മഴയിൽ നനഞ്ഞു കുതിരുന്ന കർക്കിടകപ്പനി: ഒരു കട്ടനൊപ്പം, ഉമ്മറത്തു വെച്ച ഫിലിപ്സ് റേഡിയോ : പാട്ടിനൊപ്പം നമ്മളങ്ങനെ ഓർമ്മയുടെ താഴ് വരകളിൽ ഒരു തൂവലായി പറന്നു നടക്കും; ജനപ്രിയ ഗാനരചനയിൽ എൺപതുകളിലെ സൂപ്പർസ്റ്റാറിനെപ്പറ്റി ജിതേഷ് മംഗലത്ത് എഴുതുന്നു

പാട്ട് വഴി

Advertisements
ജിതേഷ് മംഗലത്ത്

ചിലരുണ്ട്; ഇങ്ങനെയൊരാൾ ജീവിച്ചിരിപ്പുണ്ടായിരുന്നോ എന്നു പോലും ഓർക്കാനിടവരുത്താതെ നമ്മുടെയോർമ്മകളെ നട്ടുനനച്ചു വളർത്തും. മഴയിൽ നനഞ്ഞു കുതിരുന്ന കർക്കിടകപ്പനികളിൽ ഒരു കട്ടനൊപ്പം, ഉമ്മറത്തു വെച്ച ഫിലിപ്സ് റേഡിയോയിൽ നിന്നും വരുന്ന പാട്ടുകൾക്കൊപ്പം നമ്മളങ്ങനെ ഓർമ്മയുടെ താഴ് വരകളിൽ ഒരു തൂവലായി പറന്നു നടക്കും. പിന്നീടൊരു കാലത്ത് ആ ഓർമ്മകൾ തന്നെയും ഒരോർമ്മയാകും. അതൊരു ലൂപ്പായി നമ്മളെ വിഭ്രമിപ്പിക്കും. അത്തരം ഒരോർമ്മയാണ് എനിക്ക് ഷിബു ചക്രവർത്തി എന്ന പേര്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സിനിമ ഒരു ലഹരി പോലെ സിരകളിൽ ആവേശിച്ചു തുടങ്ങിയ കാലം മുതൽ ഏറ്റവുമധികം ആർത്തിയോടെ വായിക്കുന്ന ഒരു ലിറ്റററി പീസാണ് ചലച്ചിത്ര ഓർമ്മകൾ. ഓർമ്മകളും, ചലച്ചിത്രങ്ങളും.. വല്ലാത്ത ഒരു കോമ്പിനേഷനാണത്.അങ്ങനെ വായിച്ച പുസ്തകങ്ങളിൽ നിന്നു കിട്ടിയ പേരാണ് ഷിബു ചക്രവർത്തി;മദ്രാസിലെ തെരുവുകളിൽ പൂത്തുലഞ്ഞിരുന്ന മോളിവുഡിന്റെ എൺപതുകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭാശാലി.മോഹൻലാലിനെ സൂപ്പർ സ്റ്റാറാക്കിയ, തമ്പി കണ്ണന്താനം- ഡെന്നീസ് ജോസഫ് ടീമിനെ ആ ദശാബ്ദത്തിലെ ഏറ്റവും മാരകമായ കോമ്പിനേഷനാക്കിയ, എസ്.പി. വെങ്കിടേഷെന്ന മജീഷ്യനെ മലയാളത്തിന് സമ്മാനിച്ച രാജാവിന്റെ മകനെന്ന സൂപ്പർ ഹിറ്റിനു പിന്നിലെ ഷിബു ചക്രവർത്തിയുടെ സംഭാവന ഒട്ടുമിക്കപ്പോഴും അവഗണിക്കപ്പെടാറാണ് പതിവ്. വിണ്ണിലെ ഗന്ധർവ്വ വീണകൾ പാടുന്ന സംഗീതത്തിന് വെങ്കിടേഷ് ആഘോഷിക്കപ്പെട്ടപ്പോൾ ( അദ്ദേഹം തീർത്തുമർഹിച്ചിരുന്നു എന്നത് മറ്റൊരു കാര്യം) അതിസുന്ദരമായ കൽപ്പനകളാൽ ആ ഗാനത്തിന് അനശ്വരത സമ്മാനിച്ച ഷിബു പലപ്പോഴും തഴയപ്പെടുകയായിരുന്നു.

