തിരുവല്ല : അടൂരില്‍ കാര്‍ കനാലിലേക്ക് മറിയാന്‍ കാരണം ഡ്രൈവര്‍ ഗൂഗിള്‍ മാപ്പ് നോക്കി വാഹനം ഓടിച്ചതാണെന്ന് അഗ്നിരക്ഷാ സേന.ഹരിപ്പാട്ടേക്ക് പോവുകയായിരുന്ന വാഹനം അടൂര്‍ ബൈപ്പാസ് ജംഗ്ഷനില്‍ നിന്ന് ഇടത്തോട്ട് പോകണമെന്നാണ് ഗൂഗിള്‍ മാപ്പില്‍ കാണിച്ചത്. ഇതോടെ വളരെ വേഗതയില്‍ പോയിരുന്ന വാഹനം ബ്രേക്ക് ചെയ്യാന്‍ ഡ്രൈവര്‍ ശ്രമിച്ചു. എന്നാല്‍ ബ്രേക്കിന് പകരം ആക്സിലറേറ്ററിലാണ് ചവിട്ടിയത്. ഇത് ശരിവയ്ക്കുന്ന മൊഴിയാണ് അപകടത്തില്‍ പരിക്കേറ്റവരും പറയുന്നത്. അപകടത്തില്‍ പെടുന്നതിന് തൊട്ടുമുന്‍പായി മൊബൈല്‍ ഫോണില്‍ നോക്കിയിരുന്നുവെന്നാണ് മൊഴി നല്‍കിയത്.
വധുവിന് വിവാഹവസ്ത്രം നല്കാന് പോകുന്നതിനിടെയാണ് അപ്രതീക്ഷിത അപകടം ഉണ്ടായത്. ഇളമാട് അമ്പലംമുക്കിലെ ഷാനുഹൗസില് അമല്‍ ഷാജിയുടെ വിവാഹം ഇന്നാണ് നടക്കേണ്ടിയിരുന്നത്. വിവാഹത്തിന് മുന്നോടിയായുള്ള പുടവ കൊടുക്കല്‍ ചടങ്ങിന്റെ ഭാഗമായാണ് അമലിന്റെ ബന്ധുക്കളും അയല്‍ക്കാരും സുഹൃത്തുക്കളും ഉള്‍പ്പെടെയുള്ളവര്‍ ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ അഞ്ച് വാഹനങ്ങളിലായി യാത്ര പുറപ്പെട്ടത്. വരന്റെ ബന്ധുക്കളും അയല്‍വാസികളുമായ ശുകന്തള, ഇന്ദിര, ശ്രീജ എന്നിവരാണ് മരിച്ചത്. അപകടത്തെ തുടര്‍ന്ന് വിവാഹം ഇന്ന് ചടങ്ങുകള്‍ മാത്രമാക്കി നടത്താനാണ് തീരുമാനം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ശകുന്തളയും ഇന്ദിരയും വരന്റെ അടുത്ത ബന്ധുക്കളാണ്. ശ്രീജ വരന്റെ മാതാവിന്റെ സുഹൃത്താണ്. പുടവ കൊടുക്കല്‍ ചടങ്ങിന് പോകുന്നില്ലെന്നാണ് ശ്രീജ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി തീരുമാനം മാറ്റുകയായിരുന്നു. ശ്രീജ എസ്റ്റേറ്റ് മുക്കില്‍ തയ്യല്‍ക്കട നടത്തിയിരുന്നു. കശുവണ്ടി ഫാക്ടറി തൊഴിലാളികളാണ് ഇന്ദിരയും ശകുന്തളയും.