450 കിലോഗ്രാം ഭാരമുള്ള പാറയ്ക്കിടയില്‍ അകപ്പെട്ട വലത്‌കൈ; മരുഭൂമിയിലെ വിജനതയില്‍ സഹായത്തിനായി അലറിവിളിച്ച 127 മണിക്കൂറുകള്‍; ഒടുവില്‍ സ്വന്തം വലത് കൈ മുറിച്ച് മാറ്റി മരണത്തില്‍ നിന്നും കരകയറിയ പര്‍വ്വതാരോഹകന്‍; അറിയണം അരോണ്‍ റാല്‍സ്റ്റണിന്റെ അതിജീവനകഥ..!

മലയും മരണവും

Advertisements

ചെങ്കുത്തായ മല… അതിനിടയില്‍ ചെറിയ ഗുഹ പോലെ ഒരിടം. ചുട്ടുപൊള്ളുന്ന പകലും തണുത്തുറഞ്ഞ രാത്രിയും അതിനുള്ളിലിരുന്ന മനുഷ്യനെ പൊട്ട് പോലെ കണ്ട കേരളം. പ്രാര്‍ത്ഥനയുടെയും ആശങ്കയുടെയും നീണ്ട മണിക്കൂറുകള്‍ പിന്നിട്ട് ഇന്ത്യന്‍ സൈനികരുടെ തോളിലേറി ബാബു ജീവിതത്തിലേക്ക് തിരികെ കയറി. ആ ഇരുപത്തിമൂന്ന്കാരന്റെ ആത്മധൈര്യത്തിനും ആര്‍മിയുടെ ധീരതയ്ക്കും മുന്നില്‍ നാടൊന്നടങ്കം കൈകൂപ്പി..! ബാബുവിന്റെ അനുഭവത്തിന് ശേഷം അരോണ്‍ റാല്‍സ്റ്റണിന്റെ ജീവിതം വീണ്ടും മാധ്യമങ്ങളില്‍ നിറയുകയാണ്. നിസാര പ്രതിസന്ധികളെ അതിജീവിക്കാനാവാതെ ജീവിതം അവസാനിപ്പിക്കുന്നവരും കടുത്ത നിരാശയുടെ കയത്തിലേക്ക് കൂപ്പുകുത്തുന്നവരും അറിയേണ്ട അതിജീവനകഥ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആരോണ്‍ ലീ റാല്‍സ്റ്റണ്‍ 1975 ഒക്ടോബര്‍ 27 ന് ഒഹായോയില്‍ (യുഎസ്എ) ഒരു ഇടത്തരം കുടുംബത്തിലാണ് ജനിക്കുന്നത്. ലാറി റാല്‍സ്റ്റണും ഡോണ റാല്‍സ്റ്റണും ആണ് അദ്ദേഹത്തിന്റെ മാതാപിതാക്കള്‍. ആരോണിന് 12 വയസ്സുള്ളപ്പോള്‍ കുടുംബം കൊളറാഡോ സംസ്ഥാനത്തേക്ക് മാറി. അവിടെയുള്ള പുതിയ വീട്ടിലേക്ക് എത്താന്‍ മലയിടുക്കുകളിലൂടെ സഞ്ചരിക്കണമായിരുന്നു. ആ യാത്രകള്‍ കുഞ്ഞ് റല്‍സ്റ്റണ്‍ വളരെയധികം ആസ്വദിച്ചു. ആ പട്ടണത്തില്‍ തന്നെ അദ്ദേഹം സെക്കണ്ടറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി, പിറ്റ്‌സ്ബര്‍ഗിലെ കാര്‍നെഗി മെലോണ്‍ സര്‍വകലാശാലയില്‍ ഉന്നത പഠനം ആരംഭിച്ചു. അവിടെ അദ്ദേഹം മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ സ്‌പെഷ്യലൈസേഷന്‍ നേടി. എഞ്ചിനീയറിംഗിന് പുറമേ, പുതിയ ഭാഷകളും സംഗീതവും പഠിക്കുന്നതില്‍ അദ്ദേഹത്തിന് വൈദഗ്ധ്യമുണ്ടായിരുന്നു, കൂടാതെ കോളേജ് പഠനകാലത്ത് പിയാനോ വായിക്കാനും ഫ്രഞ്ച് സംസാരിക്കാനും പഠിച്ചു.

