കുടുക്കയും കലയും
കലാപ്രവർത്തകർ കുടുക്ക പൊട്ടിച്ച് അരി വാങ്ങുന്നവർ എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച ഫീച്ചർ കാണാനിടയായി. അഭിപ്രായം രേഖപ്പെടുത്തുന്നത് ഒരു മുൻ സംഗീത നാടക അക്കാഡമി ചെയർമാനും സംസ്ഥാന സർക്കാർ പത്മശ്രീക്കുവരെ നാമനിർദ്ദേശം നൽകിയ വ്യക്തിയായതിനാലും പ്രതിപാദിക്കുന്നത് ഞാനടങ്ങുന്ന കലാപ്രവർത്തകരെയായതിനാലും ചില ചിന്തകൾ പങ്കുവയ്ക്കണമെന്നു തോന്നുന്നു. ലേഖനം വായിച്ചപ്പോൾ ആദ്യം മനസ്സിലൂടെ കടന്നു പോയത് അദ്ദേഹം സംഗീതനാടക അക്കാഡമി ചെയർമാനായിരുന്നപ്പോഴുള്ള ചില സംഭവങ്ങളാണ്. അക്കാലത്ത് ഇന്ത്യയിലെ ദേശീയ നൃത്തോത്സവങ്ങളിലൊന്നായ നിശാഗന്ധി നൃത്തോത്സവം ചരിത്രത്തിലാദ്യമായി സിനിമാനടിമാരുടെ വേദിയായി മാറുകയായിരുന്നു. ശാസ്ത്രീയ നൃത്തവേദികളുടെ നിലവാരത്തകർച്ച അവിടെ നിന്നുമാണ് ആരംഭിക്കുന്നത്. (കിറ്റും, സിപിഎം ജില്ല സമ്മേളനങ്ങളും, കോളേജ് തിരഞ്ഞെടുപ്പും തുടങ്ങിയവ അദ്ദേഹത്തിൻറെ വ്യക്തിപരമായ രാഷ്ട്രീയ കാഴ്ചപ്പാടുകളായതിനാൽ അവയെപ്പറ്റി പ്രതിപാദിക്കുവാൻ ആഗ്രഹിക്കുന്നില്ല). കലാപ്രവർത്തകർക്ക് അവർ അർഹിക്കുന്ന അവസരങ്ങൾ ലഭിക്കണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുകയും ചെയ്യുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്ന് കേരളത്തിലെ കലാപ്രവർത്തകർക്ക്, കോവിഡ് പ്രതിസന്ധിയില്ലാതിരുന്നെങ്കിൽ നിരവധി അവസരങ്ങൾ അവരെ തേടിയെത്തുന്നുണ്ടോ? ഉദാഹരണത്തിന് ഒരു ശാസ്ത്രീയ നൃത്താവതരണത്തിനു പക്കവാദ്യത്തിനു മാത്രമായി ഏറ്റവും ചുരുങ്ങിയത് 20,000 രൂപയാണാവുക. എന്നാൽ നൃത്തം ചെയ്യുന്ന കലാകാരിക്ക് എത്രയാണ് ഒരു അവതരണത്തിനുള്ള വേതനം? കയ്യിൽ നിന്ന് കാശ് മുടക്കാതെ നൃത്തം ചെയ്യാൻകഴിയുന്ന എത്ര വേദികൾ ഇന്ന് കേരളത്തിലുണ്ട്? അഞ്ചുകൊല്ലം സാംസ്കാരിക മേഖലയെ മാറ്റിമറിക്കാനുള്ള അവസരമുണ്ടായിട്ടും എന്തുകൊണ്ട് അതിനു സാധിച്ചില്ല? അവശതയനുഭവിക്കുന്ന കാലാകാരന്മാരെ ഒന്നിച്ചു നിർത്തി പലഹാരമുണ്ടാക്കുന്ന ഒരു സ്വയം തൊഴിൽ സംരംഭം ആരംഭിച്ച് ഓണത്തിനും ക്രിസ്തുമസിനുമൊക്കെ പണം സ്വരൂപിച്ചതായി സൂചിപ്പിക്കുന്നു. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സൂര്യഫെസ്റ്റിവലിൽ അവരിൽ എത്രപേർക്ക് അവസരം ലഭിച്ചു? കോവിഡ് കാലത്ത് ഇന്ത്യയിൽ ഒരിടത്തും ഇപ്പോൾ ഫെസ്റ്റിവൽ നടക്കുന്നില്ല എന്നത് അസത്യമാണ്. കേരളത്തിലെ സാംസ്കാരിക വകുപ്പിനു കീഴിൽ ധാരാളം ഫെസ്റ്റിവലുകൾ സാധാരണ കലാകാരന്മാരിൽ നിന്ന് അപേക്ഷ ക്ഷണിച്ച് കഴിയുന്നവരെയെല്ലാം ഉൾപ്പെടുത്തി അവതരണങ്ങൾ നടന്നിട്ടുണ്ട്.
