ന്യൂഡൽഹി: നിരക്ക് വർധനയെ തുടർന്ന നഷ്ടമായ പ്രതിച്ഛായ തിരിച്ചുപിടിക്കാനും ആളുകൾ വൻ തോതിൽ ബിഎസ്എൻഎല്ലിലേക്ക് പോകുന്നത് തടയാനും എന്ത് ചെയ്യാൻ സാധിക്കും എന്ന ആലോചനയിലാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി റിലയൻസ് ജിയോ. ഈ ലക്ഷ്യത്തിനായി ചില പൊടിക്കൈകൾ ജിയോ പരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ വലിയ പരസ്യങ്ങളൊന്നുമില്ലാതെ ജിയോ ഒരു പുതിയ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചിരിക്കുന്നു. വെറും 11 രൂപയാണ് ഈ പ്ലാനിന്റെ നിരക്ക്. ആളുകളെ ആകർഷിക്കും വിധത്തിൽ ധാരാളം ഡാറ്റയുമായി എത്തുന്ന ഒരു ഡാറ്റ ബൂസ്റ്റർ പ്ലാൻ ആണ് ഇത്.
ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്ബനിയാണ് ജിയോ. കോടിക്കണക്കിന് വരുന്ന അതിന്റെ വരിക്കാരിൽ ഡാറ്റ ആവശ്യങ്ങൾ ധാരാളമുള്ളവർ ഏറെ ഉണ്ടാകും. പ്രത്യേകിച്ച് 4ജി സിം ഉപയോഗിക്കുന്നവർ. ഇത്തരത്തിൽ ധാരാളം ഡാറ്റ ആവശ്യമുള്ള ആളുകൾക്കായിട്ടാണ് ജിയോ പുതിയ 11 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ കൊണ്ടുവന്നിരിക്കുന്നത്. ഇന്ത്യയിലെ എല്ലാ ടെലിക്കോം സർക്കിളുകളിലുമുള്ള ജിയോ വരിക്കാർക്ക് ഈ പുതിയ പ്ലാൻ ലഭ്യമാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജിയോ വരിക്കാർക്ക് മൈജിയോ ആപ്പ് വഴിയും ജിയോ വെബ്‌സൈറ്റ് വഴിയും പുതിയ 11 രൂപ പ്ലാനിന്റെ ആനുകൂല്യങ്ങൾ അറിയുകയും റീച്ചാർജ് ചെയ്യുകയും ചെയ്യാം. ജിയോയുടെ പ്രധാന എതിരാളികളിലൊരാളായ എയർടെൽ സമാന നിരക്കിൽ ഒരു ഡാറ്റ പ്ലാൻ പുറത്തിറക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ കൂടിയാണ് പുതിയ 11 രൂപ ഡാറ്റ പ്ലാൻ ജിയോ അവതരിപ്പിച്ചിരിക്കുന്നത്.
11 രൂപയുടെ ജിയോ പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ: ജിയോയുടെ 11 രൂപ ഡാറ്റ വൗച്ചർ ഉപയോക്താവിന് ആകെ 10ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. ഇത് 4ജി ഡാറ്റയാണ്. ഈ പ്ലാനിന്റെ വാലിഡിറ്റി ആകെ 1 മണിക്കൂർ മാത്രമാണ്. എന്നാൽ ഇത് സർവീസ് വാലിഡിറ്റിയല്ല, ഈ ആനുകൂല്യത്തിന്റെ വാലിഡിറ്റി മാത്രമാണ് എന്നത് പ്രത്യേകം ശ്രദ്ധിക്കണം.
ആക്ടീവ് വാലിഡിറ്റിയുള്ള ഒരു ജിയോ പ്രീപെയ്ഡ് ഉപയോഗിക്കുന്ന വരിക്കാർക്ക് മാത്രമാണ് 11 രൂപയുടെ ഈ ജിയോ ഡാറ്റ പ്ലാൻ പ്രയോജനപ്പെടുത്താൻ കഴിയുക. ജിയോ പ്രീപെയ്ഡ് പ്ലാനുകൾ കൂടുതലും പ്രതിദിന വാലിഡിറ്റിയിലാണ് വരുന്നത്. ഇത് പലപ്പോഴും 1ജിബി, 1.5ജിബി, 2ജിബി, 2.5ജിബി എന്നിങ്ങനെ ആയിരിക്കും.
എന്നാൽ ചില ഘട്ടങ്ങളിൽ പ്രതിദിന പരിധിയിലും കവിഞ്ഞുള്ള വളരെ കൂടുതൽ ഡാറ്റ ആവശ്യമായി വരാറുണ്ട്. അത്തരം ഘട്ടങ്ങളിൽ ഉപയോക്താക്കൾക്ക് പ്രയോജനപ്പെടുത്താൻ ആയിട്ടാണ് ജിയോ 11 രൂപയ്ക്ക് 10ജിബി ഡാറ്റ ലഭ്യമാക്കിയിരിക്കുന്നത്. ഈ പുതിയ പ്ലാൻ ജിയോ പ്രീപെയ്ഡ് പ്ലാനുകളുടെ പട്ടികയിൽ ഡാറ്റ പായ്ക്കുകളുടെ വിഭാഗത്തിന് കീഴിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്.
എയർടെലിന്റെ 11 രൂപയുടെ ഡാറ്റ ബൂസ്റ്റർ പ്ലാനും സമാനമായ ആനുകൂല്യങ്ങളുമായാണ് എത്തുന്നത്. 11 രൂപയുടെ എയർടെൽ ഡാറ്റ ബൂസ്റ്റർ പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ: ഒരു മണിക്കൂർ വാലിഡിറ്റിയിൽ 10ജിബി ഡാറ്റയാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. എയർടെലിന്റെ ഏറ്റവും നിരക്ക് കുറഞ്ഞ ഡാറ്റ ബൂസ്റ്റർ പ്ലാൻ ആണ് ഇത്. മുൻപ് ഈ പ്ലാൻ 9 രൂപ വിലയിൽ ലഭ്യമായിരുന്നു.
11 രൂപയുടെ റിലയൻസ് ജിയോ, ഭാരതി എയർടെൽ പ്രീപെയ്ഡ് ഡാറ്റ ബൂസ്റ്റർ പ്ലാനുകളിൽ 1ജിബി ഡാറ്റയ്ക്ക് ഏകദേശം 1 രൂപ 1 പൈസ മാത്രമാണ് ചെലവ് വരുന്നത്. ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം അടിയന്തര ഘട്ടങ്ങളിൽ ഇത്ര കുറഞ്ഞ തുകയ്ക്ക് ഡാറ്റ ലഭ്യമാകുന്നത് ഏറെ ഉപകാരപ്രദമാണ്.