കുറവിലങ്ങാട്: കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിലെ ഉഴവുർ വില്ലേജ് പരിധിയിലെ, ഉഴവുർ ഗ്രാമപഞ്ചായത്ത് അരീക്കര നാലാം വാർഡിലെ ബ്ലോക്ക് നാലിൽ റീ സർവേ നമ്പർ 425,426 ൽ ഉൾപ്പെട്ട 45.90 ആർ സ്ഥലത്തെ അരീക്കുഴി വെള്ളച്ചാട്ട പദ്ധതികൾക്കായി സർക്കാർ ബിറ്റിആർ രേഖകളിൽ ഉള്ള പുറമ്പോക്ക് ഭൂമിയിൽ നിന്നും 470.45 മെട്രിക് ടൺ കരിങ്കല്ല് അനധികൃതമായി ഖനനം ചെയ്ത് കടത്തിയതായി പ്രാദേശിക മാധ്യമ പ്രവർത്തകരുടെ പരാതികളുടെ തുടർനടപടികൾ ഭാഗമായി റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി സമഗ്രാന്വേഷണത്തിന് ഉത്തരവ് ഇട്ടിരുന്നു. അന്വേഷണത്തിൽ പ്രാഥമിക അന്വേഷണം നടത്തിയ ജില്ലാ ജിയോളിസ്റ്റ് കോട്ടയം ജില്ലാ കളക്ടർക്ക് സ്ഥലപരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
എന്നാൽ പുറമ്പോക്ക് ഭൂമി തിട്ടപ്പെടുത്തി തുടർനടപടികൾ സ്വീകരിക്കുന്നതിൻ്റെ ഭാഗമായി ആണ് കോട്ടയം ജില്ലാ എൽ.ആർ ഡെപ്യൂട്ടി കളക്ടർ, മീനച്ചിൽ താലൂക്ക് ഭൂരേഖ തഹസിൽദാർ, ജില്ലാ സീനിയർ ജിയോളജിസ്റ്റ്, ഉഴവുർ വില്ലേജ് ഓഫീസർ, ഉഴവുർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഉൾപ്പെടെയുള്ളവർ പരാതിക്കാരൻ്റെ സാന്നിധ്യത്തിൽ അരീക്കുഴി വെള്ളച്ചാട്ടം സന്ദർശിച്ച് തെളിവെടുത്തു. ഭൂരേഖ തഹസിൽദാർ, ഉഴവുർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി, ജില്ലാ ജിയോളജി വകുപ്പ് എന്നിവരുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഡെപ്യൂട്ടി കളക്ടർ നിർദ്ദേശം നൽകി. അനധികൃത പാറഖനനം നടത്തിയതിന് കർശന നടപടി ഉണ്ടാകുമെന്ന് സംയുക്ത അന്വേഷണ സംഘം തെളിവെടുപ്പിന് ശേഷം പറഞ്ഞു. 2015-2020വാർഷിക പദ്ധതി കാലഘട്ടത്തിലാണ് യാതൊരു അനുമതിയില്ലാതെ അനധികൃതമായി പാറഖനനം നടത്തി കരിങ്കല്ല് കടത്തിയത്.