പാലാ: ബൈപാസ്സിനു തടസ്സം നിന്നവർ തന്നെ അത് യാഥാർഥ്യം ആയപ്പോൾ പിതൃത്വം ഏറ്റെടുക്കാൻ വന്നത് പോലെ പാലാ കെ എസ് ആർ ടി സി യുടെയും പിതൃത്വം ഏറ്റെടുക്കാൻ ചിലർ ഇറങ്ങിയിരിക്കുകയാണന്ന് കേരളാ കോൺഗ്രസ്സ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ ജോസ് ടോം.
കെ എം മാണി തന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 4കോടി 66ലക്ഷം രൂപ അനുവദിച്ച് നിർമ്മാണം ഏതാണ്ട് പൂർത്തീകരിച്ച കെ എസ് ആർ ടി സി ബസ്സ് ടെർമിനലിൽ ഇലട്രിക് വർക്ക്, ഗ്രൗണ്ട് ഫ്ലോർ വർക്ക് എന്നിവ കൂടി പൂർത്തിയാകുവാൻ ഉണ്ടായിരുന്നു ജോസ് കെ മാണി വകുപ്പ് മന്ത്രി ആന്റണി രാജുവിനെ നേരിൽ കണ്ട് വിഷയം ധരിപ്പിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ അവശേഷിക്കുന്ന വർക്കുകൾക്ക് 40 ലക്ഷം രൂപ അധികമായി അനുവദിച്ച് നിർമ്മാണ പ്രവൃത്തികൾ പുരോഗമിച്ചു വരികയുമാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇക്കാര്യം വകുപ്പ് മന്ത്രി ആന്റണി രാജു തന്നെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിട്ടുള്ളതാണ്. പദ്ധതി യാഥാർത്ഥ്യത്തിലേക്ക് അടുക്കുമ്പോൾ സ്ഥിരം പരിപാടിയുമായി ചിലർ ഇറങ്ങിയിരിക്കുകയാണ്. പദ്ധതിയുടെ പുരോഗതിക്കായി ഒരുവിധത്തിലും പരിശ്രമിക്കാത്തവർ അതിന്റെ പിതൃത്വം ഏറ്റെടുക്കുവാൻ നടത്തുന്ന നാടകം തീർത്തും അപഹാസ്യമാണ്. പാലായിലെ പല വികസന പദ്ധതികളുമായി ബന്ധപ്പെട്ട് ഇത്തരത്തിലുള്ള പ്രഹസനമാണ് ഇക്കൂട്ടർ നടത്തിവരുന്നത്.
സ്വന്തം പാർട്ടി ഗതാഗത വകുപ്പ് കൈകാര്യം ചെയ്ത കാലത്തുപോലും ഈ പദ്ധതിക്ക് വേണ്ടി ചെറുവിരൽ അനക്കാൻ സാധിക്കാത്തവർ ഇപ്പോൾ ഈ പദ്ധതിയുടെ പിതൃത്വം ഏറ്റെടുക്കാൻ നടത്തുന്ന ശ്രമം ജനങ്ങൾ തിരിച്ചറിയും. കെഎം മാണി ബൈപാസ് റോഡും, കെ എം മാണി യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് പണിയുന്ന പാലാ ഗവൺമെന്റ് സ്കൂളിന്റെ പുതിയ കെട്ടിടവും ഒക്കെ സ്വന്തം പേരിൽ ആക്കി മാറ്റുവാനുള്ള ഗൂഢ ശ്രമങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.
ജനപ്രതിനിധിയായി ഇത്രയും കാലം കഴിഞ്ഞിട്ടും സ്വന്തമായി ഒരു പദ്ധതിക്കും തുടക്കം കുറിക്കാൻ കഴിയാതെ കെ എം മാണി കൊണ്ടുവന്നതും നിർമ്മാണത്തിലിരിക്കുന്നതുമായ പദ്ധതികളുടെ പിതൃത്വം സ്വയം ഏറ്റെടുക്കുവാനുള്ള വിഫല ശ്രമം എംഎൽഎയെ കൂടുതൽ അപഹാസ്യനാക്കും. ജനങ്ങളോട് ആത്മാർഥതയില്ലാതെ മറ്റുള്ളവർ ചെയ്യുന്ന പ്രവർത്തിയുടെ പിതൃത്വം ഏറ്റെടുത്ത് സ്വയം എട്ടുകാലി മമ്മുഞ്ഞു ആകുകയാണെന്നും എത്രകാലം ജനങ്ങളെ ഇങ്ങനെ കബളിപ്പിക്കാൻ കഴിയുമെന്നും ജോസ് ടോം ചോദിച്ചു.