ഇത്തരത്തിലുള്ള സുതാര്യത സൂര്യഫെസ്റ്റിവലിന് എന്തുകൊണ്ടാണ് ഉറപ്പുവരുത്താൻ കഴിയാത്തത്. സൂര്യ ഫെസ്റ്റിവലിൻറെ കഴിഞ്ഞ കുറച്ചുവർഷത്തെ Dance Festival Brochure എടുത്തുനോക്കിയാൽ സാമാന്യ വിവേകമുള്ള ആർക്കും മനസ്സിലാകും. സിനിമാതാരങ്ങളുടെ അതിപ്രസരം സഹിക്കാവുന്നതിലും അപ്പുറമാണ്. 14 വർഷം ഇടവേളയെടുത്തു തിരിച്ചെത്തിയ കഴിവുള്ള ഒരു കലാകാരിയെ ഇദ്ദേഹം അദ്ധ്യക്ഷനായിരുന്ന സംഗീത നാടക അക്കാഡമി സ്വീകരിച്ചത് കലാശ്രീ പുരസ്കാരം, നൽകിക്കൊണ്ടാണ്. ആ നടിയുടെ കഴിവിനെപ്പറ്റി ഒരു തർക്കവുമില്ല. പക്ഷേ യുവജനോത്സവ വേദിയിൽ നിന്നും ഒരു പ്രൊഫഷണൽ വേദിയിലേക്കുള്ള ദൂരം വളരെ വലുതും കഠിനവുമാണ്. കലാശ്രീ പുരസ്ക്കാര ജേതാക്കളുടെ ചരിത്രം എടുത്തുനോക്കിയാലറിയാം, ജീവിതകാലം മുഴുവൻ കലയ്ക്കായി മാറ്റിവച്ചവർക്കുവേണ്ടി കേരളസർക്കാർ നൽകിവരുന്ന പരമോന്നത പുരസ്കാരം ഇന്നലെ വരെ വീട്ടിലിരുന്ന ഒരു വ്യക്തിക്കു നൽകുകയും, ആ നടി അടുത്ത വർഷം മുതൽ സൂര്യ ഫെസ്റ്റിവലിൽ സ്ഥിരസാന്നിദ്ധ്യമാവുകയും ചെയ്യുമ്പോൾ എന്ത് സന്ദേശമാണ് ഞങ്ങളെപ്പോലുള്ള കലാപ്രവർത്തവർക്ക് ലഭിക്കുന്നത്.