ഗിരീഷ് പുത്തഞ്ചേരിയും,കൈതപ്രവും രംഗപ്രവേശം ചെയ്യുന്നതിനു മുൻപ് ജനപ്രിയ ഗാനരചനയിൽ എൺപതുകളിലെ സൂപ്പർസ്റ്റാർ ഷിബു ചക്രവർത്തിയായിരുന്നു. രാജാവിന്റെ മകനു ശേഷം 1986 ൽ തന്നെ പുറത്തു വന്ന ന്യായവിധി എന്ന ചിത്രത്തിൽ അയാളെഴുതിയ ഒരു പാട്ടുണ്ട് “ചെല്ലച്ചെറു വീടു തരാം പൊന്നൂഞ്ഞാലിട്ടു തരാം” എന്നു തുടങ്ങുന്ന ആ ഗാനത്തിലെ വരികൾ ശൃംഗാരത്തിന്റെ സമസ്ത ഭാവങ്ങളും ഉൾക്കൊള്ളുന്നവയാണ്.”കണ്ണൊന്നടക്കാതെ നേരം പുലര്‍ന്നിട്ടും
കള്ളക്കണ്ണാലെന്നെ മാറത്തു കെട്ടിയിട്ടു” ആ ഭാഗമെത്തുമ്പോൾ ഞാനെല്ലായ്പ്പോഴുമോർക്കും എത്രമാത്രം അണ്ടർറേറ്റഡായിരുന്നു ഈ മനുഷ്യനെന്ന്. എൺപതുകൾ മുഴുവൻ ഏറ്റു പാടിയ, ഷിബുവിനെ ആ ദശകത്തിന്റെ കൾട്ട് ഫിഗറുകളിലൊന്നാക്കിയ ശ്യാമയിലെ ചെമ്പരത്തിപ്പൂവേ ചൊല്ലൂ എഴുതപ്പെട്ടതും ആ വർഷം തന്നെയാണ്. ആ സിനിമയിലെത്തന്നെ പൂങ്കാറ്റേ പോയി ചൊല്ലാമോ പിന്നീടങ്ങോട്ട് കുറേക്കാലം ഗാനമേളകളിലെ സ്ഥിരം നമ്പറായിരുന്നു. ഏറ്റവും ലളിതമായ കൽപ്പനകളായിരുന്നു ഈ ഗാനത്തിന്റെയും പ്രത്യേകത. ഒരർത്ഥത്തിൽ അയാളുടെ ഗാനരചനാ ശൈലിയുടെ ട്രേഡ് മാർക്ക് തന്നെ ഈ ലാളിത്യമാണ്.

