കൊച്ചി: വയനാട് ഉരുള്‍പൊട്ടലില്‍ ഇടപെടലുമായി ഹൈക്കോടതി. സ്വമേധയ കേസെടുക്കാൻ രജിസ്ട്രിക്ക് നിർദേശം നല്കി. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുക്കുന്നത്. കേസ് നാളെ രാവിലെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിക്കും. ഗാഡ്ഗില്‍, കസ്തൂരിരംഗൻ റിപ്പോർട്ടുകള്‍ പരിഗണന വിഷയങ്ങളിലുണ്ട്. ജസ്റ്റിസ് ജയശങ്കരന്‍ നമ്ബ്യാര്‍, ജസ്റ്റിസ് വി എം ശ്യാംകുമാര്‍ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് നടപടി.
അതിനിടെ, വയനാട് ദുരന്തത്തിന്റെ അടിസ്ഥാനത്തിലുള്ള ഫണ്ട് ശേഖരണം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതു താല്‍പര്യഹർജിയെത്തി. സർക്കാരില്‍ നിന്നും മുൻകൂട്ടി അനുമതി വാങ്ങാതെയുള്ള പണസമാഹരണം തടയണമെന്നാവശ്യപ്പെട്ട് കാസർകോട് സ്വദേശിയും ചലച്ചിത്ര നടനുമായ അഡ്വ. സി ഷുക്കൂറാണ് ഹർജി നല്‍കിയത്. നിരവധി സംഘടനകള്‍ അവരുടെ അക്കൗണ്ട് ശരിയായ വിധത്തില്‍ വിനിയോഗിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ സംവിധാനമില്ലെന്നാണ് ഹർജിയിലെ പ്രധാന ആക്ഷേപം. ഈ സാഹചര്യത്തില്‍ സർക്കാർ തലത്തില്‍ മോണിട്ടറിങ് സംവിധാനം വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.