ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തകർപ്പൻ ഫോം തുടർന്ന് മുൻനിര ടീമുകൾ. സിറ്റിയും , ആഴ്സണലും, ടോട്ടനമും വിജയത്തോടെ കിരീടപ്പോരാട്ടത്തിന് തയ്യാറെടുപ്പ് തുടങ്ങി. ആസ്റ്റൺ വില്ലയെ തകർത്ത ആഴ്സണൽ പോരാട്ടത്തിന്റെ ട്രാക്കിലേയ്ക്കു കയറി. സീസണിലെ രണ്ടാം ആഴ്ചയിൽ തകർപ്പൻ പ്രകടനമാണ് ടീമുകൾ തുടരുന്നത്. എന്നാൽ, ഞെട്ടിക്കുന്ന തോൽവിയോടെ തുടങ്ങിയ യുണൈറ്റഡ് ആരാധർക്ക് നിരാശ വീണ്ടും സമ്മാനിച്ചു.
ഹാളണ്ടിന്റെ ഹാട്രിക് മികവിലാണ് സിറ്റി ഐപ്സ്വിച്ചിനെ തകർത്ത് മുന്നോട്ട് കുതിച്ചത്. നിലവിലെ ചാമ്പ്യൻമാരായ സിറ്റി ഇക്കുറിയും ഹാളണ്ടിനെ തന്നെയാണ് ആക്രമണത്തിന് ആശ്രയിക്കുന്നത് എന്ന് വ്യക്തമാക്കുന്നതായിരുന്നു മത്സരം. പതിവിന് വിപരീതമായി ഏഴാം മിനിറ്റിൽ സാം സ്മോഡിക്സാണ് ഐപ്സ്വിച്ചിന് വേണ്ടി ഗോൾ നേടിയത്. എന്നാൽ, ഒൻപതാം മിനിറ്റിൽ ലെയിഫ് ഡേവിസ് സാവിൻഹോയെ ഫൗൾ ചെയ്തതിനു വാറിലൂടെ ലഭിച്ച പെനാലിറ്റി സിറ്റിയ്ക്കു വേണ്ടി ഹാളണ്ട് ഗോളാക്കി മാറ്റുകയായിരുന്നു. 14 ആം മിനിറ്റിൽ ഡിബ്രുയിനെ ഗോൾ നേടി ലീഡ് എടുത്തു. സാവിൻഹോയുടെ അസിസ്റ്റിൽ നിന്നായിരുന്നു ഗോൾ. 16 ആം മിനിറ്റിൽ ഡിബ്രുയിനെയുടെ പാസിൽ നിന്നും വെടിക്കെട്ട് ഒരു ഗോളുമായി ഹാളണ്ട് ആദ്യ പകുതിയിലെ പട്ടിക പൂർത്തിയാക്കി. 88 ആം മിനിറ്റിൽ കിടിലം ഗോളിലൂടെ ഹാളണ്ട് , ടീമിന്റെ ഗോൾ പട്ടികയും തന്റെ ഹാട്രിക്കും പൂർത്തിയാക്കി.
ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് യുണൈറ്റഡിന്റെ തോൽവി. 32 ആം മിനിറ്റിൽ ഡാനി വെൽബാക്കും, ഇൻജ്വറി ടൈമിന്റെ അഞ്ചാം മിനിറ്റിൽ പെഡ്രോയും ബ്രിങ് ടൗണിനായി ഗോൾ നേടിയപ്പോൾ, അറുപതാം മിനിറ്റിൽ ഡിയാലോയാണ് യുണൈറ്റഡിന്റെ ഗോൾ സ്കോറർ. ആദ്യ പകുതിയിലും രണ്ടാം പകുതിയിലുമായി രണ്ട് ഗോളുകൾ വീതം നേടിയാണ് ടോട്ടനം എവർട്ടണിനെ തകർത്തു വിട്ടത്. 14 ആം മിനിറ്റിൽ ബിസോമ്മ, 25 ആം മിനിറ്റിലും 77 ആം മിനിറ്റിലും സോൺ ഹ്യുങ് മിൻ, 71 ആം മിനിറ്റിൽ ക്രിസ്റ്റിയൻ റൊമേറോ എന്നിവരാണ് ടോട്ടനത്തിന്റെ ഗോൾ സ്കോറർമാർ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആസ്റ്റൺ വില്ലയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ആഴ്സണൽ തകർത്തു വിട്ടത്. 67 ആം മിനിറ്റിൽ ട്രോസാർഡും, 77 ആം മിനിറ്റിൽ പാർട്ടേയുമാണ് ഗോൾ നേടിയത്. 67 ആം മിനിറ്റിൽ തോമസ് സൗക്കും, 72 ആം മിനിറ്റിൽ ജോറോർട്ട് ബ്രൗണും നേടി ഗോളുകൾക്കാണ് ക്രിസ്റ്റൽ പാലസിനെ വെസ്റ്റ് ഹാം തകർത്തത്. ഒന്നിനെതിരെ രണ്ട് ഗോളിനാണ് ഫുൾ ഹാം ലെസ്റ്ററിനെ തകർത്തത്. എതിരില്ലാത്ത ഒരു ഗോളിന് നോട്ടിംഹാം സതാംപ്ടണിനെ തകർത്തു വിട്ടു.