കൊച്ചി : എ ഐ ക്യാമറകള്‍ എല്ലാം കണ്ണും പൂട്ടിയിരിക്കുകയാണ് എന്ന് കരുതി ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും ഒന്നുമില്ലാതെ തെക്കുവടക്ക് വാഹങ്ങളില്‍ പാഞ്ഞവർക്ക് എല്ലാം മുട്ടൻ പണി കിട്ടിയിരിക്കുകയാണ്. പിഴ ഈടാക്കുന്ന ചലാനുകള്‍ ഒന്നും കുറച്ചുകാലമായി കിട്ടാതിരുന്നതിനാല്‍ നാട്ടിലെ എ ഐ ക്യാമറകള്‍ എല്ലാം തന്നെ പണിമുടക്കി എന്ന് കരുതി നിയമങ്ങള്‍ ലംഘിച്ചവർക്ക് ‘വലിയപിഴ’ ഒടുക്കേണ്ടതായ അവസ്ഥയാണിപ്പോള്‍.
ചെലാനുകള്‍ അയക്കുന്ന പ്രക്രിയ കെല്‍ട്രോണ്‍ പുനരാരംഭിച്ചിരിക്കുകയാണ്. ഇതുവരെ കെല്‍ട്രോണിന് സംസ്ഥാന സർക്കാർ നല്‍കാനുണ്ടായിരുന്ന കുടിശിക തുക നല്കി തീർത്തതോടെയാണ് വീണ്ടും എ ഐ ക്യാമറയുടെ പ്രവർത്തനങ്ങള്‍ സാധാരണ നിലയിലേക്ക് എത്തിയത്.നിലവില്‍ 80 ലക്ഷം പേരില്‍ നിന്ന് 500 കോടി രൂപയോളം പിഴയീടാക്കാൻ ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇവ സ്ഥാപിക്കുന്ന സമയത്ത് പല എതിർപ്പുകളും ഒട്ടനവധി വിവാദങ്ങളും ഉണ്ടായെങ്കിലും സംസ്ഥാനത്തെ ഗതാഗത നിയമലംഘനങ്ങള്‍ കൃത്യമായി തടയുന്നതിനൊപ്പം സർക്കാരിന് കാര്യമായ ഒരു വരുമാന മാർഗം കൂടിയാവുകയാണ് നിരത്തുകളിലെ ഈ എ ഐ ക്യാമറകള്‍ എന്ന് നിസംശയം പറയാം.കഴിഞ്ഞ 2023 ജൂലൈയിലാണ് കേരള സർക്കാർ 232 കോടി രൂപ ചെലവില്‍ സംസ്ഥാനത്തെ പൊതുമരാമത്ത് പാതകളില്‍ 732 എ ഐ ക്യാമറകള്‍ കെല്‍ട്രോണിന്റെ സഹായത്തോടെ സ്ഥാപിച്ചത്. ഈ ക്യാമറകളില്‍ കുടുങ്ങുന്ന നിയമലംഘനങ്ങള്‍ക്ക് പിഴയടയ്ക്കാനുള്ള ചലാൻ അയക്കാനുള്ള ചുമതലയും കെല്‍ട്രോണിനാണ് എന്ന നിലയിലാണ് അന്ന് പദ്ധതി നടപ്പിലാക്കിയത്. ഈ പറഞ്ഞ നടപടിക്രമങ്ങള്‍ക്കും ചുമതലകള്‍ക്കും എല്ലാം ചേർത്ത് മൂന്ന് മാസത്തില്‍ ഒരിക്കല്‍ 11.6 കോടി രൂപവീതം ധനവകുപ്പ് കെല്‍ട്രോണിന് നല്‍കണം എന്നായിരുന്നു കരാർ വ്യവസ്ഥ. ഈ തുകയില്‍ കുടിശ്ശികയായിരുന്ന കഴിഞ്ഞ നാലുതവണകള്‍ എല്ലാം തീർക്കാൻ ധനവകുപ്പ് ഫണ്ട് അനുവദിച്ചതോടെയാണ് കെല്‍ട്രോണ്‍ വീണ്ടും പ്രവർത്തനങ്ങള്‍ തുടങ്ങിയത്. ഈ കഴിഞ്ഞ സെപ്റ്റംബറില്‍ നല്‍കേണ്ടിയിരുന്ന തുക മാത്രമാണ് ഇനി ഇതിനായി അനുവദിക്കാനുള്ളത്.2023 ജൂലൈ മുതല്‍ ഇതുവരെ നിരത്തുകളിലെ 80 ലക്ഷത്തോളം നിയമ ലംഘനങ്ങളാണ് സംസ്ഥാനത്ത് പലയിടത്തായി സ്ഥാപിച്ചിരിക്കുന്ന എ ഐ ക്യാമറകളില്‍ പതിഞ്ഞത് എന്നത് ശ്രദ്ധേയമാണ്. ചെറുതും വലുതമായ ഇവയില്‍ എല്ലാം തന്നെ അധികൃതർ പിഴ ഈടാക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പദ്ധതിയുടെ തുടക്കത്തില്‍, ആദ്യ മൂന്നുമാസങ്ങളില്‍ കുറച്ചുപേർക്കെല്ലാം ചലാൻ ലഭിച്ചിരുന്നു. എന്നാല്‍ കണക്കില്‍ വന്നിരിക്കുന്ന 80 ലക്ഷം പേരില്‍ വലിയൊരു വിഭാഗവും, ക്യാമറ പ്രവർത്തിക്കുന്നില്ല എന്ന പ്രചാരണം വിശ്വസിച്ച് അറിഞ്ഞും അറിയാതെയും ആവർത്തിച്ച് ഗതാഗത നിയമലംഘനം നടത്തിയവരാണ് എന്നതാണ് വാസ്തവം. ഇത്തരക്കാരെ കാത്തിരിക്കുന്നത് ഞെട്ടിക്കുന്ന തരത്തിലുള്ള വലിയൊരു തുകയായിരിക്കും. എം. പരിവാഹൻ സൈറ്റില്‍ വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്ബർ നല്കി വാഹനം ഏതെങ്കിലും നിയമലംഘനങ്ങളില്‍ പെട്ടിട്ടുണ്ടോ എന്നും മുൻകൂട്ടി അറിയാനാവും.
എ ഐ ക്യാമറകള്‍ ഒന്നും വർക്കിംഗ് അല്ല എന്ന് വിശ്വസിച്ച് എപ്പോള്‍ എങ്കിലും നിയമ ലംഘനങ്ങള്‍ നടത്തിയതായി തോന്നുന്നുണ്ട് എങ്കില്‍ ഒട്ടും താമസിക്കേണ്ട, ഈ സൈറ്റില്‍ കയറി ഒന്നു നോക്കിയയേക്ക്. പെട്ടെന്ന് ഫോണില്‍ എസ് എം എസ് കണ്ട് ഞെട്ടേണ്ട അവസ്ഥ വരില്ല. ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ്, യെല്ലോ ലൈൻ ക്രോസിംഗ്, ട്രാഫിക് സിഗ്നല്‍ ക്രോസിംഗ് എന്നിവയ്ക്ക് എല്ലാം ചലാനുകള്‍ ലഭിക്കാനിടയുണ്ട്. എ ഐ ക്യാമറകള്‍ വർക്കിംഗ് അല്ല എന്ന് കരുതിയ കാലയളവില്‍ നിങ്ങള്‍ ഇത്തരത്തില്‍ എന്തെങ്കിലും ചെയ്തിട്ടുണ്ട് എങ്കില്‍ താമസിയാതെ തന്നെ കുറുപ്പടി രജിസ്റ്റേർഡ് മൊബൈല്‍ നമ്ബറിലേക്ക് വന്നോളും. പിഴയിനത്തില്‍ പിരിഞ്ഞു കിട്ടാനുള്ള 500 കോടി രൂപ ലഭ്യമായാല്‍ ഈ സംവിധാനത്തിനായി സംസ്ഥാന സർക്കാരിന്റെ മുടക്കു മുതലിന്റെ ഇരട്ടി ലഭിക്കും.