ഈരാറ്റുപേട്ട: നിയന്ത്രണം വിട്ട ബുള്ളറ്റ് ബൈക്ക് ടെലിഫോൺ പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം. പെരിയാർ വള്ളക്കടവ് കണിയാംപറമ്പിൽ രവീന്ദ്രന്റെ മകൻ സജി (38) ആണ് മരിച്ചത്. സജിയോടൊപ്പമുണ്ടായിരുന്ന ഭാര്യാ സഹോദരൻ ഇളംങ്ങുളം കെഴുവനാൽ നിഷാദ് (35)നെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച ഉച്ചയ്ക്ക് പൂഞ്ഞാറിലെ ബന്ധു വീട്ടിലെത്തി മടങ്ങവേ വളതൂക്കിലായിരുന്നു അപകടം. നിയന്ത്രണം വിട്ട ബുള്ളറ്റ് ടെലിഫോൺ തൂണിലിടിച്ച് മറിയുകയായിരുന്നു. കഴുത്തിന് സാരമായി പരിക്കേറ്റ സജിയെയും നിഷാദിനെയും ആശുപത്രിയിലെത്തിച്ചെങ്കിലും സജിയുടെ ജീവൻ രക്ഷിക്കാനായില്ല. സജിയുടെ മാതാവ്: കമലമ്മ. ഭാര്യ: പ്രിയ ഇളംങ്ങുളം കെഴുവനാൽ കുടുംബാംഗം. മക്കൾ: അദ്വൈത്, ശ്രീക്കുട്ടി.