മറുവശത്ത്, അദ്ദേഹം ഒരു കായിക പ്രേമിയും പ്രകൃതി സ്‌നേഹിയുമായിരുന്നു. സ്‌കൂള്‍, കോളേജ് ദിവസങ്ങളില്‍ അദ്ദേഹം കായിക പ്രവര്‍ത്തനങ്ങള്‍ക്കായി ധാരാളം സമയം ചെലവഴിച്ചു. പര്‍വതാരോഹണത്തോടുള്ള അദ്ദേഹത്തിന്റെ ഇഷ്ടത്തിന് അതിരുകളില്ലായിരുന്നു. മുഴുവന്‍ സമയ എഞ്ചിനീയറായി ജോലി ചെയ്യാന്‍ തുടങ്ങിയിട്ടും ഒരു പ്രൊഫഷണല്‍ പര്‍വതാരോഹകനാകാന്‍ അദ്ദേഹം ആഗ്രഹിച്ചു. അങ്ങനെയിരിക്കെ കുടംുബത്തെയും സുഹൃത്തുക്കളെയും ഞെട്ടിച്ചുകൊണ്ട് 2002 -ല്‍ അദ്ദേഹം പെട്ടെന്നൊരു തീരുമാനമെടുത്തു, പര്‍വതാരോഹണം പ്രൊഫഷണലായി തുടരാന്‍ രാജിവയ്ക്കുക.

2003 ഏപ്രില്‍ 26-നാണ് അരോണിന്റെ ജീവിതം മാറിമറിയുന്നത്. അന്ന് അദ്ദേഹം കാന്‍യോണ്‍ലാന്‍ഡ്‌സ് നാഷണല്‍ പാര്‍ക്കില്‍ മൗണ്ടന്‍ ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്നു. തീര്‍ത്തും വിജനമായ മരുഭൂമിക്ക് സമാനമായ പ്രദേശം. പെട്ടെന്ന്, കാല്‍നടയായി ഒരു മലയിടുക്ക് പര്യവേക്ഷണം ചെയ്യാന്‍ അയാള്‍ പാത വിട്ട് ഉള്‍പ്രദേശത്തേക്ക് പോയി. നടന്ന് നീങ്ങുന്നതിനിടെ പെട്ടെന്ന് ഒരു വലിയ പാറ ഉരുണ്ടുവന്നു. മലയിടുക്കിലേക്ക് പതിച്ച റാല്‍സ്റ്റണിന്റെ വലതുകൈ മലയിടുക്കിനും പാറയ്ക്കും ഇടയില്‍ കുടുങ്ങി. പാറയുടെ ഭാരം ഏകദേശം 450 കിലോഗ്രാം ആയിരുന്നു. ഏറെ ശ്രമിച്ചിട്ടും പോക്കറ്റ് കത്തി ഉപയോഗിച്ച് തുരന്നിട്ടും പാറയ്ക്ക് അനക്കം തട്ടിയത് പോലുമില്ല. വലതു കൈ പൂര്‍ണ്ണമായും നിശ്ചലമാക്കി. കല്ലിന്റെ കെണിയില്‍ നിന്ന് തന്റെ കൈ രക്ഷിക്കാന്‍ അദ്ദേഹം പരാജയപ്പെട്ടു.

കൈവശമുണ്ടായിരുന്ന രണ്ട് എനര്‍ജി ബാറുകള്‍ക്കൊപ്പം 350 മില്ലി വെള്ളം മാത്രമാണ് അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്താന്‍ കയ്യിലുണ്ടായിരുന്നത്. പകല്‍ സമയത്ത്, ആരോണ്‍ സ്വയം മോചിപ്പിക്കാന്‍ ശ്രമിച്ചു, രാത്രിയില്‍ അവന്‍ സഹായത്തിനായി നിലവിളിച്ചു. രാത്രിയുടെ നിശബ്ദത തന്റെ നിലവിളിയെ കൂടുതല്‍ ദൂരത്ത് എത്തിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ആളൊഴിഞ്ഞ പ്രദേശമായതിനാല്‍ ആരും അയാളെ കേട്ടില്ല.
കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം, കനത്ത പാറയില്‍ നിന്ന് സ്വയം മോചിപ്പിക്കുന്നത് അസാധ്യമാണെന്നും സഹായം ചോദിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും ആരോണ്‍ റാല്‍സ്റ്റണിന് ബോധ്യപ്പെട്ടു.