എൺപതുകളുടെ രണ്ടാം പാദത്തിൽ മലയാള സിനിമയിൽ തുടർച്ചയായി സൂപ്പർ ഹിറ്റുകൾ സൃഷ്ടിച്ചു കൊണ്ടിരുന്ന തമ്പി – ഡെന്നീസ്- മോഹൻലാൽ-എസ്.പി. വെങ്കിടേഷ് ടീമിന്റെ മറ്റൊരവിഭാജ്യ ഘടകമായിരുന്നു ഷിബു. ഭൂമിയിലെ രാജാക്കൻമാർ, വഴിയോരക്കാഴ്ച്ചകൾ തുടങ്ങിയ സിനിമകളിലൂടെ ഷിബു മോളിവുഡിലെ ഹോട്ടസ്റ്റ് പ്രോപ്പർട്ടികളിലൊന്നായിത്തുടങ്ങുകയായിരുന്നു. 1988ൽ മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു എന്ന ചിത്രത്തിലൂടെ അയാൾ പ്രിയദർശൻ-മോഹൻലാൽ ടീമിലേക്കും വന്നു കയറി. ലോഹിതദാസ് ഒരിക്കൽ അഭിപ്രായപ്പെട്ടതു പോലെ മലയാളിയുടെ പ്രണയബോധത്തിന്റെ ഏറ്റവും ഗൃഹാതുരമായ സ്മരണയാണ് ഓർമ്മകളോടിക്കളിക്കുവാനെത്തുന്നു എന്ന പാട്ട്. ഓർമ്മകളും, പ്രണയവും ചേർന്നൊരുക്കുന്ന ജുഗൽബന്ദി.ആ വർഷം തന്നെ ദിനരാത്രങ്ങൾക്കു വേണ്ടി ഷിബു ചക്രവർത്തിയെഴുതിയ “തിരുനെല്ലിക്കാടു പൂത്തു തിന തിന്നാൻ കിളിയിറങ്ങി ” എന്ന ഗാനം ഫോക് ലോർ സംഗീതത്തിന് ചേരുംപടി ചേരുന്ന വരികളായിരുന്നു. 1988ലാണ് ഷിബു മനു അങ്കിളിലൂടെ തിരക്കഥാകൃത്തിന്റെ വേഷം ആദ്യമായി അണിയുന്നത്. തിരക്കഥാകൃത്തായ ഡെന്നീസ് ജോസഫിന്റെ പ്രഥമ സംവിധാന സംരംഭം കൂടിയായിരുന്നു മനു അങ്കിൾ.ബോക്സ് ഓഫീസ് വിജയമായിരുന്ന ചിത്രം ആ വർഷത്തെ, കുട്ടികൾക്കു വേണ്ടിയുള്ള മികച്ച ചിത്രത്തിനുള്ള അവാർഡും നേടിയിരുന്നു.ഗൗരവതരമായ വേഷങ്ങളിൽ ശ്രദ്ധേയരായിരുന്ന മമ്മൂട്ടിയുടേയും, സുരേഷ് ഗോപിയുടെയും കരിയറുകളിലെ ഏറ്റവും ശ്രദ്ധേയമായ ലൈറ്റർ വേഷങ്ങളാണ് മനുവിന്റേതും, മിന്നൽ പ്രതാപന്റേതും.88 ൽ തന്നെ പുറത്തിറങ്ങിയ, കമൽ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമായ ഓർക്കാപ്പുറത്തിന്റെയും തിരക്കഥ ഷിബുവിന്റേതായിരുന്നു. സസ്പെൻസും, ഹ്യൂമറും സമർത്ഥമായി ബ്ലെൻഡ് ചെയ്ത ഓർക്കാപ്പുറത്തിന്റെ രചന പ്രിയദർശന്റേതായിരുന്നു എന്ന് ഞാൻ കുറേക്കാലം കരുതിയിരുന്നു.

കാസറ്റ് വിപണിയിൽ മലയാളത്തിലെ എക്കാലത്തേയും ഏറ്റവും വലിയ ട്രെൻഡ് സെറ്ററായ ചിത്രം എന്ന സിനിമയ്ക്കു വേണ്ടി ഗാനങ്ങളെഴുതിയത് ഷിബുവായിരുന്നു. തുടർന്ന് അതേ ടീമിനു വേണ്ടി അയാളെഴുതിയ വന്ദനത്തിലെ ഗാനങ്ങളും അഭൂതപൂർവ്വമായ ജനപ്രീതി നേടി.ഈ രണ്ടു ആൽബങ്ങളിലെയും എല്ലാ ഗാനങ്ങളും സൂപ്പർഹിറ്റുകളായിരുന്നു എന്നത് അത്ഭുതകരമായ വസ്തുതയാണ്.പ്രിയനു വേണ്ടിയെഴുതിയ ഒരു മുത്തശ്ശിക്കഥയിലെ ” കണ്ടാൽ ചിരിക്കാത്ത കാക്കക്കറുമ്പിയെ ” ഷിബുവിന്റെ രചനകളിലെ ഏറ്റവും വ്യത്യസ്തമായ പാട്ടുകളിലൊന്നാണ്. ഡെന്നീസ് ജോസഫിന്റെ സംവിധാനത്തിലിറങ്ങിയ അഥർവ്വം എന്ന മമ്മൂട്ടി ചിത്രത്തിനു വേണ്ടിയായിരുന്നു അയാളുടെ അടുത്ത സ്ക്രിപ്റ്റ്. അതു വരെയും നിലനിന്നിരുന്ന രചനാ സമ്പ്രദായങ്ങളെ പൊളിച്ചെഴുതിയ ഒരു സ്ക്രിപ്റ്റ് കൂടിയായിരുന്നു അഥർവ്വത്തിന്റേത്. അതർഹിക്കാത്ത പരാജയമായിരുന്നു, പക്ഷേ സിനിമ തിയേറ്ററിൽ നേരിട്ടത്. ജോഷി- ഷിബു കൂട്ടുകെട്ടിൽ പുറത്തു വന്ന നായർ സാബ് അഥർവ്വത്തിന്റെ പരാജയത്തിന്റെ കണക്കു തീർത്തു. ഒപ്പം ചിത്രത്തിലെ ഗാനങ്ങളും ശ്രദ്ധേയമായി;പ്രത്യേകിച്ചും പുഞ്ചവയലു കൊയ്യാൻ, പഴയൊരു പാട്ടിലെ എന്നീ ഗാനങ്ങൾ.ജോമോന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായ സാമ്രാജ്യത്തിന്റെ സ്ക്രിപ്റ്റും ഈ ‘മുട്ടുശാന്തിക്കാരന്റേ ‘തായിരുന്നു.ഇതേ സമയം തന്നെ അയാൾ ഒരു യന്ത്രത്തെപ്പോലെ ഹിറ്റ് ഗാനങ്ങൾ എഴുതിക്കൊണ്ടേയിരിക്കുന്നുണ്ടായിരുന്നു. അത്തരത്തിലൊന്നായ നാടുവാഴികളിലെ രാവിൻ പൂന്തേൻ എന്ന ഗാനത്തിന്റെ വരികൾ ആ പാട്ടിനു നൽകുന്ന മൂഡ് അവ്യാഖ്യേയമാണ്. 1990 ൽ പുറത്തു വന്ന നമ്പർ ട്വന്റി മദ്രാസ് മെയിലിലെ, പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം കാലാതിവർത്തിയായി നിലകൊള്ളുന്നു വെങ്കിലും, അത്രത്തോളം തന്നെ മികച്ച ഗാനമായ ചാരുമന്ദസ്മിതത്തിന് അതർഹിച്ച പരിഗണന കിട്ടിയില്ല എന്നത് വ്യക്തിപരമായി ഇപ്പോഴും സങ്കടം തോന്നുന്ന കാര്യമാണ്.

