ബംഗളൂരു: പുതുവല്‍സരാഘോഷത്തിന് ലഹരി വിരുന്നൊരുക്കാനുള്ള ഒരുക്കങ്ങള്‍ നടത്തിയ കോട്ടയം സ്വദേശി ബെംഗളൂരുവില്‍ അറസ്റ്റില്‍. കേരളത്തില്‍ വിവിധ സ്റ്റേഷനുകളില്‍ കേസുകളുള്ള കോട്ടയം സ്വദേശിയായ 28കാരനാണ് അറസ്റ്റിലായത്. കാപ്പാ കേസ് പ്രതി കൂടിയായ അച്ചു സന്തോഷാണ് 318 കിലോയിലേറെ കഞ്ചാവുമായി ബെംഗളൂരുവില്‍ അറസ്റ്റിലായത്. യുവതി അടക്കം രണ്ട് സഹായികളും ഇയാള്‍ക്കൊപ്പം ബെംഗളൂരുവില്‍ അറസറ്റിലായിരിക്കുന്നത്.
കഴിഞ്ഞ ദിവസം നടന്ന പൊലീസ് റെയ്ഡില്‍ രണ്ട് സംഭവങ്ങളിലായി 6.25 കോടിയുടെ ലഹരി വസ്തുക്കളാണ് പൊലീസ് പിടിച്ചെടുത്തത്. ഗോവിന്ദപുര പൊലീസാണ് ഒഡീഷയില്‍ നിന്ന് 3 കോടിയുടെ കഞ്ചാവുമായി എത്തിയ അച്ചു സന്തോഷിനേയും സഹായികളെയും അറസ്റ്റ് ചെയ്തത്. കോട്ടയം അതിരമ്പുഴ സ്വദേശിയാണ് അച്ചു സന്തോഷ്. ബംഗളൂരു സ്വദേശിയായ 29കാരൻ സമീർ ഖാൻ ഇയാളുടെ ഭാര്യയും 28കാരിയുമായ രേഷ്മ സമീർ ഖാനുമാണ് അറസ്റ്റിലായത്. 15ലേറെ കേസുകള്‍ അച്ചുവിനെതിരെയുള്ളതായാണ് പൊലീസ് വിശദമാക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അടുത്തിടെ ബെംഗളൂരുവിലെത്തിയപ്പോഴാണ് അച്ചു സന്തോഷ് സമീർ ഖാനെ പരിചയപ്പെടുന്നത്. പെട്ടന്ന് പണമുണ്ടാക്കാനും ബിസിനസ് കർണാടകയിലും വിപുലമാക്കാനുമുള്ള അച്ചുവിന്റെ ആശയത്തില്‍ താല്‍പര്യം തോന്നിയതോടെ സമീറും ഇയാള്‍ക്കൊപ്പം കൂടുകയായിരുന്നു. സമീറിന്റെ മാരുതി എർട്ടിഗയില്‍ ഒഡിഷയിലെത്തി കഞ്ചാവുമായി മടങ്ങി വരുന്നതിനിടയിലാണ് ഇവർ പൊലീസ് പരിശോധനയില്‍ കുടുങ്ങിയത്. കഞ്ചാവും ഇവർ ഉപയോഗിച്ച മൊബൈല്‍ ഫോണുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കിയ ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.