അതിനാല്‍ തന്നെ മോചിപ്പിക്കാന്‍ വലതു കൈ മുറിച്ചു മാറ്റാന്‍ അദ്ദേഹം തീരുമാനിച്ചു. കയ്യിലുണ്ടായിരുന്ന ഒരു പോക്കറ്റ് കത്തി ഉപയോഗിച്ച് മാംസം മുറിക്കാന്‍ നോക്കിയെങ്കിലും എല്ലുകള്‍ മുറിക്കാന്‍ കഴിയുന്നത്ര മൂര്‍ച്ച കത്തിക്ക് ഇല്ലെന്ന് അറിഞ്ഞ് ശ്രമം ഉപേക്ഷിച്ചു. വെള്ളവും ആഹാരവും ബാക്കിയില്ല, സ്വയം ജലാംശം നിലനിര്‍ത്താന്‍ അയാള്‍ സ്വന്തം മൂത്രം കുടിക്കാന്‍ നിര്‍ബന്ധിതനായി, റാല്‍സ്റ്റണിന്റെ വാക്കുകളില്‍ പറഞ്ഞാല്‍ – മരിക്കാന്‍ തയ്യാറായി.

മരിക്കാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി, റാല്‍സ്റ്റ്ണ്‍ തന്റെ പേരും ജനനത്തീയതിയും മരണത്തിന്റെ ഒരു ഏകദേശ തീയതിയും കല്ലില്‍ കൊത്തി. പിറ്റേന്ന് അതിരാവിലെ എഴുന്നേല്‍ക്കില്ലെന്ന് ബോധ്യപ്പെട്ട അദ്ദേഹം അന്നു രാത്രി ഉറങ്ങി. പക്ഷേ കൈ എല്ല് ഒടിച്ചാല്‍ കത്തി ഉപയോഗിച്ച് മാംസവും പേശികളും വേര്‍പെടുത്താമല്ലോ എന്ന ചിന്ത അയാളിലുണ്ടായി. പാറയ്ക്കിടയില്‍ ഇടിച്ച് എല്ല് ഒടിച്ചു, അങ്ങനെ സ്വയം മോചിപ്പിച്ച് അദ്ദേഹം അത്ഭുതകരമായി ഉണര്‍ന്നു. കഴിയുന്നത്ര വേഗത്തില്‍ മലയിടുക്കില്‍ നിന്നും പുറത്ത് വന്നു. നിലയ്ക്കാത്ത രക്തസ്രാവത്തിനിടയിലും അയാള്‍ മുന്നോട്ട് നടന്നു. ഭാഗ്യവശാല്‍, അവധിക്കാലത്ത് ട്രക്കിങ്ങിനെത്തിയ ഒരു കുടുംബം അവനെ കണ്ടു, ഭക്ഷണവും വെള്ളവും നല്‍കി. അടിയന്തിരമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപ്പോഴേക്കും കയ്യിലെ മുറിവിലൂടെ ശരീരത്തിലെ രക്തത്തിന്റെ 25 ശതമാനത്തോളം നഷ്ടപ്പെട്ടിരുന്നു. നീണ്ട നാളത്തെ ആശുപത്രിവാസത്തിന് ശേഷം അയാള്‍ പുറംലോകം കണ്ടു, മുറിച്ച് മാറ്റപ്പെട്ട നിലയില്‍ വലത് കൈയ്യും..!

ഇന്ന് ആരോണ്‍ റാല്‍സ്റ്റണ്‍ അമേരിക്കന്‍ മെക്കാനിക്കല്‍ എഞ്ചിനീയറും മോട്ടിവേഷണല്‍ സ്പീക്കറുമാണ്. 2005 ല്‍, കൊളറാഡോ (അമേരിക്കന്‍ ഐക്യനാടുകള്‍) സംസ്ഥാനത്തെ ‘പതിനാലു പേര്‍’ എന്നറിയപ്പെടുന്ന പ്രസിദ്ധമായ പര്‍വതനിര കീഴടക്കിയ ലോകത്തിലെ ആദ്യ വ്യക്തി എന്ന ബഹുമതി അദ്ദേഹം നേടി. അദ്ദേഹത്തിന്റെ ആത്മകഥ ബിറ്റവീന്‍ എ റോക്ക് ആന്‍ഡ് എ ഹാര്‍ഡ് പ്ലേസ് എന്ന പേരില്‍ 2004 ല്‍ പ്രസിദ്ധീകരിച്ചു, പുസ്തകം ബെസ്റ്റ് സെല്ലറായി, അധികം വൈകാതെ ചലച്ചിത്രവുമായി, 127 മണിക്കൂര്‍ എന്നപേരില്‍. ഇപ്പോഴും ഒരു കൃത്രിമ കൈ ഉപയോഗിച്ച് അദ്ദേഹം ഉയരങ്ങള്‍ കീഴടക്കുന്നു..!

Hot Topics

Related Articles