തട്ടുപൊളിപ്പൻ കമേഴ്സ്യൽ ചിത്രങ്ങളുടെ തിരക്കഥാകൃത്തിൽ നിന്നും തീരെ പ്രതീക്ഷിക്കാത്ത സ്ക്രിപ്റ്റായിരുന്നു 1991 ൽ ഷിബു എഴുതി ശിവൻ സംവിധാനം ചെയ്ത അഭയത്തിന്റേത്. കുട്ടികൾക്കു വേണ്ടിയുള്ള മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടിയ അഭയം അയാളുടെ കരിയറിലെ ഒരു പൊൻതൂവലായിരുന്നു. 1993 ൽ ധ്രുവത്തിനു വേണ്ടി ഷിബു തൂലിക ചലിപ്പിച്ചപ്പോൾ രണ്ടു മികച്ച ഗാനങ്ങൾ ജനിച്ചു.ജോഷി ചിത്രങ്ങൾക്കു വേണ്ടി എഴുതുമ്പോൾ അയാളിൽ നിന്നും കരിയറിലെ മികച്ച ഗാനങ്ങളായിരുന്നു പിറന്നു വീണത്.ബ്രഹ്മദത്തൻ എന്ന പുറത്തു വരാത്ത ചിത്രത്തിനു വേണ്ടി ഷിബു -എസ്.പി. വെങ്കിടേഷ് ടീമൊരുക്കിയ രണ്ടു ഗാനങ്ങളും(മേലേ വാനിന്റെ, ചെല്ലച്ചെറു പൂങ്കുയിലിൻ) അതീവ സുന്ദരങ്ങളായിരുന്നു. മാനത്തെ വെള്ളിത്തേരിനു വേണ്ടി ഷിബു- ജോൺസൺ ടീം സൃഷ്ടിച്ച പാട്ടുകളൊക്കെയും തന്നെ അന്നത്തെ ട്രെൻഡിനെ പൊളിച്ചെഴുതിയവയായിരുന്നു. പാശ്ചാത്യ സംഗീതത്തിന്റെ, മോളിവുഡ് അതു വരെ കണ്ടിട്ടില്ലാത്ത ഉള്ളറകൾ ഒരു മാന്ത്രികനെപ്പോലെ ജോൺസൺ തുറന്നു തന്നപ്പോൾ ആ ഈണങ്ങൾക്കൊത്ത വരികളിലൂടെ ഷിബു ചക്രവർത്തിയും നമ്മെ വിസ്മയിപ്പിച്ചു. “ഇണകള്‍ മതിവരാതെ പോകുമീ കനവു കതിരിടും വഴികളില്‍
ഇമകള്‍ ഇടവിടാതെ ചിമ്മി നിന്‍ മിഴികള്‍ മൊഴിവതോ കളവുകള്‍
നേരെല്ലാം ചൊല്ലിത്തായോ താരകളേ ആരെല്ലാം നിനക്കുണ്ടു പൂമകളേ
നീലക്കാര്‍ മേഘത്താല്‍ നീ മറച്ചു നിന്‍ മുഖം”.ഈണവും വരികളും ഗിറ്റാറിന്റെ രണ്ടു സ്ട്രിങ്ങുകളെപ്പോലെ നമ്മെ വരിഞ്ഞുമുറുക്കുന്നു. നാം ചിറകറ്റ പട്ടങ്ങളെപ്പോൽ സംഗീതാകാശത്ത് പറന്നു നടക്കുന്നു.

