പുണെ: നാല് യാത്രക്കാരുമായി സഞ്ചരിക്കുകയായിരുന്ന സ്വകാര്യ ഹെലികോപ്റ്റർ തകർന്നുവീണു. പുണെയിലെ പൗദ് മേഖലയിലാണ് സംഭവം. മുംബൈ ആസ്ഥാനമായുള്ള ഗ്ലോബൽ വെക്ട്ര ഹെലികോർപ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്ബനിയുടെ ഹെലികോപ്റ്ററാണ് തകർന്നുവീണത്. അപകടത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഹെലികോപ്റ്ററിന്റെ ക്യാപ്റ്റൻ ആനന്ദിന് അപകടത്തിൽ പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. ഹെലികോപ്റ്ററിലെ യാത്രക്കാരായ ദീർ ഭാട്യ,അമർദീപ് സിങ്, എസ്.പി. റാം എന്നിവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടെന്നും പോലീസ് അറിയിച്ചു. അഗസ്റ്റ വെസ്റ്റ്ലാൻഡിന്റെ എ.ഡബ്ല്യു. 139 മോഡൽ ഹെലികോപ്റ്ററാണ് തകർന്നുവീണത്. മുംബൈയിലെ ജുഹുവിൽനിന്ന് ഹൈദരാബാദിലേക്ക് പോകുകയായിരുന്നു ഹെലികോപ്റ്റർ. ശക്തമായ കാറ്റും മോശം കാലാവസ്ഥയുമാണ് ഹെലികോപ്റ്റർ അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.