ഗുവഹാത്തി: സീസണിലെ ആദ്യ എവേ മത്സരത്തിൽ സമനിലപിടിച്ച് ബ്ലാസ്റ്റേഴ്‌സ്. നിരവധി അവസരങ്ങൾ തുറന്ന് കിട്ടിയിട്ടും ഗോളാക്കാനാവാതെ പോയ ബ്ലാസ്‌റ്റേഴ്‌സ് നോർത്ത് ഈസ്റ്റിന്റെ സമനിലക്കുരുക്കിൽ കുടുങ്ങുകയായിരുന്നു. ഗോൾ ഒഴിഞ്ഞു നിന്ന ആദ്യ പകുതിയ്ക്ക് ശേഷം രണ്ടാം പകുതിയിലാണ് ഗോൾ വീണു തുടങ്ങിയത്. 58 ആം മിനിറ്റിൽ ഫ്രീകിക്കിലൂടെയാണ് നോർത്ത് ഈസ്റ്റിന്റെ ആദ്യ ഗോൾ വന്നത്. അജാരിയയുടെ കിക്ക് തടയുന്നതിൽ ബ്ലാസ്‌റ്റേഴ്‌സിന്റെ കീപ്പർ സുരേഷിന് പിഴച്ചതോടെ പന്ത് വരകടന്നു. പൊരുതിക്കളിച്ച ബ്ലാസ്റ്റേഴ്‌സിന് സമനില ഗോൾ നേടാൻ 67 ആം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. സദൗവി നേടിയ കിടിലൻ ഗോളിലൂടെയാണ് ബ്ലാസ്‌റ്റേഴ്‌സ് സമനില പിടിച്ചത്. അവസാന നിമിഷം രണ്ട് കിടിലൻ അവസരങ്ങളാണ് ബ്ലാസ്റ്റേഴ്‌സിന് നഷ്ടമായത്. ഇതിനിടെ 82 ആം മിനിറ്റിൽ അപകടകരമായ ഫൗളിന്റെ പേരിൽ അക്ഹത്തർ ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ പത്ത് പേരുമായാണ് നോർത്ത് ഈസ്റ്റ് കളി പൂർത്തിയാക്കിയത്. സീസണിലെ ആദ്യ എവേ മത്സരത്തിൽ തന്നെ ബ്ലാസ്‌റ്റേഴ്‌സ് വിലപ്പെട്ട ഒരു പോയിന്റുമായാണ് മടങ്ങിയത്.