ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യ തലസ്ഥാനത്തും ജമ്മു കശ്മീർ, പഞ്ചാബ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും സുരക്ഷ ശക്തമാക്കി. കശ്മീർ കേന്ദ്രമായി പ്രവർത്തിക്കുന്ന ചില ഭീകരർ ഡല്‍ഹിയിലോ പഞ്ചാബിലോ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടുകളെ തുടർന്നാണ് മേഖലയില്‍ അതീവ ജാഗ്രത നിർദേശം നല്‍കിയിരിക്കുന്നത്.
കനത്ത സുരക്ഷാ സാന്നിദ്ധ്യമുള്ളതിനാല്‍ സ്വാതന്ത്ര്യദിനത്തിന് പകരം, അതിന് രണ്ടോ മൂന്നോ ദിവസത്തിന് ശേഷം ആക്രമണം നടത്താനാണ് ഭീകരർ പദ്ധതിയിടുന്നതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് സുരക്ഷാ സ്ഥാപനങ്ങള്‍, ക്യാമ്ബുകള്‍, വാഹനങ്ങള്‍ എന്നിവ ആക്രമിച്ചേക്കാമെന്നും മുന്നറിയിപ്പില്‍ പറയുന്നു. അതേസമയം സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ മുന്നോടിയായി ഡല്‍ഹി പൊലീസ് രാജ്യ തലസ്ഥാനത്ത് വലിയ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. ഡല്‍ഹിയിലുടനീളം 3000ത്തോളം ട്രാഫിക് ഓഫീസർമാരെയും, 10,000ത്തിലധികം പൊലീസ് ഉദ്യോഗസ്ഥരേയും വിന്യസിച്ചിട്ടുണ്ട്. 700 എഐ ക്യാമറകളാണും വിവിധ ഇടങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിമാനത്താവളം, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്റ്, മാളുകള്‍, മാർക്കറ്റ് എന്നിവിടങ്ങളിലും കൂടുതല്‍ പൊലീസിന്റേയും അർദ്ധ സൈനിക വിഭാഗങ്ങളേയും സേവനം ഉറപ്പാക്കിയിട്ടുണ്ട്.
ചെങ്കോട്ടയില്‍ കഴിഞ്ഞ ദിവസം ഡല്‍ഹി പൊലീസ് കമ്മീഷണർ സഞ്ജയ് അറോറയുടെ നേതൃത്വത്തില്‍ സുരക്ഷാ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ഉന്നതതല യോഗം ചേർന്നിരുന്നു. സ്വാതന്ത്ര്യദിനത്തിന്റെ അന്ന് ചടങ്ങുകള്‍ അവസാനിക്കുന്നത് വരെ ചെങ്കോട്ടയ്‌ക്ക് ചുറ്റുമുള്ള പ്രദേശത്ത് ഡ്രോണുകളോ പട്ടങ്ങളോ പറത്തുന്നതിന് കർശന നിയന്ത്രണമുണ്ട്.