റിയാദ്: കാത്തിരിപ്പിനൊടുവിൽ സർവീസ് ആരംഭിക്കാനൊരുങ്ങി റിയാദ് മെട്രോ. നവംബർ 27 മുതൽ സർവീസ് ആരംഭിക്കും. ആദ്യ ഘട്ടമായി ഒലയ-ബത്ഹ-അൽ ഹൈർ ബ്ലൂ ലൈൻ, കിങ് അബ്ദുല്ല റോഡിന് സമാന്തരമായ റെഡ് ലൈൻ, അബ്ദുൽ റഹ്മാൻ ബിൻ ഔഫ് റോഡിനും ശൈഖ് ഹസന്‍ ബിന്‍ ഹുസൈന്‍ റോഡിനും സമാന്തരമായ വയലറ്റ് ലൈനുകളിലാണ് സർവീസ് നടത്തുക. തുടക്കത്തിൽ മൂന്ന് ട്രാക്കുകളിലാണ് സർവീസ്. അവശേഷിക്കുന്ന മൂന്ന് ലൈനുകളിൽ ഡിസംബർ അഞ്ച് മുതൽ ട്രെയിൻ സർവിസ് ആരംഭിക്കും.
മദീന മുനവ്വറ റോഡിനും സഊദ് ബിൻ അബ്ദുൽ റഹ്മാൻ അൽ അവ്വൽ റോഡിനും സമാന്തരമായ ഓറഞ്ച് ലൈൻ, റിയാദ് കിങ് ഖാലിദ് ഇൻറർനാഷനൽ എയർപ്പോർട്ടിൽനിന്നുള്ള യെല്ലോ ലൈൻ, കിങ് അബ്ദുൽ അസീസ് റോഡിന് സമാന്തരമായ ഗ്രീൻ ലൈൻ എന്നിവയിലൂടെ ബാക്കി ട്രെയിനുകൾ കൂടി ഓട്ടം ആരംഭിക്കുന്നതോടെ റിയാദ് മെട്രോ റെയിൽ പദ്ധതി പൂർണമാവും. റിയാദ് സിറ്റി റോയൽ കമീഷനാണ് മെട്രോയുടെ നടത്തിപ്പുകാർ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം മെട്രോയുടെ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചിട്ടില്ല. ഉദ്ഘാടന ഘട്ടത്തിൽ 20-30 ശതമാനത്തോളം നിരക്കിളവുണ്ടാകും. മിക്ക സ്റ്റേഷനുകളും വെയർഹൗസുകളും സൗരോർജമുപയോഗിച്ചാണ് പ്രവർത്തിക്കുക. ലോകത്തിലെ തന്നെ ഏറ്റവും വലിയ ദൈർഘ്യമേറിയ ഡ്രൈവറില്ലാ മെട്രോയാണിത്. സൗദിയുടെ തലസ്ഥാനമായ റിയാദ് നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനായി മെട്രോ സഹായിക്കും. 2012 ഏപ്രിൽമാസത്തിലാണ് സൗദി മന്ത്രിസഭ മെട്രോ പദ്ധതിയ്ക്ക് അനുമതി നൽകിയത്.