സൂര്യ ഫെസ്റ്റിവലിലേക്കു തന്നെ തിരിച്ചുവരാം. കലാഭ്യസനം നടത്തുന്ന കാലഘട്ടത്തിൽ വളരെ നല്ലരീതിയിൽ നടത്തിപ്പോന്നിരുന്ന Festival ഇന്ന് കാണുന്ന മോശം നിലവാരത്തിലേക്ക് എത്തിപ്പെട്ടതിൻറെ കാരണങ്ങൾ അന്വേഷിച്ചാൽ നന്നായിരിക്കും. ഒരേ ആർട്ടിസ്റ്റുകളെ വച്ച് എല്ലാവർഷവും പരിപാടി നടത്തുന്ന ഇന്ത്യയിലെ ഒരേയൊരു Festival ആണ് ഇന്ന് സൂര്യ ഫെസ്റ്റിവൽ. വ്യക്തിപരമായി പ്രീതിനേടുന്നവർക്ക് മാത്രം നൽകുന്ന ഒരു വേദിയാണത്. അവിടെയല്ലേ ആദ്യം മാറ്റമുണ്ടാകേണ്ടത്!
ഏറെ വേദനിപ്പിച്ച ഒരു വാചകം ”കുടുക്കപൊട്ടിച്ചു ജീവിക്കുന്നവരാണ് കലാപ്രവർത്തകർ എന്നതാണ്”. ഈയൊരവസ്ഥയിലേക്ക് അവരെയെത്തിച്ചതിൽ മുൻ സംഗീതനാടക അക്കാഡമി ചെയർമാനും പങ്കില്ലേ? വിപ്ലവകരമായ മാറ്റങ്ങൾ അന്ന് കൊണ്ടുവന്നിരുന്നെങ്കിൽ ഇന്ന് അവരെ ഇങ്ങനെ വിളിക്കേണ്ടിവരുമായിരുന്നോ? നമ്മുടെ നാട്ടിൽ ശാസ്ത്രം, സാഹിത്യം, കല തുടങ്ങിയവ അഭ്യസിക്കുന്ന ധാരാളം പേരുണ്ട്. പക്ഷേ കലാകാരന്മാർ മാത്രമാണ് സർക്കാരിൻറെ ആനുകൂല്യം നോക്കിയിരിക്കുന്നത്. ഇത് ഒരു ചൂണ്ടുപലകയാണ്. സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് മുഖ്യമന്ത്രി കിറ്റ് കൊടുത്തതിലെന്താണ് തെറ്റ്? ഇന്ന് ഒരു കാലാകാരനും മുഴുനീളകലാകാരനായി ജീവിക്കുവാനുള്ള സാഹചര്യമില്ല.
Social Media -ഇന്ന് വളരെ വലിയ തട്ടകം തന്നെയാണ്. സർക്കാരിൻറേതല്ലാത്ത Festival-ൽ ഇടം കണ്ടെത്തണമെങ്കിൽ നൃത്തത്തെക്കുറിച്ച് യാതൊരു ധാരണയും ഇല്ലാത്ത Organizer-ടെ പ്രീതി പിടിച്ചുപറ്റണം. Social Media നൽകുന്ന സുതാര്യത ഒരു Festival-നും നൽകാൻ കഴിയില്ല. പുതിയ തലമുറയിലെ കലാകാരന്മാർ മികവുറ്റ കഴിവുള്ളവരാണ്. അവർക്കു വളർന്നുവരാനുള്ള നൂതനമായ സാധ്യതകൾ സൃഷ്ടിക്കുകയാണ് വേണ്ടത്. പുതിയ ചിന്തകൾ ഉണ്ടാകണം. ഇതിലേക്കുള്ള നല്ല ദിശാസൂചിക കേരള സർക്കാരിൻറെ ഭാരത് ഭവൻ എന്ന സാംസ്കാരിക കേന്ദ്രം നൽകുന്നുണ്ട്. കലാപഠനത്തിൽ മാറ്റങ്ങൾ വരണം. കൂടുതൽ പ്രേക്ഷകരിലേക്ക് കലാപ്രവർത്തകർക്ക് എത്തുവാൻ സാധിക്കണം. അതിനുവേണ്ട നൂതനമായ ചിന്തകളാണ് ചർച്ച ചെയ്യേണ്ടത്. അല്ലാതെ പലഹാരമല്ല പരിഹാരം!