മേപ്പാടി: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തം വിലയിരുത്താൻ കേന്ദ്ര സംഘം ഇന്നെത്തും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജോയിന്റ് സെക്രട്ടറിയും ഇന്റര്‍ മിനിസ്റ്റീരിയല്‍ സെന്‍ട്രല്‍ ടീം ലീഡറുമായ രാജീവ് കുമാറിന്റെ നേത്വത്തിലുള്ള സംഘമാണ് വയനാട് സന്ദര്‍ശിക്കുന്നത്. വിവിധ വകുപ്പുകളുടെ കേരളത്തിലെ പ്രതിനിധികളും സംഘത്തെ അനുഗമിക്കും. വൈകീട്ട് 3.30 ന് എസ്.കെ.എം.ജെ സ്കൂളില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തും. നാല് മണിയോടെ ജില്ലയില്‍ നിന്ന് മടങ്ങും. വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ കാണാതായവർക്കായി ഇന്ന് ജനകീയ തെരച്ചില്‍ നടക്കും.
ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധു വീടുകളിലും കഴിയുന്നവരെ കൂടി ഉള്‍പ്പെടുത്തിയുള്ള തെരച്ചിലാകും ഇന്ന് നടക്കുക. പ്രധാന മേഖലകളിലെല്ലാം തെരച്ചില്‍ നടന്നതാണെങ്കിലും ബന്ധുക്കളില്‍ നിന്ന് കിട്ടുന്ന വിരത്തിന്റെ അടിസ്ഥാനത്തില്‍ നടക്കുന്ന തെരച്ചില്‍ ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. ഉരുള്‍പൊട്ടലുണ്ടായ പ്രദേശത്തെ 6 മേഖലകളാക്കി തിരിച്ചാകും തെരച്ചില്‍ നടത്തുക.