പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. 18198 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ വിജയമുറപ്പിച്ചിരിക്കുന്നത്. പത്തനംതിട്ടയിൽ നിന്ന് പാലക്കാട്ടേക്ക് എത്തിയ രാഹുൽ മാങ്കൂട്ടത്തിൽ ഇനി നിയമസഭയിലേക്ക്. ഫലപ്രഖ്യാപനത്തിന് തൊട്ടുമുമ്പും വലിയ പ്രതീക്ഷയാണ് രാഹുൽ പ്രകടിപ്പിച്ചത്. ഭൂരിപക്ഷം പറഞ്ഞില്ലെങ്കിലും വിജയിക്കുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. എന്നാൽ 10000ന് മുകളിൽ വോട്ടുകളുടെ ഭൂരിപക്ഷത്തോടെ രാഹുൽ മാങ്കൂട്ടത്തിൽ വിജയിക്കുമെന്നായിരുന്നു കോൺഗ്രസ് നേതാവ് വികെ ശ്രീകണ്ഠൻ്റെ പ്രതികരണം.
പിരായിരി പഞ്ചായത്തിൽ വോട്ടെണ്ണിയപ്പോളാണ് രാഹുലിന്റെ ലീഡ് കുത്തനെ ഉയർന്നത്. ഇവിടെ മാത്രം 6775 വോട്ട് നേടിയ രാഹുൽ ബിജെപി സ്ഥാനാര്‍ത്ഥി കൃഷ്ണകുമാറിനെക്കാൾ 4124 വോട്ടുകളുടെ മുൻതൂക്കവും പിരായിരിയിൽ നേടി. ഒൻപതാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ 10291 വോട്ട് ലീഡാണ് രാഹുലിനുള്ളത്. വമ്പൻ വിജയം രാഹുൽ ഉറപ്പാക്കിയതോടെ പാലക്കാട്ട് യു ഡി എഫ് പ്രവർത്തകർ ആഘോഷം തുടങ്ങിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പോസ്റ്റൽ വോട്ടുകളിലും ആദ്യമണിക്കൂറുകളിലും മുന്നിലായിരുന്ന ബി ജെ പി സ്ഥാനാർത്ഥി സി കൃഷ്ണകുമാറിനെ ആറാം റൗണ്ട് മുതലാണ് രാഹുൽ പിന്നിലാക്കിയത്. ബിജെപി കോട്ടകൾ പൊളിച്ചടുക്കിയാണ് രാഹുലിന്റെ കുതിപ്പ്. പാലക്കാട് ബിജെപി സ്വാധീന നഗരമേഖലയിലെ വോട്ടെണ്ണുമ്പോൾ ബിജെപി മുന്നിലായിരുന്നു. എന്നാൽ കഴിഞ്ഞ തവണത്തേക്കാൾ നഗരസഭയിൽ ഇത്തവണ ബിജെപിക്ക് വോട്ടുകൾ കുറഞ്ഞിട്ടുണ്ട്. ഇതിനൊപ്പം തന്നെ കോൺഗ്രസ് പാളയം വിട്ട് ഇടത് സ്ഥാനാർഥിയായ പി സരിനെയും രാഹുൽ നിഷ്പ്രഭനാക്കി.