സോൾ: ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നിന്റെ ഭാര്യ റി സോൾ ജുവിനെ പൊതുവേദികളിൽ കാണാനില്ലെന്ന വാർത്ത കുറച്ചു നാളുകളായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ അഞ്ച് മാസങ്ങൾക്ക് ശേഷം മാദ്ധ്യമങ്ങൾക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് ജു. തലസ്ഥാനമായ പ്യോങ്യാങ്ങിലെ മാൻസുഡേ ആർട്ട് തിയേറ്ററിൽ നടന്ന കലാപ്രകടനത്തിൽ കിമ്മും റിയും പങ്കെടുത്തതായിട്ടാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ സെപ്തംബർ 9ന് കിമ്മിന്റെ അന്തരിച്ച മുത്തച്ഛന്റെയും പിതാവിന്റെയും ജീർണമാകാതെ സംരക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്ന കുംസുസൻ കൊട്ടാരത്തിലാണ് അവസാനമായി ജു എത്തിയിരുന്നത്. അതിനു ശേഷം ജുവിനെ തീയേറ്ററിൽ കണ്ടപ്പോൾ ജനങ്ങൾ ആർപ്പുവിളികളുയർത്തി. ദമ്ബതികൾ വേദിയിലെത്തി കലാകാരന്മാർക്കൊപ്പം ഹസ്തദാനം ചെയ്യുകയും ചിത്രങ്ങൾ എടുക്കുകയും ചെയ്തു. കിമ്മിനെ തന്റെ ഭാര്യയോടൊപ്പം അപൂർവം സന്ദർഭങ്ങളിൽ മാത്രമേ കാണാറുള്ളു. എന്നാൽ കിമ്മിന്റെ പിതാവ് കിം ജോങ് ഇലിനൊപ്പം യാത്രകളിൽ അദ്ദേഹത്തിന്റെ ഭാര്യയും എത്തിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുമ്ബും ഏതാണ്ട് ഒരു വർഷത്തോളം ജുവിനെ പൊതുചടങ്ങുകളിൽ കാണാനില്ലായിരുന്നു. കൊവിഡ് സാഹചര്യം രൂക്ഷമായത് കാരണം മക്കളോടൊപ്പം വീട്ടിൽ ചിലവഴിക്കുന്നെന്നാണ് റിപ്പോർട്ടുകൾ പറഞ്ഞത്. കിം ജോങ് ഉന്നിനും ഭാര്യയ്ക്കും മൂന്ന് മക്കളുണ്ടെന്നാണ് രഹസ്യ ഏജൻസികൾ കണ്ടെത്തിയിട്ടുള്ളത്. എന്നാൽ ഇക്കാര്യം വ്യക്തമല്ല.