തിരുവല്ലയിൽ നിന്നും
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ
തിരുവല്ല: തിരുവല്ല കവിയൂർ തോട്ടഭാഗത്ത് കാറിൽ തട്ടി റോഡിൽ വീണ ബൈക്ക് യാത്രക്കാരൻ ടോറസ് ലോറി കയറിയിറങ്ങി മരിച്ചു. റോഡിൽ വീണ യാത്രക്കാരൻ പിന്നാലെ എത്തിയ ടോറസ് ലോറിയ്ക്കടിയിൽ വീഴുകയായിരുന്നു. ഇയാളെ കാർ ഇടിച്ചതായി നാട്ടുകാർ ആരോപിക്കുന്നുണ്ടെങ്കിലും, അപകടം എങ്ങിനെയാണ് ഉണ്ടായതെന്നു ഉറപ്പിച്ചിട്ടില്ല. തിരുവല്ല ആർ.ബി.എൽ ബാങ്ക് ജീവനക്കാരൻ മല്ലപ്പള്ളി ആനിക്കാട് നൂറോന്മാവ് ബഥേൽ ഹൗസിൽ എബിൻ ജോസഫാ(24)ണ് മരിച്ചത്.
ശനിയാഴ്ച വൈകിട്ട് എട്ടുമണിയോടെ കവിയൂർ തോട്ടഭാഗം വടയത്രവളവിൽ വച്ചായിരുന്നു അപകടം. തോട്ടഭാഗം ഭാഗത്തേയ്ക്കു പോകുകയായിരുന്നു എബിൻ സഞ്ചരിച്ച ബൈക്ക്. ഈ സമയം മറ്റൊരു കാർ എബിന്റെ ബൈക്കിൽ ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. എന്നാൽ, കാർ ഇടിച്ചതായി കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നു പൊലീസും പറയുന്നു. ഇതേ തുടർന്നു, റോഡിൽ വീണ എബിന്റെ ശരീരത്തിലൂടെ പിന്നാലെ എത്തിയ ടോറസ് ലോറി കയറിയിറങ്ങുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മൃതദേഹം തിരുവല്ല സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. അപകട സ്ഥലത്തു നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിക്കുന്നുണ്ട്. അപകടത്തിന്റെ കൃത്യമായ വിവരങ്ങൾ ലഭിച്ച ശേഷം കേസെടുത്ത തുടർ നടപടികൾ സ്വീകരിക്കുന്നതിനാണ് പൊലീസ് ആലോചിക്കുന്നത്.