഭയമെന്ന് തീരുമാനിക്കുന്നിടത്ത്.
അവർ തമ്മിലുള്ള സംഘർഷങ്ങളുടെ
ഒരു മൂർധന്യഘട്ടത്തിൽ അവർ പരസ്പരം മനസ്സ് തുറക്കാനിടയാകുന്നു.
അതോടെ അവർ തമ്മിലുള്ള അകലം-
അതിർവരമ്പ്-
ഇല്ലാതാകുന്നു.
ആ നിമിഷം മുതൽ അവൻറെ വ്യഥകൾ,
ഭയങ്ങൾ, മതിഭ്രമ കാഴ്ചകൾ,
ഒക്കെയും അമ്മയുടെത് കൂടി ആകുന്നു.
അങ്ങിനെ ഭൂതകാലത്തിൻറെ ഇരുളടഞ്ഞുകൊണ്ടിരുന്ന അവരുടെ ജീവിതത്തിലെ ഭീകര സത്ത്വങ്ങളെ, വ്യഥകളെ ഒരുമിച്ച് നേരിടുന്നു.

എത്ര മോഹരമായ സന്ദേശമാണത്!
അത്രമേൽ മനോവ്യഥ അനുഭവിക്കുന്നൊരു വ്യക്തിയോട് അടുപ്പമുള്ളവർക്ക് ചെയ്യാവുന്ന ഏറ്റവും വലിയ കാര്യം അയാളുടെ പ്രശ്‌നങ്ങളെ അയാളുടെ സ്ഥാനത്ത്‌നിന്ന് നോക്കികാണാനും യാതൊരു മുൻവിധികളുമില്ലാതെ നിരുപാധികം പിന്തുണ നൽകാനും സാധിക്കുകയെന്നതാവും.
നിർഭാഗ്യവശാൽ അത്തരത്തിൽ ‘എംപതിയോടെ’ (Empathy) പ്രശ്‌നങ്ങളെ കേൾക്കാനും മനസിലാക്കാനും ആളില്ലാതെ പോകുന്നതാവും പലരേയം കൊടിയ നിരാശയിലേക്ക് തള്ളിവിടുന്നത്.

”എന്നാലും നിനക്കീഗതി വന്നല്ലോ!” എന്നമട്ടിലുള്ള സഹതാപ പ്രകടനങ്ങൾക്കോ, ”ഇതൊക്കെ എന്ത്? ഇതിലും വലുത് ഞാൻ നേരിട്ടിട്ടുണ്ട്” എന്ന രീതിയിലുള്ള വമ്പു പറച്ചിലുകൾക്കോ,
അതുമല്ലങ്കിൽ ”ഇതൊക്കെ മറ്റുള്ളവരുടെ ശ്രദ്ധ കിട്ടാൻ വേണ്ടിയുള്ള വെറും നാട്യങ്ങളല്ലേ?” എന്ന മട്ടിലുള്ള തിരസ്‌കരണങ്ങൾക്കോ ഒന്നും വിഷമിച്ചിരിക്കുന്ന ഒരാൾക്ക് ഒരു ഗുണവും ചെയ്യുന്നില്ലന്നു മാത്രമല്ല വിപരീത ഫലമുണ്ടാക്കുകയും ചെയ്യാം.
ഇത്തരം വികാര പ്രകടനങ്ങൾ (Expressed Emotions) പലപ്പോഴും പ്രിയപെട്ടവരിൽ നിന്നുതന്നെ സർവ്വസാധാരണമായി കാണാം. ‘എംപതി’ തൊട്ടു തീണ്ടിയിട്ടില്ലാത്ത അത്തരം സമീപനങ്ങൾ മാനസിക വ്യഥ അനുഭവിക്കുന്ന ഒരു വ്യക്തിയിൽ ഉളവാക്കുന്ന ഒറ്റപ്പെടലും നിസഹായതയും ചെറുതല്ല.

മോശം ഭൂതകാലവും, വെല്ലുവിളികൾ നിറഞ്ഞ ജീവിത സാഹചര്യങ്ങളും,
ഒപ്പം രോഗാതുരതയുടെ പാരമ്പര്യവും കൂടി ചേരുമ്പോൾ,അത് മാനസിക ആരോഗ്യത്തെ എത്രത്തോളം പ്രതികൂലമായി ബാധിക്കാമെന്ന് ചിത്രം നന്നായി വരച്ച് കാട്ടുന്നു.
വിഷാദരോഗം പോലെയുള്ള മാനസികാസ്വാസ്ത്യങ്ങൾക്ക് ‘മെഡിക്കേഷൻറെ’ പ്രാധാന്യത്തെക്കുറിച്ച് വളരെ സ്വാഭാവികമായി ചിത്രത്തിൽ പറഞ്ഞു പോകുന്നത് നല്ലൊരു ലക്ഷണമാണ്. അടുത്തകാലം വരെയും സിനിമകളിൽ സൈക്ക്യാട്രിക്ക് മെഡിസിൻസ് ഉപയോഗിക്കുന്നതിനെ എന്തോ ഭീകരമായ കാര്യം പോലെ അവതരിപ്പിക്കുന്നതായിരുന്നല്ലോ പതിവ്.

ആകെ ഒരു ന്യൂനതയായി തോന്നിയത് വീട്ടിൽ വന്ന് കൌൺസിലിംഗ് നൽകുന്ന ആൾ (സൈജു കുറുപ്പിൻറെ കഥാപാത്രം) എന്തുതരം പ്രൊഫഷണൽ ആണെന്നോ, അയാളുടെ സമീപനരീതിയോ അത്ര വ്യകതതയുള്ളതായി തോന്നിയില്ല. മന:ശാസ്ത്രജ്ഞരെയും അവരുടെ ചികിത്സാ രീതികളെയും ഹാസ്യത്തിനായുള്ള ഒരു സാമഗ്രിയായാണ്
നമ്മുടെ സിനിമകളിൽ പലപ്പോഴും ഉപയോഗിച്ച് കണ്ടിട്ടുള്ളത്. ആ മേഘലയെ കുറിച്ചുള്ള അജ്ഞത ഇപ്പോഴും അങ്ങനെതന്നെ നിലനിൽക്കുകയാണ്.
ഏതായാലും മാനസിക ആരോഗ്യവും അതിലെ ശാസ്ത്രീയ സമീപനങ്ങളുമൊക്കെ നമ്മുടെ സിനിമകളിൽ സർവ്വസാധരനമാകട്ടെയെന്നു ആശിക്കാം. അങ്ങിനെ മാനസിക ആരോഗ്യമേഘലയെ കുറിച്ചുള്ള അനേകം ‘സ്റ്റിഗ്മകൾ’ ക്രമേണ ഇല്ലാതാവട്ടെ. ഡോ. സണ്ണിയുടെ ബാധയിൽ നിന്നുക്കെ മലയാള സിനിമ മോചിക്കപ്പെടട്ടെ.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.