ഒടുവില്‍ എക്സ് (പഴയ ട്വിറ്റര്‍) ആ ഓഫീസ് അടച്ചു പൂട്ടി നഗരം വിട്ടു. ഒട്ടേറെ സ്മരണകളുണര്‍ത്തുന്ന, ജന്മം കൊണ്ട നാടിനോട് വിട പറയുമ്പോള്‍ ട്വിറ്റര്‍ പൂര്‍ണമായും എക്സ് ആകുന്നു. 2006 ല്‍ ട്വിറ്റര്‍ പ്രവര്‍ത്തനം ആരംഭിച്ച യുഎസിലെ സാന്‍ഫ്രാന്‍സിസ്കോയിലെ ഓഫീസാണ് അടച്ചു പൂട്ടിയത്. ഈ ഓഫീസിലെ എല്ലാവരേയും സാന്‍ ജോസിലേക്കും പാലോ ആള്ട്ടോയിലേക്കും മാറ്റിയിട്ടുണ്ട്. 2022ല്‍ ട്വിറ്ററിനെ ഏറ്റെടുത്തത് മുതല്‍ സാന്‍ ഫ്രാന്‍സിസ്കോ നഗരത്തില്‍ പ്രവര്‍ത്തിക്കാനുള്ള വിമുഖത ഉടമായ ഇലോണ്‍ മസ്ക് പ്രകടിപ്പിച്ചിരുന്നു. സാന്‍ ഫ്രാന്‍സിസ്കോ നഗരം സ്ഥിതി ചെയ്യുന്ന കാലിഫോര്‍ണിയ സംസ്ഥാനത്തെ ഭരണകൂടത്തോടും ഗവര്‍ണര്‍ ഗാവിന് ന്യൂസോമിനോടുമുള്ള മസ്കിന്റെ എതിര്‍പ്പായിരുന്നു ഈ വിമുഖതയ്ക്ക് കാരണം. കമ്പനിയുടെ ആസ്ഥാനം ടെക്സസിലേക്ക് മാറ്റുമെന്ന് നേരത്തെ മസ്ക് അറിയിച്ചിരുന്നു. 4.60 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള സാന്‍ ഫ്രാന്‍സിസ്കോയിലെ ഓഫീസ് മറ്റേതെങ്കിലും കമ്പനികള്‍ക്ക് പാട്ടത്തിന് നല്‍കാനാണ് മസ്കിന്റെ പദ്ധതി.
വിദ്യാർത്ഥിയുടെ അനുവാദമില്ലാതെ ആ വിദ്യാർത്ഥിയുടെ ലിംഗഭേദമോ ലൈംഗിക ആഭിമുഖ്യമോ മറ്റേതെങ്കിലും വ്യക്തിയോട് വെളിപ്പെടുത്തരുതെന്നും, അക്കാര്യം മാതാപിതാക്കളെ അറിയിക്കുന്നതിനുള്ള അധ്യാപകർക്കുള്ള അനുമതി റദ്ദാക്കാനും കാലിഫോർണിയ തീരുമാനിച്ചിരുന്നു. എന്നാല്‍ രക്ഷിതാക്കളുമായി സുതാര്യത പുലർത്താനുള്ള സ്കൂളുകളുടെ കഴിവിനെ ഇത് തടസ്സപ്പെടുത്തുമെന്നാണ് എതിരാളികളുടെ പ്രധാന വാദം. കാലിഫോർണിയ ഭരണകൂടത്തിന്റെ പുതിയ നിയമത്തെ രൂക്ഷമായി വിമർശിച്ചാണ് നഗരം വിടുമെന്ന പ്രഖ്യാപനം മസ്ക് നടത്തിയത്. ഇത്തരം നയങ്ങള്‍ കുടുംബങ്ങളെയും ബിസിനസുകളെയും കാലിഫോർണിയയില്‍ നിന്ന് അകറ്റുമെന്ന് ഗവർണർ ന്യൂസോമിന് മുന്നറിയിപ്പ് നല്‍കിയതായും മസ്ക് പറഞ്ഞു. എക്സിന് പുറമേ മസ്കിന്റെ ഉടമസ്ഥതതയിലുള്ള സ്പേസ് എക്സ് ആസ്ഥാനം കാലിഫോർണിയയിലെ ഹാത്തോണില്‍ നിന്ന് ടെക്സാസിലെ ബോക ചിക്കയിലുള്ള സ്റ്റാർബേസ് സൗകര്യത്തിലേക്ക് മാറ്റുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.