കോട്ടയം : വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അധ്യാപകരും തയ്യാറാക്കിയ ഭക്ഷ്യവിഭവങ്ങളുമായി അയ്മനം പിജെഎം യുപി സ്കൂളില്‍ ഭക്ഷ്യമേള സംഘടിപ്പിച്ചു. നാടന്‍ ഭക്ഷണസാധനങ്ങള്‍ കുട്ടികളെ പരിചയപ്പെടുത്തുന്നതിനും ജംഗ് ഫുഡിന്റെ ദൂഷ്യവശങ്ങള്‍ സംബന്ധിച്ച് ബോധവത്കരിക്കുന്നതിനുമായാണ് മേള സംഘടിപ്പിച്ചത്.കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം സ്കൂളുകളില്‍ നടത്തി വരുന്ന പോഷണ്‍ മാ പരിപാടിയുടെ ഭാഗമായാണ് അയ്മനം പിജെഎം യുപി സകൂളില്‍ നാടന്‍ ഭക്ഷ്യമേള സംഘടിപ്പിച്ചത്.
കുട്ടികളും രക്ഷിതാക്കളും വീടുകളില്‍ തയ്യാറാക്കി എത്തിച്ച വിവിധ ധാരാളം വിഭവങ്ങള്‍ മേളയില്‍ അണിനിരത്തി. കപ്പ, ചേമ്പ്, തുടങ്ങിയ തനി നാടന്‍ വിഭവങ്ങളും, ഇഡ്ഡലി, അപ്പം, ഇടിയപ്പം, ചപ്പാത്തി, കൊഴുക്കട്ട, മുട്ടക്കറി, മീന്‍കറി, വിവിധതരം അച്ചാറുകള്‍, തുടങ്ങിയവയും തയ്യാറാക്കി എത്തിച്ചിരുന്നു. ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥി മിലന് ദേവ്, തയ്യാറാക്കിയ കൂസ്ക, വ്യത്യസ്ഥ വിഭവമായി.ആറാം ക്ലാസ്സുകാരനായ ആദിത്യന് പ്രമോദ് വ്യത്യസ്തമായ രീതിയില്‍ തയ്യാറാക്കിയ പയര്‍ ഇല തോരനും വേറിട്ടതായി.ഇരട്ടകളായ അഭയും അക്ഷയും അമ്മയുടെ സഹായത്തോടെ തയ്യാറാക്കിയ ലഡുവും വട്ടയപ്പവും മേളയില്‍ പരിചയപ്പെടുത്തിയതും അമ്മ നിഷയാണ്.ചപ്പാത്തി റോള്‍, മധുരമുള്ള ഗോതമ്പ് അട, തുടങ്ങി നിരവധി വ്യത്യസ്ത വിഭവങ്ങളും കുട്ടികള്‍ തയ്യാറാക്കി എത്തിച്ചിരുന്നു. നാടന്‍ ഭക്ഷണസാധനങ്ങള്‍ കുട്ടികളെ പരിചയപ്പെടുത്തുന്നതിനും ജംഗ് ഫുഡിന്റെ ദൂഷ്യവശങ്ങള്‍ സംബന്ധിച്ച് ബോധവത്കരിക്കുന്നതിനുമായാണ് മേള സംഘടിപ്പിച്ചതെന്ന് അധ്യാപിക സൗമ്യ ഡി നായര്‍ പറഞ്ഞു. അധ്യാപകരായ തോമസ് മാത്യു, ധന്യ, ലീന ജി നായര്‍, അര്ജുന്, അനീഷ്, പോള്‍, പിടിഎ പ്രസിഡന്റ് ഷിബു അഗസ്റ്റിന് തുടങ്ങിയവര്‍ നേതൃത്വം നല്കി. അധ്യാപകരും വീടുകളില്‍ നിന്നും വിഭവങ്ങള്‍ തയ്യാറാക്കി എത്തിച്ചിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് മേളയിലെ എല്ലാ ഭക്ഷ്യ വസ്തുക്കളും പരിചയപ്പെടുന്നതിനും രുചിച്ചറിയുന്നതിനും അവസരം ഒരുക്കിയിരുന്നു.