ഓർമ്മകളോടിക്കളിക്കുവാനെത്തുന്നു എഴുതിയ അതേ മനുഷ്യൻ തന്നെ എട്ടു വർഷങ്ങൾക്കപ്പുറം അതേ മീറ്ററിൽ വീണ്ടും ഗൃഹാതുരത്വത്തിന്റെ ചാറ്റൽ മഴ തീർക്കുകയായിരുന്നു ഒരഭിഭാഷകന്റെ കേസ് ഡയറി എന്ന ചിത്രത്തിലെ “മഴ പെയ്തു മാനം തെളിഞ്ഞ നേരം” എന്ന ഗാനത്തിലൂടെ. ഒരു റിപ്രൈസ് എന്നൊക്കെ വിളിക്കാവുന്ന തരം ലിറിക്കൽ കോമ്പോസിഷനായിരുന്നു ആ പാട്ടിന്റേത്. പതുക്കെപ്പതുക്കെ ആ പേര് മായാൻ തുടങ്ങുകയായിരുന്നു. അപ്പോഴും കിട്ടിയ അവസരങ്ങളിലൊക്കെയും മനസ്സിൽ തങ്ങുന്ന വരികളെഴുതാൻ അയാൾക്കു കഴിഞ്ഞു. മാന്തളിരിൻ പന്തലുണ്ടല്ലോ (സ്നേഹപൂർവ്വം അന്ന), കുടമുല്ലക്കടവിൽ (വെള്ളിത്തിര), എന്തേ നീ കണ്ണാ (സസ്നേഹം സുമിത്ര), നിലാവിന്റെ തൂവൽ തൊടുന്ന പോലെ (മൂന്നാമതൊരാൾ), കിനാവിലെ ജനാലകൾ (പ്രാഞ്ചിയേട്ടൻ & ദി സെയിന്റ് ),നിലാവാനിലെ(ശിഖാമണി) തുടങ്ങിയ പാട്ടുകളെല്ലാം 2000 നു ശേഷം ഷിബു ചക്രവർത്തിയിൽ നിന്നു പിറന്നവയാണ്.

ഒട്ടനവധി മികച്ച ഗാനങ്ങൾക്കു വരികളെഴുതി എന്നതിനൊപ്പം തന്നെ ഷിബു ചക്രവർത്തിയെ ഹൃദയത്തോടു ചേർത്തു നിർത്താൻ പ്രേരിപ്പിക്കുന്നത് ഏറ്റവും ഗൃഹാതുരമായ സിനിമാ സ്മൃതികളുടെ ലോകത്ത് മറ്റു പല അടയാളങ്ങൾക്കൊപ്പം അയാളുമുണ്ടായിരുന്നു എന്നതാണ്.തമ്പി കണ്ണന്താനത്തിനൊപ്പം, ഡെന്നീസ് ജോസഫിനൊപ്പം, ജോഷിക്കൊപ്പം, എസ്.പി.വെങ്കിടേഷിനൊപ്പം, പ്രിയദർശനൊപ്പം, ഔസേപ്പച്ചനൊപ്പം അങ്ങനെയങ്ങനെ എൺപതുകളെ ധന്യരാക്കിയവർക്കൊക്കെയുമൊപ്പം അയാളും എന്റെ ബാല്യകൗമാരങ്ങളെ കാമനകളുടെ പറുദീസയിലെത്തിച്ചു.അക്കാലത്തെ ചലച്ചിത്ര ഓർമ്മകളുടെ അക്ഷരരൂപങ്ങളിലൊക്കെയും, ബ്ലാക്ക് & വൈറ്റ് ചിത്രങ്ങളിൽ അയാളുമുണ്ടായിരുന്നു. ഓർമ്മകളേക്കാൾ വലിയ സമ്പാദ്യം മറ്റെന്തുണ്ട്??!

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.